ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ലോകായുക്ത വീണ്ടും. ഷീലയെ താക്കീത് ചെയ്യണമെന്ന് ദല്‍ഹി ലോകായുക്ത ജസ്റ്റിസ് മന്മോഹന് സരിന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ചെലവ് കുറഞ്ഞ ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ച് ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തിയതിനാണിത്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കായി 60,000 ഫ്ലാറ്റുകള്‍ നിര്‍മിച്ചെന്നും ഇത് ഇവര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറുമെന്നും ഷീലാ ദീക്ഷിത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ഫ്ലാറ്റുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നതാണ് സത്യാവസ്ഥ.
അതേസമയം, 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ലോകായുക്ത ജസ്റ്റിസ് മന്മോഹന് സരിന് ശ്രദ്ധയില്പ്പെടുത്തിയതുമൂലം പൊതുപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ ജാഗ്രത വേണമെന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വസ്തുതകള്‍ മറച്ചുവെച്ച് നടത്തുന്ന പ്രചാരണ പരിപാടികള്‍ തെറ്റായ കീഴ്വഴക്കമുണ്ടാകുമെന്ന് അന്ന് ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത് സംബന്ധിച്ച് ലേകായുക്ത പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ലോകായുക്തയുടെ കത്ത് ലഭിച്ചതിനുശേഷം നവംബറില്‍ രാഷ്ട്രപതി ഗ്രാമീണ വികസനവകുപ്പിന് കത്തെഴുതുകയും ചെയ്തിരുന്നു. കുറഞ്ഞ ചെലവിലുള്ള വീട്നിര്മാണ പദ്ധതികള്‍ കൈകാര്യംചെയ്യുമ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ ആരായണമെന്നും ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും രാഷ്ട്രപതി കത്തില്‍ പ്രതിപാദിച്ചിരുന്നു.
ഷീലയെ താക്കീത് ചെയ്യണമെന്നും രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ലോകായുക്ത ജസ്റ്റിസ് മന്മോഹന് സരിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നല്കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായിരുന്നില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഗ്രാമീണ വികസന വകുപ്പിന് വേണ്ട മുന്‍കരുതലുകള്‍ നല്‍കുകയും രാഷ്ട്രപതിയുടെ സന്ദേശം ലഭിച്ചതിനുശേഷം അതിനനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കാന് ദീക്ഷിത് ബാധ്യസ്തയുമായിരുന്നു. കത്തില്‍ പ്രതിപാദിക്കുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങളുടെ ലംഘനമാണ് ഷീലാ ദീക്ഷിത് നടത്തിയതെന്നും ലേകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ എല്ലാ തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
2009 ല്‍ ബിജെപി പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ ഭരദ്വാജ് ഷീലാ ദീക്ഷിതിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിനേവല് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരില്‍നിന്നും 3.5 കോടി രൂപ ഫ്ലാറ്റ് നിര്‍മാണത്തിനായി ഷീലാ ദീക്ഷിത് സ്വീകരിച്ചതായി സുനിതാ ഭരദ്വാജ് നല്കിയ പരാതിയില്‍ പറയുന്നു. സ്വകാര്യ പ്രചാരണങ്ങള്‍ക്കായി രാജീവ് രത്ന ആവാസ് യോജനാ പദ്ധതിയും ദുരുപയോഗം ചെയ്തുവെന്നും പറയുന്നു. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ ഷീലക്കെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് അന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് കാട്ടി ഷീലാ ദീക്ഷിതും രംഗത്തുവന്നിരുന്നു. എന്തായാലും ദല്‍ഹി മുഖ്യമന്ത്രിക്കെതിരെ ശക്തമായ പടയൊരുക്കമാണ് ലോകായുക്ത നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാവുന്ന സംഭവവികാസങ്ങളിലേക്കാണ് ദല്‍ഹി സര്‍ക്കാരും മുഖ്യമന്ത്രി ഷീലാ ദീക്ഷിതും നീങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: