തിരുവനന്തപുരം: മുസ്ലീംലീഗ് പ്രഖ്യാപിച്ച അഞ്ചാംമന്ത്രി പ്രശ്നം പരിഹാരമാകാതെ നീളുന്നു. അതിനുവേണ്ടി മന്ത്രിസഭയിലുണ്ടാകുന്ന ഇളക്കിപ്രതിഷ്ഠ കോണ്‍ഗ്രസ്സിനെ ചുറ്റിക്കുകയാണ്. കേരളത്തില്‍ തലങ്ങും വിലങ്ങും നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. മുസ്ലീംലീഗുകാര്‍ ഇതിനിടയില്‍ കോട്ടയ്ക്കല്‍ ഗസ്റ്റ് ഹൗസില്യോഗം ചേര്‍ന്ന് നിലപാട് ആവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇ.അഹമ്മദിന് കാബിനറ്റ് പദവിയോ സ്വതന്ത്രചുമതലയോ നല്കിയാല് അഞ്ചാംമന്ത്രി നിലപാടില്‍ അയവുവരുത്താന്‍ ധാരണയായതായി സൂചനയുണ്ട്. നാലില്‍ ഒരു മന്ത്രിയെ പിന്‍വലിച്ച് പകരം മഞ്ഞളാംകുഴി അലിക്ക് നല്കിയ വാക്ക് പാലിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. എന്നാലും ഒരു രാജ്യസഭാസീറ്റുകൂടി ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സ്പീക്കറാകാന്‍ എം.കെ.മുനീര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കാബിനറ്റ് പദവി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത് തടയാന്‍ അഹമ്മദ് വിരുദ്ധ ലോബി ശ്രമം തുടങ്ങിക്കഴിഞ്ഞു. മുസ്ലിംലീഗിന് അഞ്ചാമതൊരു മന്ത്രിസ്ഥാനം നല്കാന് കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അത് യോജിച്ച അഭിപ്രായമല്ല. സ്പീക്കര്‍സ്ഥാനത്തേക്ക് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പേരും പരിഗണിക്കുന്നുണ്ട്. യു.ഡി.എഫിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിയമസഭ കൈകാര്യം ചെയ്യാന്‍ ഇബ്രാഹിംകുഞ്ഞിന് എത്രമാത്രം കഴിയും എന്ന കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം ഔദ്യോഗികമായി ലീഗ് അഞ്ചാംമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് അഭ്യര്‍ത്ഥിച്ചാല്‍ ലീഗിന് വിസമ്മതം പറയാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും. ഉപമുഖ്യമന്ത്രി പദത്തേക്കാള്‍ വലുതാണ് കെ.പി.സി.സി പ്രസിഡന്റ് പദമെന്ന് രമേശ് ചെന്നിത്തല പറഞ്ഞെങ്കിലും ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് രണ്ടു മനസാണ് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. രമേശ് ഉപമുഖ്യമന്ത്രിയാകട്ടെ എന്ന നിര്‍ദ്ദേശം വന്നത് ഹൈക്കമാന്‍ഡില്‍ നിന്നാണ് എന്നതും ശ്രദ്ധിക്കണം. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം രമേശിന് തട്ടിക്കളയാനാവില്ല.
അതേസമയം രമേശിനോട് അടുപ്പമുള്ള സഹപ്രവര്‍ത്തകര്‍ അദ്ദേഹം കെപിസിസി പ്രസിഡന്റ് പദം ഉപേക്ഷിക്കുന്നതിനോട് യോജിക്കുന്നില്ല. ഏതായാലും സാഹചര്യം എങ്ങനെ ഉരിത്തിരിയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹം ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. രമേശ് ഉപമുഖ്യമന്ത്രിയായാല്‍ ആഭ്യന്തരം വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാവുമെന്ന് തോന്നുന്നില്ല. പകരം റവന്യു, ദേവസ്വം തുടങ്ങിയ വകുപ്പുകള്‍ നല്‍കും. രമേശിനെ പിന്നോട്ടാക്കുന്നതും അതുതന്നെ.
സ്പീക്കര്‍സ്ഥാനം ഒഴിയുന്നതിനോട് ജി കാര്ത്തികേയന് മാനസികമായി താല്പര്യമില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ തല്‍ക്ഷണം ഒഴിയും എന്ന നിലപാടിലാണ് അദ്ദേഹം. പകരം മന്ത്രിയാകാനില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചാല്‍ അതും അനുസരിക്കും. കാര്‍ത്തികേയനും രമേശും സ്ഥാനം ഒഴിയുന്നതില്‍ എതിരുനില്‍ക്കുന്ന കെ.മുരളീധരന്റെ തന്ത്രം ‘ബെടക്കാക്കി തനിക്കാക്കുക’ എന്നതാണെന്ന് എതിര്‍ചേരിക്കാര്‍ പിറുപിറുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: