ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. രാജ്യസഭാ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മന്നനോട് നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി പശ്ചിബംഗാളിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള അവസാനദിവസമാണ് പത്രിക പിന്‍വലിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചിരുന്നു. ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുമായിരുന്നില്ല. കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കില്ലെന്ന് തൃണമൂല്‍ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രി മുകുള്‍ റോയിയെയും മൂന്ന് പത്രപ്രവര്‍ത്തകരേയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രണബ് മുഖര്‍ജി, ഷക്കീല്‍ അഹമ്മദ് തുടങ്ങിയവരെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരുന്നു. 42 അംഗങ്ങളുള്ള കോണ്‍ഗ്രസ് ഒരു സ്വതന്ത്രന്റെ പിന്തുണയും ഉറപ്പിച്ചിരുന്നു. ഇതിന് പുറമെ ഏഴ് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമായിരുന്നു. പത്ത് അധികവോട്ടുള്ള ഇടത് പാര്‍ട്ടികളിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെ ഇടത് പിന്തുണ ഇനി ആവശ്യമില്ല. വരാന്‍പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: