ന്യൂദല്‍ഹി: വനിതാ ഉദ്യോഗസ്ഥകളുടെ കാര്യത്തില്‍ കരസേന ബോധപൂര്‍വമായ തടസങ്ങളുണ്ടാക്കുന്നതായി സുപ്രീംകോടതി. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍ വിഭാഗത്തിലേക്ക് പ്രൊമോഷന് പരീക്ഷ ജയിച്ച് ലഫ്. കേണല്‍ തസ്തികയിലേക്ക് ആറുവര്‍ഷം കാത്തിരിക്കേണ്ടിവന്ന കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്തുത പരാമര്‍ശം നടത്തിയത്.
സായുധസേനയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കവെ വനിതാ ഉദ്യോഗസ്ഥകളുടെ വിഷയം വരുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തടസങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ആര്.എം. ലോഥ, സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സൂചിപ്പിച്ചു.
മേജര്‍ ലീന ഗൗരവിന്റെ കേസില്‍ 2010 ഏപ്രില്‍ മാസം പ്രൊമോഷന് പരീക്ഷ ജയിച്ചിട്ടും വിവേചനപരമായാണ് പെരുമാറിയതെന്ന് കോടതി കണ്ടെത്തി. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് വുമണ്‍ ഓഫീസര്‍മാരുടെ ഗ്രൂപ്പിലായിരുന്നു ഗൗരവ്. ആര്‍മിയിലെ പെര്‍മനന്റ് കമ്മീഷനിലേക്കാണ് അവര്‍ക്ക് അനുവാദം നല്‍കിയത്.
ഡിപ്പാര്‍ട്ടുമെന്റിന്റെ പരീക്ഷ എഴുതുന്നതില്‍ പരാജയപ്പെട്ടു എന്ന കാരണം പറഞ്ഞാണ് മേജര്‍ ഗൗരവിന്റെ സ്ഥാനക്കയറ്റം തടഞ്ഞത്. എന്നാല്‍ മേജര്‍ ഗൗരവ് ഹയര്‍ പ്രമോഷന് ടെസ്റ്റ് ജയിച്ചതിനാല്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റ് ആവശ്യമില്ലെന്നാണ് അവരുടെ അഭിഭാഷകന് രേഖ പിള്ള പറഞ്ഞത്. ആര്‍ംഡ് ഫോഴ്സ് ട്രിബ്യൂണല്‍ ഈ വാദം അംഗീകരിച്ചു. എന്നാല്‍ ആര്‍മി ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിയമപരമായി കേസ് നിലനില്‍ക്കുന്നില്ലെന്ന് പറഞ്ഞ് കോടതി ആര്‍മിയുടെ വാദം തള്ളിക്കളഞ്ഞു.
അഞ്ചോ ഏഴോ വര്‍ഷം സര്‍വീസിലുള്ള ഒരാള്‍ പ്രൊമോഷനുവേണ്ടി ശ്രമിക്കുമ്പോള്‍ ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷ എഴുതണമെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 13 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ എല്ലാ ഓഫീസര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കണമെന്ന് 2005 ഒക്ടോബര്‍ 28 ന് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നിലവിലുള്ളതായും കോടതി കണ്ടെത്തി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം മേജര്‍ ഗൗരവിന്റെ സ്ഥാനക്കയറ്റത്തിന് ആവശ്യമായ പരിഗണന നല്‍കുമെന്ന് ആര്‍മി കോടതിയില്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: