പഞ്ചാബ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെയും ടൈ മാസിക താരതമ്യം ചെയ്തതിനെതിരെ ഹിന്ദി സിനിമാതാരവും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. രണ്ടുപേരും തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് പറഞ്ഞ സിന്‍ഹ മോഡിയുടെ അരികത്ത് വെക്കാന്‍ പറ്റിയ നേതാക്കളില്ലെന്നും പറഞ്ഞു. ഉയര്‍ന്ന നിലപാടുകളുള്ളയാളാണ് മോഡി. ഗുജറാത്തിന്റെ സര്വതോന്മുഖമായ പുരോഗതി ഉറപ്പുവരുത്തിയ മോഡി സംസ്ഥാനത്ത് വിജയവും തിളക്കവും കൊണ്ടുവന്നു. ശരിയായ അര്‍ത്ഥത്തില്‍ മോഡി ഒരു വികാസ് പുരുഷന് തന്നെയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഹ പറഞ്ഞു.
ടൈം മാസികയുടെ മോഡിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് സംസാരിക്കവെയാണ് സിന്‍ഹ ഇത്രയും പറഞ്ഞത്. മാര്‍ച്ച് 26 ന്റെ പതിപ്പില്‍ മോഡി കാര്യപ്രാപ്തിയുള്ള ആളാണെന്ന് സൂചിപ്പിച്ചുകൊണ്ട് ലേഖനം ഉണ്ട്. മോഡി എല്ലാ ഗുണങ്ങളുമുള്ളയാളാണ്. അത് തന്നെയാണ് അദ്ദേഹത്തെ ഉയര്‍ന്ന നേതാവാക്കിയതും. എല്‍.കെ.അദ്വാനി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റേതായ സ്ഥാനമുണ്ടെന്നും സിന്‍ഹ പറഞ്ഞു. ഞങ്ങളെ എല്ലാവരേയും നിയന്ത്രിക്കാന്‍ സാധിക്കുന്ന നേതാവാണ് അദ്വാനി. അരുണ്‍ ജെറ്റ്ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ നേതാക്കളും പാര്‍ട്ടിയിലുണ്ട്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരാണ് പാര്‍ട്ടിയെ നയിക്കുക എന്ന ചോദ്യത്തിന് സമയം വരുമ്പോള്‍ കൂട്ടായ തീരുമാനമെടുക്കുമെന്ന് സിന്‍ഹ പറഞ്ഞു. യുവാക്കളെ പാര്‍ട്ടി നേതൃത്വത്തില്‍ എടുത്താലും അനുഭവസമ്പന്നരായ നേതാക്കള്‍ക്ക് അത് പകരമാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രബജറ്റിനെക്കുറിച്ചും റെയില്‍വേ ബജറ്റിനെ ക്കുറിച്ചും ചോദിക്കവെ സാധാരണക്കാരന് ബാധ്യതയാകുന്ന ബജറ്റാണിതെന്ന് പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന് ബിജെപിക്ക് താല്‍പ്പര്യമില്ല. എന്നാല്‍ കോണ്‍ഗ്രസ് സ്വയം വിളിച്ച് വരുത്തുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു സഹായവും ചെയ്യാനാകില്ല. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുപോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സമാജ്വാദി പാര്‍ട്ടിയെ കൂട്ട് പിടിക്കുന്നത് എന്നും ശത്രുഘ്നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: