കൊച്ചി: ഭൂമി സംബന്ധമായ റവന്യു വകുപ്പ് സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് റെലിസ് പദ്ധതിക്ക് (റവന്യു ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ജില്ലയില്‍ തുടക്കമാകുന്നു. പാലക്കാട് രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് കീഴില്‍ 16 വില്ലേജ് ഓഫീസുകളില്‍ വിജയകരമായി നടപ്പാക്കിയതാണ് പദ്ധതി. പാലക്കാടിന് പിന്നാലെ രണ്ടാം ഘട്ടത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് റെലിസ് നടപ്പാക്കുന്നത്. അടുത്ത 45 ദിവസത്തിനകം ഈ ജില്ലകളിലെ 300 വില്ലേജുകളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
ജില്ലയില്‍ റീസര്‍വ്വെ കഴിഞ്ഞ 95 വില്ലേജുകളില്‍ പദ്ധതിക്ക് തുടക്കമിടുകയാണെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തഹസീല്‍ദാര്‍മാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കഴിഞ്ഞ ദിവസം ഏകദിനശില്പശാല സംഘടിപ്പിച്ചിരുന്നു. അടുത്തയാഴ്ച്ച വീണ്ടും പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാന ഐ.ടി.സെല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, രജിസ്ട്രേഷന് വകുപ്പ്, അക്ഷയ, സി-ഡിറ്റ് എന്നിവയുടെ സംയുക്ത സംരംഭമാണ് റെലിസ്. പദ്ധതിക്കാവശ്യമായ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ്. ജില്ലകളില്‍ ജില്ല ഐ.ടി സെല്ലുകളായിരിക്കും എന്‍.ഐ.സി സഹകരണത്തോടെ പദ്ധതി നടപ്പാക്കുക.
റെലിസ്് പദ്ധതി നടപ്പാക്കുന്നതോടെ പോക്കുവരവ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുമെന്നതാണ് പ്രധാന നേട്ടം. നിലവില്‍ പരാതിക്കുള്ള സമയമായ 30 ദിവസത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും പോക്കുവരവ് ചെയ്യാമെങ്കിലും കാലതാമസം ഏറെയുള്ളതായി പരാതിയുണ്ട്. റെലിസ്് പദ്ധതിയില്‍ 30 ദിവസത്തിനുശേഷം ഒരാഴ്ചയ്ക്കകം പോക്കുവരവ് ചെയ്തിരിക്കണം.
ഇതു സംബന്ധിച്ച എല്ലാ ഫയല്‍ നീക്കങ്ങളും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ ഒരാഴ്ച കഴിയുന്ന കേസുകള്‍ ഉള്‍പ്പെടെ എല്ലാം അതത് ഓഫീസുകളുടെ മുകളിലുള്ള ഓഫീസുകളില്‍ അറിയാനാകും. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിക്ക് കീഴിലുള്ള ഇ-ജില്ലയിലെ പ്രധാന സംരംഭങ്ങളിലൊന്നാണ് റീലിസ്.
അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഭൂമി കൈമാറ്റ മേഖലയിലും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാവുമെന്നതാണ് മറ്റൊരു നേട്ടം. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി വില്ലേജ് ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കി ഇതിനുള്ള അപേക്ഷ അക്ഷയ വഴി സമര്‍പ്പിക്കാനാവും. വില്ലേജില്‍ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രജിസ്ട്രാര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യാനാകും. ഓണ്‍ലൈന്‍ വഴിയായതിനാല്‍ കാലതാമസവും ഒഴിവാകും. രജിസ്ട്രേഷന് സംബന്ധമായ കാര്യങ്ങള്‍ക്കായി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പും ശേഖരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: