കണ്ണൂര്‍: സിഎംപിക്ക് ലഭിച്ച ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാഘവന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തില്‍ സിഎംപി തീര്‍ത്തും അസംതൃപ്തിയിലാണ്. ഘടകകക്ഷികളുമായി യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കോണ്‍ഗ്രസ്-ലീഗ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും രാഘവന് പറഞ്ഞു. അഞ്ചാം മന്ത്രിയെക്കൊണ്ട് കുഞ്ഞാലിക്കുട്ടിയോ ഉമ്മന്‍ചാണ്ടിയോ രക്ഷപ്പെടില്ല. ഘടകകക്ഷികളുമായി ആലോചിക്കാതെ എന്തും ചെയ്യാമെന്ന ധാരണ ശരിയല്ല. യുഡിഎഫ് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സിപിഎം തീരുമാനം അപമാനകരമാണ്. ബംഗാളില്‍ സിപിഎമ്മിന്റെ ചുവന്ന കൊടിയോ ചുവപ്പന്‍ പ്രകടനമോ ഇന്ന് കാണാന്‍ സാധിക്കില്ല. സിപിഎം അതിക്രമം കാരണം ബംഗാളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ മമതയും ഇപ്പോള്‍ അക്രമത്തിന്റെ പാതയിലാണെന്നും രാഘവന് പറഞ്ഞു. സിഎംപിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 13 മുതല്‍ 16 വരെ കോട്ടയത്ത് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സിഎംപി നേതാക്കളായ സി.കെ.നാരായണന്, കെ.കെ.ബാലകൃഷ്ണന്, സി.എ.അജീര്‍, കെ.കെ.നാണു, ശശീന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: