ന്യൂദല്‍ഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ദല്‍ഹി ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സ്വവര്‍ഗരതി നിയമപരമാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വ്യത്യസ്ത നിലപാടുകളാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ദല്‍ഹി ഹൈക്കോടതി സുപ്രധാനമായ ഇത്തരമൊരു വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വ്യക്തമായി പഠിച്ചതായും അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി അറിയിച്ചു. തുടര്‍ന്ന് സ്വവര്‍ഗരതി സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് നല്കിയ സത്യവാങ്ങ്മൂലം തെറ്റായിരുന്നോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍ സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് സ്വവര്‍ഗാനുരാഗികളുടെ മൗലികാവകാശത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന് ദല്‍ഹി ഹൈക്കോടതിയുടെ വിധി പരിശോധിച്ചതില്‍ നിന്ന് മനസിലായെന്ന് വഹന്‍വതി മറുപടി നല്കി.
നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ പിഴവാണ് മുമ്പത്തെ നിലപാട് മാറ്റത്തിന് കാരണമെന്നും അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: