ഹിന്ദു സമൂഹത്തില്‍ ആത്മാഭിമാനം ഉണര്‍ത്തി സാമൂഹ്യനീതി ഹിന്ദു ഐക്യത്തിലൂടെ? എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി അതിന്റെ ഏഴാം സംസ്ഥാന സമ്മേളനം നിരവധി സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്ന ചരിത്രവും സംസ്കാരവും പാരമ്പര്യവുമെല്ലാം സമ്മേളിക്കുന്ന ആലുവയില്‍ ഇന്നുമുതല്‍ മൂന്ന് ദിവസങ്ങളിലായി (ഏപ്രില്‍ 6, 7, 8) നടക്കുകയാണ്.
ഹൈന്ദവ ജനത അതിരൂക്ഷമായ വെല്ലുവിളികളേയും ഭീഷണികളേയും അഭിമുഖീകരിച്ചുവരുന്ന വളരെ സങ്കീര്‍ണ്ണമായ സാമൂഹ്യ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം ആലുവയില്‍ നടക്കുന്നത്. ഹിന്ദു സമൂഹത്തെ ഈ വിപത്സന്ധിയില്‍ നിന്നും എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ച് കൂട്ടായ ചിന്തയും ആശയവിനിമയവും നടത്തി പൊതുവായ പ്രവര്‍ത്തന പദ്ധതിക്ക് രൂപം കൊടുക്കേണ്ട സന്ദര്‍ഭമാണിത്. നവോത്ഥാന മുന്നേറ്റത്തിന് കാരണക്കാരായ ശക്തികള്‍ പിന്നീട് സമുദായ സംഘടനകളായി തരംതിരിഞ്ഞു. എന്നതുമാത്രമല്ല രാഷ്ട്രീയ അധികരാത്തിന് വേണ്ടി ഭിന്ന ചേരികളില്‍ എത്തുകയും പരസ്പരം കലഹിക്കുകയും ചെയ്തു. ഒരമ്മപെറ്റ മക്കളെപോലെ ഒന്നിച്ച് നിന്നിരുന്ന സമൂഹം വിവിധ ചേരികളില്‍ നിന്ന് തമ്മിലടിക്കുന്ന സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥ പില്കാലത്ത് കേരളത്തില്‍ ഉടലെടുത്തു.
ആ വിടവിലൂടെ നിരീശ്വരവാദ നിര്‍മ്മിത രാഷ്ട്രീയക്കാര്‍ കേരളത്തില്‍ വേരുറപ്പിച്ചു. അവര്‍ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിന്തിരിപ്പനാണെന്ന് പറഞ്ഞ് പുറം തള്ളുവാന്‍ ആഹ്വാനം നല്കി. പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് തിരുവിതാംകൂറിലും, കൊച്ചിയിലും ക്രൈസ്തവ, ഇസ്ലാമിക സമൂഹങ്ങള്‍ ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങള്‍ ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ പേരില്‍ അപമാനിച്ചപ്പോള്‍, അമ്പലങ്ങളിലിരിക്കുന്നത് ജീവനില്ലാത്ത കല്ലാണെന്ന് ആക്ഷേപിച്ചപ്പോള്‍, മലബാറിലെ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ആരാധനയുടെ പേരില്‍ അവഹേളിച്ചപ്പോള്‍, അപമാനിച്ചപ്പോള്‍, ഹിന്ദുക്കളുടെ ഇടയില്‍ വേരോട്ടം ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകര്‍ന്നു എന്ന് മുദ്രാവാക്യം മുഴക്കി. നിരീശ്വരവാദ രാഷ്ട്രീയക്കാര്‍ ഒരു കാലത്തും ഒരു പള്ളി നശിച്ചാല്‍ അന്ധവിശ്വാസം തകരും എന്ന് പറഞ്ഞില്ല. അവരും ഹിന്ദുക്കളുടെ ആചാരങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്‍ക്കും എതിരായിട്ടുള്ള പ്രചാരങ്ങള്‍ക്ക് ശക്തി പകരുകയായിരുന്നു. പില്ക്കാലത്ത് എല്ലാ രംഗത്തും രാഷ്ട്രീയ അതിപ്രസരം കടന്ന് വന്നപ്പോള്‍ ഹിന്ദു ഐക്യത്തിന്റെ പാത മുറിഞ്ഞുപോയി. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരസ്പരം തമ്മില്‍ തല്ലുന്ന രാഷ്ട്രീയ സാഹചര്യം സംജാതമായി. അതേസമയം ക്രൈസ്തവ- മുസ്ലീം മതസമൂഹങ്ങള്‍ രാഷ്ട്രീയമായി സംഘടിതമായി വിലപേശല്‍ ആരംഭിച്ചു. ഇത്തരം സാഹചര്യങ്ങളിലൂടെ ഹിന്ദുക്കള്‍ അന്നുവരെ ഹൈന്ദവ നവോത്ഥാനത്തിലൂടെ, ഏകീകൃത സാമൂഹ്യശക്തിയിലൂടെ നേടിയെടുത്തതെല്ലാം ഓരോന്നോരോന്നായി നഷ്ടമായി. ഹിന്ദുക്കള്‍ക്ക് നഷ്ടം സംഭവിച്ചപ്പോഴെല്ലാം നേട്ടം കൊയ്തത് സംഘടിത ക്രൈസ്തവ -മുസ്ലീം മത സമൂഹങ്ങളായിരുന്നു. എന്തിനേറെ പറയുന്നു ആയിരത്തിത്തൊള്ളായിരത്തി നാല്പ്പതുകളായപ്പോഴേക്കും ക്ഷേത്രപ്രവേശനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ പോലും മലബാര്‍ മേഖലയില്‍ വെള്ളിയാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇസ്ലാമിക മതസമൂഹത്തിന്റെ മുഷ്കിന്റെ ഇരകളായി ഹിന്ദുക്കള്‍ മാറിയിരുന്നു. തകര്ന്നടിഞ്ഞക്ഷേത്രങ്ങള് പുനരുദ്ധരിക്കാന്‍ സാധ്യമായിരുന്നില്ല. മുസ്ലീംപള്ളിയുടെ മുന്നില്‍ കൂടി ക്ഷേത്ര ഘോഷയാത്ര നടത്താന്‍ അനുവാദം ഉണ്ടായിരുന്നില്ല. മലബാറിലെ ഹിന്ദുക്കളുടെ ഔദാര്യംകൊണ്ട് കെട്ടിപ്പടുത്ത മുസ്ലീം പള്ളികളുടെ മുന്നില്‍ കൂടി പോലും ഘോഷയാത്ര നടത്താനുള്ള സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് നിഷേധിച്ചു. അതിനേക്കാള്‍ അപമാനകരമായ ഒട്ടേറെ സാമൂഹ്യ സാഹചര്യങ്ങളും ഹിന്ദുക്കള്‍ അഭിമുഖീകരിച്ചു എന്നതാണ് ഈ കാലഘട്ടത്തിന്റെ ചരിത്രം. തിരുവിതാംകൂറിലും ഇത് തന്നെയായിരുന്നു സാഹചര്യം. ഹിന്ദുക്കള്‍ ശക്തിയാര്‍ജിച്ച് നിന്നത് തെക്കന്‍ തിരുവിതാംകൂറില്‍ മാത്രമായിരുന്നു.
കേരളത്തില്‍ ഹിന്ദുക്കള്‍ തീര്‍ത്തും അരക്ഷിതരായി കഴിഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്ക് നേരെ ഏത് തരത്തിലുള്ള ആക്രമം നടത്തിയാലും ചോദിക്കാന്‍ ആളില്ല എന്ന സ്ഥിതിയും ഇന്ന് സംജാതമായിരിക്കുന്നു. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ല. നമ്മുടെ പെണ്‍കുട്ടികള്‍ തട്ടികൊണ്ടു പോകപ്പെടുകയാണ്. ഭരണകൂട സംവിധാനം തട്ടികൊണ്ടുപോകുന്നവര്ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. മറ്റ് മതസ്ഥര്‍ക്ക് സ്വന്തം ആരാധനാലയങ്ങളുടെ ഭരണം നടത്താന്‍ അവകാശം ഉണ്ടെന്നിരിക്കെ സ്വയംപര്യാപ്തതയിലെത്തിയ, സര്‍ക്കാരിന്റെ ഔദാര്യമില്ലാതെ നടന്നുവരുന്ന ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ കയ്യടക്കുകയാണ്. നിയമ നിര്‍മ്മാണത്തിലൂടെ ഭക്തജന പ്രാതിനിധ്യമുള്ള ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന കോടതിവിധികളെ അട്ടിമറിച്ച് ക്ഷേത്ര വിശ്വാസം പോലുമില്ലാത്ത രാഷ്ട്രീയ ദാസന്മാരെയാണ് സര്‍ക്കാര്‍ ദേവസ്വം ഭരണത്തില്‍ പ്രതിഷ്ഠിക്കുന്നത്.
ദേവസ്വം നിയമനം പിഎസ്സിയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയും, നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്യുന്ന ഭരണാധികാരികള്‍ തീരുമാനം നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി കാട്ടിയില്ല. ദേവസ്വം ബോര്‍ഡ് നിയമനം സംബന്ധിച്ച് കുറ്റമറ്റതും, സുതാര്യവും സ്വതന്ത്രവുമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. ഹിന്ദുക്കളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി തമ്മിലടിപ്പിക്കുകയും ഇരുചേരികളായി ഹിന്ദുക്കളെ അണിനിരത്തിയും രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഗൂഢതന്ത്രം. ക്ഷേത്ര പൂജാരിമാരെ നാലാംക്ലാസ് ജീവനക്കാരന്റെ ഗണത്തില്‍പെടുത്തി മാന്യതയും ജീവിത സൗകര്യങ്ങളും നിഷേധിക്കുന്നു. സ്വന്തം ഇഷ്ടമനുസരിച്ച് മതവിശ്വാസം വച്ച് പുലര്‍ത്താനുള്ള അവകാശവും സ്വാതന്ത്ര്യവും ഹിന്ദുക്കള്‍ക്ക് നല്‍കാത്തത് സാമൂഹ്യനീതിയുടെ നിഷേധമാണ്.
കേരള നിയമസഭയില്‍ മതംതിരിച്ചുള്ള കണക്കെടുത്താല്‍ ഭരണപക്ഷത്ത് ക്രൈസ്തവ-മുസ്ലീങ്ങളും, പ്രതിപക്ഷത്ത് ഹിന്ദുക്കളുമാണ് ഭുരിപക്ഷം. ഖജനാവിലെ 65 ശതമാനം തുകയും കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ ക്രൈസ്തവ – മുസ്ലീം മന്ത്രിമാരുടേതാണ്. വിലപേശാനുള്ള മതന്യൂനപക്ഷങ്ങളുടെ ശക്തി വര്‍ദ്ധിച്ചതാണ് ഇതിനു കാരണം. മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഭരണ പക്ഷത്തെ രണ്ടാം കക്ഷിയും മുസ്ലീം മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ മത സമൂഹ നിയന്ത്രണത്തിലും മതശാസനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഭരണം നടത്തുന്നത് എന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നത്.
വോട്ടുബാങ്കിന്റെ കരുത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ രാഷ്ട്രീയ ഭരണവിഭാഗങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നു. അധികാരസ്ഥാനങ്ങളും റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗം പങ്കും വീതം വയ്ക്കുന്നത് ന്യൂനപക്ഷമതവിഭാഗങ്ങള്ക്കും അവര്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കുമാണ്. ജില്ലാ ആസൂത്രണസമിതികളുടെ അദ്ധ്യക്ഷസ്ഥാനം 13 ജില്ലകളിലും സംഘടിത മതസമൂഹത്തിനാണ് വീതം വയ്ക്കപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും തലവന്മാര് ഒരു പ്രത്യേക മതത്തില്‍നിന്നാണ്.മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വകുപ്പുകളില്‍ യാതൊരു യോഗ്യതയും മാനദണ്ഡങ്ങളും നോക്കാതെ നിയമനം നടത്തുകയാണ്. വയനാട്ടിലെ പണിയസമൂഹത്തെ അടിച്ചിറക്കിവിട്ട് കൈവശം വച്ച വനവാസി ഭൂമി ആദ്യം വ്യാജമായി പാട്ടരേഖ ഉണ്ടാക്കുകയും പിന്നീട് കൈവശപ്പെടുത്തുകയുമാണ് സംഘടിത മതസമൂഹം. കൂടല്‍മാണിക്യം ക്ഷേത്രഭൂമിയും, തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍ ഭൂമിയും പാട്ടക്കാലാവധികഴിഞ്ഞിട്ടും കൈവശം വച്ച ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് പതിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു.
ചെങ്ങറയിലും മുത്തങ്ങയിലും സമരം നടത്തിയവര്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാത്ത കരിമ്പാറക്കെട്ടുകള്‍ വിതരണം ചെയ്ത് ഹിന്ദു സമൂഹത്തെ വഞ്ചിച്ച സര്‍ക്കാരാണ് 1200 കോടിയിലധികം രൂപവിലവരുന്ന സര്‍ക്കാര്‍, ദേവസ്വം, വന ഭൂമികള്‍ പാട്ടക്കുടിശ്ശിക ഈടാക്കാതെ പതിച്ചു നല്‍കുന്നത്. വയനാട്ടില്‍ പഴശ്ശിതമ്പുരാനും, തലയ്ക്കല്‍ ചന്തുവിനും സ്മാരകം നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍, ബഡ്ജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും മതന്യൂനപക്ഷത്തില്‍ പെട്ട എം.എല്‍.എ മാരുടെ മണ്ഡലങ്ങളിലെ പദ്ധതികള്‍ക്കാണ് വകയിരുത്തിയത്.
ഹിന്ദുക്കളുടെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായി വരുകയാണ്. പരമ്പരാഗത വ്യവസായ മേഖലയുടെ തകര്‍ച്ച തൊഴിലാളികളെ കഷ്ടത്തിലാക്കി. തൊഴില്‍ മേഖലയിലെ അസ്വാസ്ഥ്യവും അസ്ഥിരതയും പാവപ്പെട്ട ഹിന്ദു കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ത്തു. ധനലാഭത്തിനു വേണ്ടി സ്വന്തം ഭൂമി വിറ്റു കിട്ടുന്ന പണവും വാങ്ങി പരിമിതമായ സൗകര്യത്തോടെ സ്ഥലം മാറ്റം നടത്തുകയാണ് പലരും. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തന്ത്രപ്രധാന മേഖലകളിലും മോഹവിലനല്‍കി ഭൂ മാഫിയകള്‍ ഭൂമി വാങ്ങികൂട്ടുന്നു. തന്മൂലം ഹിന്ദുക്കള്‍ അനുദിനം സ്വത്തവകാശം നഷ്ടപ്പെട്ട സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. കിടക്കാന്‍ ഒരിടമില്ലാത്തവരും ഭൂമി അന്യാധീനപ്പെട്ടതുമൂലം നിരാലംബരായിത്തീര്ന്നവരും ഇന്ന് ഒട്ടനേകം ഉണ്ട്. വീട്ടിനുള്ളിലെ അടുക്കളയും, കിടപ്പുമുറിയും പൊളിച്ചുമാറ്റി ജഡം സംസ്കരിക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, ഭൂമി, പാര്‍പ്പിടം, കക്കൂസ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ അഞ്ചില്‍ ഒന്ന് സമൂഹത്തിനും ലഭ്യമായിട്ടില്ല എന്ന ബി.പി.എല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ആവലാതികളും ആക്ഷേപങ്ങളും അധികൃതര്‍ ഗൗനിക്കുന്നതേയില്ല. സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും വനവാസികള്‍ക്ക് പ്രത്യേകമായൊരു നയം രൂപീകരിക്കുന്നതിനുപോലും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2011 ലെ കണക്കനുസരിച്ച് സ്വന്തമായി റേഷന്‍കാര്‍ഡുപോലുമില്ലാത്ത 24259 വനവാസി കുടുംബങ്ങളാണുള്ളത്. കയറി കിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത പതിനായിരങ്ങളെ എപിഎല്‍ ലിസ്റ്റിലാണ് പെടുത്തിയത്. ‘കില’യുടെ റിപ്പോര്‍ട്ട് പ്രകാരം 80,000 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല. 25,000 കുടുംബങ്ങള്‍ക്ക് ഭൂമിയും 10,000 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഇല്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ 2 പഞ്ചവത്സര പദ്ധതികളില്‍ ലാപ്സാക്കിയ എസ്സി-എസ്ടി ഫണ്ട് 1600 കോടിരൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം പാഴാക്കിയത് 900 കോടിരൂപയാണ്.
സാമൂഹ്യനീതി നിഷേധിക്കപ്പെടുക വഴി വലിയൊരു ജനവിഭാഗത്തെയാണ് മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്. പട്ടികജാതി സംവരണം അട്ടിമറിക്കാന്‍ രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സര്‍ക്കാരുകള്‍. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഡോ. അംബേദ്ക്കര്‍ ഭരണഘടനയിലെഴുതി ചേര്‍ത്ത പട്ടികജാതി സംവരണ വ്യവസ്ഥയെ തുരങ്കം വയ്ക്കുവാനാണ് സര്‍ക്കാരുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. സാമൂഹ്യ അവശതകളും, ജാതീയ ഉച്ചനീചത്വങ്ങളും മൂലം പിന്നോക്കാവസ്ഥയിലായവര്ക്ക് നല്കുന്ന ഭരണഘടനാപരമായ സംരക്ഷണം പരിവര്‍ത്തിതരായ ക്രിസ്ത്യന്‍, മുസ്ലീം സമൂഹത്തിന് നല്‍കണമെന്ന കമ്മീഷന് ശുപാര്‍ശ പട്ടികജാതി സഹോദരങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നതാണ്. ഇപ്രകാരം സര്‍വ്വരംഗത്തും അവഗണനയും അവഹേളനവുമാണ് ഹിന്ദു സമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. മതേതരത്ത്വ മുഖംമൂടിയണിഞ്ഞ ഇവര്‍ ഹിന്ദുസമൂഹത്തെ വഞ്ചിക്കുകയാണ്. ഹിന്ദുവിനുവേണ്ടി ശബ്ദിക്കാന്‍ ഹിന്ദുമാത്രമേ ഉള്ളൂ എന്ന സത്യം നാം തിരിച്ചറിയണം. ഹിന്ദുവിനെ ഭിന്നിപ്പിച്ച് കാര്യം നേടുക എന്ന രാഷ്ട്രീയ വഞ്ചനക്കെതിരെ പൊരുതാനുള്ള സംഘടനാശേഷിയും പോരാട്ടവീര്യവും നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതിയ്ക്കാണ് 2003 ല്‍ സംഘടനാ രൂപം പ്രാപിച്ചതോടെ ഹിന്ദുഐക്യവേദി തുടക്കം കുറിച്ചത്. 150-200 വര്‍ഷങ്ങളായി കേരളീയ സമൂഹങ്ങളില്‍ നടന്നുവരുന്ന സാമൂഹ്യ പരിവര്‍ത്തന സംരംഭങ്ങളുടെ തുടര്‍ച്ചയാണ്. ഹിന്ദു ഐക്യവേദി ഇന്ന് നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനം.
ഇ.എസ്.ബിജു
(ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: