കോഴിക്കോട്: ഇടതു ജനാധിപത്യ ബദല്‍ ഉയര്‍ന്നുവരുന്നതിന് ആദ്യമായി സിപിഎം ശക്തിപ്പെടണമെന്നും രാജ്യത്താകമാനം സ്വാധീനം വര്‍ധിപ്പിക്കണമെന്നുമുള്ള സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഉദ്ഘാടന പ്രസംഗത്തിന് മുതിര്‍ന്ന സിപിഐ നേതാവ് എ.ബി. ബര്‍ദാന്റെ തിരുത്ത്. “ഫലപ്രദമായ ഇടതുപക്ഷ ബദല്‍ ഉയര്‍ന്നുവരണമെങ്കില്‍ സിപിഎമ്മും സി.പി.ഐയും തമ്മില്‍ ഐക്യപ്പെടണം. സിപിഎം ശക്തിപ്പെടണമെന്ന നിങ്ങളുടെ ആഗ്രഹത്തെ സ്വാഗതം ചെയ്യുന്നു. അതുപോലെ സിപിഐയും ശക്തിപ്പെടണം. വളര്‍ച്ച പരസ്പരം പൂരകമായിരിക്കണം. രണ്ടുപാര്‍ട്ടികളും തമ്മില്‍ വ്യത്യസ്തകളുണ്ടെങ്കിലും യോജിപ്പിന്റെ മേഖലകളാണ് കൂടുതല്‍” ബര്ദാന് പറഞ്ഞു. സിപിഐ-സിപിഎം ഐക്യത്തിലൂടെ മാത്രമേ ഇടതുബദല്‍ രൂപപ്പെടൂ എന്ന് ബര്ദാന് വ്യക്തമാക്കി.
സിപിഐ- സിപിഎം ബന്ധം ശക്തിപ്പെടുത്തുന്നതിന് പാര്‍ട്ടി സെക്രട്ടറിമാരുടെ കൂടിച്ചേരലിന് വ്യവസ്ഥാപിത സ്വഭാവം ഉണ്ടാവണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ എപ്പോഴെങ്കിലും ഒരുമിച്ചു കൂടുന്ന പതിവിന് പകരം നിരവധി തവണ ഒരുമിച്ചു ചേര്‍ന്ന് ആശയവിനിമയം നടത്തണം. രണ്ടുമൂന്ന് ദശകങ്ങളായി സിപിഐയും സിപിഎമ്മും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. സംയുക്തനീക്കം ഇടതു ഐക്യത്തെ ബലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായുള്ള ബന്ധത്തെ സുവ്യക്തമായി നിര്‍വ്വചിക്കണം- ബര്ദാന് നിര്‍ദ്ദേശിച്ചു.
തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങളൊരിക്കലും വിദേശമാതൃകകളെ അനുകരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് വിപ്ലവപാതയാണ് സിപിഎം സ്വീകരിച്ചതെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. “സംഘടനാപരമായും രാഷ്ട്രീയപരമായും നേരിടുന്ന നിരവധി ദൗര്‍ബല്യങ്ങളും കുറവുകളും പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തിരുത്താനുള്ള നടപടി പാര്‍ട്ടി സ്വീകരിക്കും” ഉദ്ഘാടന പ്രസംഗത്തില്‍ കാരാട്ട് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ്സിന് തുടക്കം കുറിച്ചുകൊണ്ട് ഏറ്റവും മുതിര്‍ന്ന നേതാവ് ആര്. ഉമാനാഥ് പതാക ഉയര്‍ത്തി. മാതാ പേരാമ്പ്ര അവതരിപ്പിച്ച മുദഗാനം, പി.കെ. ഗോപി രചിച്ച അഭിവാദ്യഗീതം എന്നിവയും ഉണ്ടായി. രക്തസാക്ഷിസ്തൂപത്തില്‍ പുഷ്പാര്ച്ചനക്കുശേഷം സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. എസ്. രാമചന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു പിണറായി വിജയന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രകാശ്കാരാട്ട് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. എസ്. രാമചന്ദ്രന്‍പിള്ള അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: