കൊടകര : വേദമന്ത്രോച്ചാരണങ്ങളുയര്ന്നു; അതിശ്രേഷ്ഠമായ അതിരാത്ര മഹായാഗത്തിന് മറ്റത്തൂര്‍ കുന്നില്‍ തുടക്കമായി. ഇന്നലെ രാവിലെയാണ് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അതിരാത്രത്തിന് മറ്റത്തൂര്‍ കുന്നിലെ കൈമുക്ക് മനക്കടുത്തുള്ള പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ആരംഭം കുറിച്ചത്.
പ്രഭാതത്തില്‍ അമാവാസ്യേഷ്ടി ചെയ്ത് പത്നീസമേതനായി യജമാനന് ഋത്വിക്കുകളോടുകൂടി യജ്ഞശാലയിലേക്കെത്തി. തുടര്‍ന്ന് ദണ്ഡനിര്ണയവും ഉഖാസംഭാരവും വായവ്യവും പശുഇഷ്ടി, അതിരാത്രയജ്ഞസങ്കല്പം, രക്ഷാപുരുഷ വരണം, ഋത്വിക് വരണം, ശാലാ പ്രവേശം, അഗ്നിമഥനം, അഗ്നിവിഹരണം, കൂശ്മാണ്ഡഹോമം, അപ്സുദീക്ഷ, ഭീഷണിയേഷ്ടി, ഉഖാസംസ്കാരം, ദീക്ഷ, പ്രയിഷാര്ത്ഥം, പ്രതപാനം എന്നീ ചടങ്ങുകള്‍ ആദ്യ ദിനത്തില്‍ നടന്നു.
രാവിലേയും ഉച്ചക്കും യജ്ഞശാലയില്‍ അഗ്നിയുടെ പ്രവേശം സൂചിപ്പിക്കുന്നതിനായി അരണി കടഞ്ഞു. യാഗത്തിനുള്ള അഗ്നിതെളിയിക്കുന്നതിനുള്ള അരണി കടയല്‍ രാത്രി 10മണിയോടെയാണ് ആരംഭിച്ചത്. ഇന്ന് വ്രതദോഹം, വാഥ്സപ്രോപസ്ഥാനം, സനിഗ്രഹിക്കല്, പ്രവഹ്യസംഭാരം, വ്രതപാനം എന്നിവ നടക്കും.
കൈമുക്ക് വൈദികന് രാമന് സോമയാജിപ്പാട് യജമാനനും പത്നി ആര്യാദേവി പത്തനാടി യജമാന പത്നിയുമായുള്ള യാഗത്തിന്റെ വൈദീക ചടങ്ങുകള്‍ക്ക് സഹോദരനായ കൈമുക്ക് വൈദികന് ശ്രീധരന് നമ്പൂതിരിയാണ് നേതൃത്വം നല്‍കുന്നത്. ഇതോടൊപ്പം
ത്രേതാഗ്നി ഫൗണ്ടേഷനും യജ്ഞനിര്വ്വഹണസമിതിയുമാണ് യാഗത്തിന് നേതൃത്വം നല്‍കുന്നത്. ആദ്യദിവസം തന്നെ ആയിരങ്ങളാണ് യാഗം വീക്ഷിക്കുന്നതിന് എത്തിയത്. വിദേശികളും ഇതിനോടകം തന്നെ യജ്ഞശാലയില്‍ എത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: