ന്യൂദല്‍ഹി: മുംബൈ നഗരത്തില്‍ നടന്ന വന്‍ ഭൂമിതട്ടിപ്പില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിയായ വിലാസ് റാവു ദേശ്മുഖിന് പങ്കുണ്ടെന്ന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. കോണ്‍ഗ്രസ് നേതാവായ ദേശ്മുഖ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചുനല്‍കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ മറ്റൊരു പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. ദേശ്മുഖ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുംബൈ നഗരത്തിലെ ബോറിവലി മേഖലയില്‍ കോടികള്‍ വിലമതിക്കുന്ന 23,840 ചതുരശ്രമീറ്റര്‍ വരുന്ന സ്ഥലം സ്വന്തം താല്പര്യപ്രകാരം മഞ്ചാര ചാരിറ്റബിള്‍ ട്രസ്റ്റിന് ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി പതിച്ചുനല്‍കിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ദന്തല്‍ കോളേജ് തുടങ്ങുന്നതായി 2005, സപ്തംബര്‍ എട്ടിനാണ് ഭൂമി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ട് സഭയില്‍ വെച്ചിട്ടില്ലെങ്കിലും ദേശ്മുഖിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പുമന്ത്രിയാണ് ദേശ്മുഖ്. കേന്ദ്രമന്ത്രിക്കെതിരെയുള്ള ഗുരുതരമായ ആരോപണം പ്രതിപക്ഷത്തിന് മുന്നില്‍ കത്തുന്ന മറ്റൊരു വിഷയംകൂടിയായി. ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രികൂടിയാണ് ഇദ്ദേഹം. നിസാരവിലക്ക് സ്ഥലം അനുവദിച്ചുകൊടുത്തത് ദേശ്മുഖിന്റെ സ്വന്തം ട്രസ്റ്റിനാണെന്നും റിപ്പോര്‍ട്ടുണ്ട്. ദേശ്മുഖിനെ കൂടാതെ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിമാരായ നാരായണ്‍ റാണെ, ഛഗ്ഗന്‍ ഭൂജ്ബാല്, രാധാകൃഷ്ണ വിടെ പാട്ടീല്‍, പതംഗറാവു കദം എന്നിവര്‍ക്കും ഭൂമി തട്ടിപ്പില്‍ പങ്കുള്ളതായി സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്‍മന്ത്രിമാരായ നിതിന്‍ റൗട്ട്, വസന്ത് പുര്കെ, അജിത് ഘോര്‍പഡെ എന്നിവര്‍ ആശീര്‍വാദ സഹകരണ ഭവന സൊസൈറ്റിയില്‍ വീടുകള്‍ കിട്ടുന്നതിനായി കുറഞ്ഞ വരുമാനം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ വെച്ച ശേഷം നടപടികളെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന് പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2004 ല്‍ ബോളിവുഡ് നിര്‍മാതാവ് സുഭാഷ് ഘാതിക്ക് ചട്ടങ്ങള്‍ ലംഘിച്ച് 20 ഏക്കര്‍ സ്ഥലം അനുവദിച്ചുകൊടുത്തതിന് ദേശ്മുഖിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഭൂമിതട്ടിപ്പില്‍ പങ്കുള്ളവരായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു. ആദര്‍ശ് കുംഭകോണത്തിന് പിന്നാലെ മഹാ ആദര്‍ശ കുംഭകോണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി ചൂണ്ടിക്കാട്ടി. ഒന്നിന് പുറകെ ഒന്നായി കുംഭകോണങ്ങളില്‍പ്പെട്ട് വലയുന്ന കേന്ദ്രസര്‍ക്കാര്‍. പുതിയ കുംഭകോണത്തെക്കുറിച്ച് ഊര്‍ജിത അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുതരമായ സംഭവമാണ് പുറത്തുവന്നിരിക്കുന്നതെന്നും സിബിഐയും മറ്റ് അന്വേഷണ ഏജന്‍സികളും ഇടപെട്ട് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ഡി. രാജ ആവശ്യപ്പെട്ടു.
വന്‍ ഭൂമി തട്ടിപ്പില്‍ ആരോപണവിധേയനായ ദേശ്മുഖ് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കണമെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് ആവശ്യപ്പെട്ടു.
ഇതേസമയം, ഭൂമിതട്ടിപ്പില്‍ പങ്കുണ്ടെന്ന സിഎജിയുടെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ വിലാസ്റാവു ദേശ്മുഖ് വിസമ്മതിച്ചു. ചോര്‍ന്നുകിട്ടിയ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ വെച്ചശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശ്മുഖിനെതിരെയുള്ള ആരോപണം മഹാരാഷ്ട്ര നിയമസഭയിലും വന്ബഹളത്തിനിടയാക്കി. റിപ്പോര്‍ട്ട് ഉടന്‍ സഭയില്വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതിനിടെ, കേന്ദ്രഭരണകൂടത്തെ അട്ടിമറിക്കാന്‍ സൈനികനീക്കം നടന്നതായുള്ള റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധമാണെന്ന് ഇന്ത്യയുടെ സൈനിക മേധാവി ജന. വി.കെ. സിംഗ് അവകാശപ്പെട്ടു. ഹരിയാനയിലെ ഹിസാര്‍, ആഗ്ര എന്നിവിടങ്ങളില്‍നിന്ന് ആയുധശേഖരങ്ങളുമായി വന്‍ സൈനികവ്യൂഹം ന്യൂദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവെന്ന പത്രവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാള്‍ തലസ്ഥാനത്ത് മൂന്ന് ദിവസത്തെ സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് ജന. സിംഗ്. അട്ടിമറി നീക്കം സംബന്ധിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും നേരത്തെ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: