കോട്ടയം: രാഷ്ട്രീയ സ്വരക്ഷാ ബിമായോജന (ആര്‍എസ്ബിവൈ) പദ്ധതിയില്‍നിന്നും പിന്മാറാന് സ്വകാര്യ ആശുപത്രികള്‍ തിരുമാനിച്ചു. ഇതോടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലാകുമെന്നുറപ്പായി. രണ്ടായിരത്തിഅഞ്ഞൂറ് സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പങ്കാളികളാകാന്‍ തയ്യാറായ സ്വകാര്യ ആശുപത്രികള്‍ 138 എണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് നൂറില്‍ താഴെ മാത്രമായി കുറഞ്ഞിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായ 45 ആശുപത്രി മാനേജ്മെന്റ് അസോസിയേഷനായ ആര്‍എസ്ബിവൈ ലിന്കിസ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് ഓഫ് കേരളയുടെ കോട്ടയത്ത് നടന്ന യോഗത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ട എന്ന തീരുമാനമെടുത്തിരിക്കുന്നത്.
അപ്രായോഗികവും അശാസ്ത്രീയവുമായ നിരക്കുകളാണ് പദ്ധതിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാന ആരോപണം. ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സതേടിയെത്തുന്ന ജനറല്‍ കേസുകള്‍ക്ക് ഒരു രോഗി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ എല്ലാ ചിലവുകളും ഉള്‍പ്പെടെ 500 രൂപാ മാത്രമാണ് കിട്ടുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടാല്‍ ആയിരം രൂപ മാത്രമാണ് ഒരു രോഗിക്ക് കിട്ടുന്നത്. എന്നാല്‍ ജീവന് രക്ഷാ മരുന്നുകള്‍ക്ക് ഇരട്ടിവില നല്‍കേണ്ടിവരുന്നു.
ഏപ്രില്‍ ഒന്നിന് പുതിയ ചികിത്സാ പാക്കേജ് പുതുക്കി നല്‍കിയെങ്കിലും കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് അസോസിയേഷന്റെ ആരോപണം. സൂപ്പര്‍ സ്പെഷ്യല്‍ ആശുപത്രിയില്‍ മാത്രം ചെയ്യാവുന്ന അപൂര്‍വ്വം ശസ്ത്രക്രിയക്കു മാത്രം തുക വര്‍ദ്ധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും അസോസിയേഷന് ആരോപിക്കുന്നു. പ്രസവാനുകൂല്യവും തിമിര ശസ്ത്രക്രിയക്കായി ലഭിച്ചിരുന്ന ആനുകൂല്യവും വെട്ടിക്കുറയ്ക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിക്കും സര്‍ക്കാര്‍ ആശുപത്രിക്കും ഒരേ താരിഫ് നിശ്ചയിച്ച നടപടിയും തെറ്റാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. അസോസിയേഷന് പ്രസിഡന്റ് ഡോ. പി.എം. മത്തായി, സെക്രട്ടറി ഡോ. ഷബീര്ക്കലി, ഡോ. ഓ.വി. ആഗസ്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: