തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹനുമാന് ക്ഷേത്രമാണ് പാളയത്തുള്ളത്. പണ്ട് പാളയത്ത് പട്ടാളക്യാമ്പ് ഉണ്ടായിരുന്നു. ആ ക്യാമ്പിലുള്ളവര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ശക്തിസ്വരൂപനായ ഹനുമാന് സ്വാമിയെ അവര്‍ നിത്യവും ആരാധിച്ചുപോന്നു. എന്നാല്‍ പട്ടാളക്യാമ്പ് ഇവിടെ നിന്നും പാങ്ങോട്ടേയ്ക്ക് മാറ്റി. അതിനെ തുടര്‍ന്ന് പ്രതിഷ്ഠയും അവിടേക്ക് കൊണ്ടുപോയി. ആഞ്ജനേയസ്വാമിയെ അവിടെ പ്രതിഷ്ഠിച്ച് തൊഴുതു പോന്നു. പ്രതിഷ്ഠ നടന്നു കഴിഞ്ഞപ്പോള്‍ മുതല്‍ അവിടെ പല അനിഷ്ടസംഭവങ്ങളും ഉണ്ടായി. ദേവപ്രശ്നത്തില്‍ വിഗ്രഹം പഴയസ്ഥാനമായ പാളയത്തുതന്നെ കൊണ്ട് വന്നു പ്രതിഷ്ഠിക്കണമെന്ന് കണ്ടു. അങ്ങനെയാണ് വീണ്ടും പാളയത്തുതന്നെ പ്രതിഷ്ഠിച്ചത്. അതിനുശേഷം ശിവപ്രതിഷ്ഠയും ഇവിടെ നടന്നു. ചൈതന്യം കുറഞ്ഞുപോയിരിക്കുമോ എന്ന് കരുതിയതാവാം പുതിയ പ്രതിഷ്ഠാകര്‍മ്മം കൂടിനിര്‍വ്വഹിച്ചത്. നിത്യവും തൊഴാനെത്തുന്നവര്‍ക്കും പാളയത്തെ പരിസരവാസികള്‍ക്കും ആഹ്ലാദം. ആജ്ഞനേയനും ഇവിടെ കുടികൊള്ളുകയായിരിക്കാം ഇഷ്ടാം. തുടര്‍ന്നങ്ങോട്ട് ഭക്തജനങ്ങളുടെ പ്രവാഹമായി. ക്ഷേത്രം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. ക്ഷേത്രത്തിലെ ഒരു ആല് വളരെയേറെ ഇനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തുള്ള കെട്ടിടങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്ന് കരുതി ആല് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. വന്‍തുകയ്ക്ക് ലേലം ഉറപ്പിക്കുകയും ചെയ്തു. ലേലം പിടിച്ചയാള്‍ ആല് മുറിക്കാനെത്തിയപ്പോള്‍ അതില്‍ ഒരുവാനരന്‍. മരം മുറിച്ചുമാറ്റാനാകതെ ലേലം പിടിച്ചയാള്‍ സ്ഥലം വിട്ടു. വീണ്ടും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ടുവന്നതുമില്ല. ഇന്നും ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഈ ആലിന്റെ കഥ ഓര്‍മ്മയുടെ തണല്‍ വിരിക്കുന്നു. മറ്റൊരു വിശേഷമരവും ഇവിടെ ഉണ്ട്. ആരെയും അത്ഭുതപ്പെടുത്തുന്ന ആരാധനായോഗ്യമായ ഒരു ചെമ്പകമരം. മൂന്നടിയോളം ഉയരം കഴിഞ്ഞതില്‍പ്പിന്നെ ചാഞ്ഞുവളരാന്‍ തുടങ്ങി. മരച്ചുവട്ടില്‍ ഒരു പൊത്ത്. അവിടെ ദീപം തെളിക്കുന്നു. കര്‍പ്പൂരവും ചന്ദനത്തിരിയും ആ ദ്വാരത്തില്‍ എരിഞ്ഞുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങളായി പൂജാദ്രവ്യങ്ങള്‍ കത്തിച്ചിട്ടും മരത്തിന് തീ പിടിച്ചിട്ടില്ല. തീയുടെ പാടുപോലുമേല്‍ക്കാതെ മരം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ചാഞ്ഞുവളര്‍ന്ന് ശാഖകള്‍ക്ക് തൂണുകള്‍ കെട്ടിക്കൊടുത്തു. അപ്പോള്‍ നടപ്പന്തല്‍ പണിഞ്ഞത്. പന്തലിലൂടെ വളര്‍ന്ന് വേളിയിലേക്ക് നീണ്ട നാലുശാഖകള്‍. അത് കാണുന്ന ആര്‍ക്കും ആശ്ചര്യം. ഈശ്വര ചൈതന്യമെന്നേ പറയേണ്ടൂ. മേറ്റ്വിടെയെങ്കിലുമായിരുന്നെങ്കില്‍ മരം കത്തി നശിപ്പിച്ചുപോകുമായിരുന്നു. ആജ്ഞനേയനേയും ശിവനേയും കണ്ട് വണങ്ങിക്കഴിഞ്ഞാല്‍ ഉപദേവന്മാരായ വിഘ്നേശ്വരനും നാഗരാജാവും ഉണ്ട്. വടമാല, വെറ്റിലമാല എന്നീ വഴിപാടുകള്‍ക്ക് പുറമെ നാരങ്ങാവിളക്ക് ഇവിടെ പ്രധാനം. ശ്രീകോവിലിന് പിന്നില്‍ രണ്ട് പീഠങ്ങള്‍ നാരങ്ങാവിളക്കിനായി കെട്ടിയിട്ടുണ്ട്. അതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക സ്ഥാനങ്ങള്‍. ഇവിടെ എത്തുന്ന ഭക്തര്‍ തന്നെ നാരാങ്ങാദീപം കൊളുത്തുന്നു. നാരങ്ങാ രണ്ടായി മുറിച്ച് നീര് പിഴിഞ്ഞ് തൊട്ടടുത്തുള്ള ടാങ്കില്‍ ഒഴിക്കുന്നു. പിന്നെ തോട് മടക്കി തിരിയിട്ട് എണ്ണയൊഴിച്ചുകത്തിക്കുന്നു. ദീപനാളങ്ങള്‍ ഇവിടെ ഗോപുരം തീര്‍ക്കുന്നു. സര്‍വൈശ്വര്യലബ്ധിക്കായി നടത്തപ്പെടുന്ന ഈ വിശിഷ്ടമായ വഴിപാട് ഇവിടുത്തെ എടുത്തപറയത്തക്ക പ്രത്യേകതയാണ്. അതുകണ്ട് തൊഴുന്നവര്‍ക്ക് ഭക്തിസാന്ദ്രമായ അനുഭവമാണ്. ഉഷപൂജ കഴിഞ്ഞ് പതിനൊന്നുമണിക്കേ നട അടയ്ക്കൂ എന്നതുകൊണ്ട് വിദൂരങ്ങളില്‍ നിന്നും നഗരത്തിലെത്തുന്നവര്‍ക്കുപോലും ദര്‍ശന സൗകര്യം ലഭിക്കുന്നു. വ്യാഴാഴ്ച ഇവിടെ പ്രധാനം. മേടമാസത്തിലെ വിഷുവിന് ഉത്സവം. വിഷുപൊങ്കല്‍ വിപുലമായ ചടങ്ങുകളോടെ നടക്കും. സായം സന്ധ്യയില്‍, ചുറ്റുമുള്ള സര്‍ക്കാര്‍ മന്ദിരങ്ങളും സ്റ്റേഡിയവും നിശബ്ദതയിലേക്ക് വഴുതി വീഴുമ്പോള്‍ ഹനുമാന്‍കോവിലിന്റെ നാലമ്പലത്തില്‍ നിന്നുയരുന്ന താരക മന്ത്രധ്വനിയില്‍ ലയിച്ച് ആയിരമായിരം ഭക്തര്‍ അഞ്ജലിബദ്ധരായി നില്ക്കുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: