തൃശൂര്‍ : നോവലിസ്റ്റും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘മാടമ്പിലെ മഹര്‍ഷി’യുടെ സ്വിച്ച് ഓണ്‍കര്‍മം നടന്നു. തെക്കെമഠം ലക്ഷ്മികല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരന് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. മഹാകവി അക്കിത്തം ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, എംഎല്‍എ മാരായ തേറമ്പില്‍ രാമകൃഷ്ണന്, കെ.വി.അബ്ദുള്‍ഖാദര്‍, ജയരാജ് വാര്യര്‍, നോവലിസ്റ്റ് കെ.ബി.ശ്രീദേവി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ശശി അയ്യന്‍ചിറ, നടി സി.രമാദേവി, മാടമ്പ് കുഞ്ഞുകുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോണ്‍ വിഷ്വല്‍ മീഡിയക്കുവേണ്ടി ശ്രീകൂമാര്‍ ഈഴുവപ്പാടിയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. തിരക്കഥയും സംവിധാനവും ജയപ്രകാശ് കേശവനാണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ വ്യക്തിത്വത്തിലെ സവിശേഷതകളാണ് ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയിട്ടുള്ളതെന്ന് ജയപ്രകാശ് കേശവന് പറഞ്ഞു. ശശി പ്രകാശാണ് ഛായാഗ്രഹണം. ദേവീകൃഷ്ണ സംഗീത സംവിധാനവും പ്രൊഡക്ഷന്‍ കോഡിനേറ്ററായി എംസി തൈക്കാടും എം തങ്കമണി ശബ്ദവും, എഡിറ്റിങ്ങ് ലിയോ ദേവസ്സിയും നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: