തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലുകള്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ലുകള്‍ ചര്‍ച്ചകൂടാതെയാണ് സബ്ജക്ട് കമ്മിറ്റിയ്ക്കയച്ചത്.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ്വിപ്പ് എന്നിവരുടെ നിയോജക മണ്ഡലം ബത്ത പ്രതിമാസം 7500 രൂപയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയാക്കാനും എംഎല്‍എമാരുടെ നിയോജക മണ്ഡലം ബത്ത പ്രതിമാസം 5000 രൂപയില്‍ നിന്ന് 12000 രൂപയായി വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നിയമസഭാംഗങ്ങളുടെ അപകട ഇന്‍ഷുറന്‍സ് കവറേജ് രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയായും സ്ഥിരബത്ത പ്രതിമാസം 300 രൂപയില്‍ നിന്ന് ആയിരം രൂപയാക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രാബത്ത പ്രതിമാസം 10000 രൂപയില്‍ നിന്ന് 15000 രൂപയായും ടെലഫോണ്‍ ബത്ത 5000 രൂപയില്‍ നിന്ന് 7500 രൂപയാക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. പ്രതിമാസം 1000 രൂപ നിരക്കില്‍ ഇന്‍ഫര്‍മേഷന്‍ ബ്ത്തയും 3000 രൂപ നിരക്കില്‍ സ്റ്റാറ്റ്യൂട്ടറി ബത്തയും നല്‍കാനുള്ള പുതിയ നിര്‍ദ്ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ ഓരോ അംഗത്തിന്റെ സ്റ്റാഫിന് പ്രതിമാസം 15000 രൂപ സ്റ്റാഫ് ബത്തയായി അനുവദിക്കും.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടിസ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് ഒഴികെയുള്ളവര്‍ക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വാഹനവായ്പയും കുറഞ്ഞ പലിശ നിരക്കില്‍ പത്തുലക്ഷം രൂപ വരെ ഭവനവായ്പയും ലഭ്യമാക്കും. അംഗങ്ങള്‍ക്കുള്ള സൗജന്യയാത്രാ കൂപ്പണുകളുടെ മൂല്യം 1.20 ലക്ഷത്തില്‍ നിന്ന് 1.92 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടിസ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് എട്ടുരൂപ എന്നത് പത്തു രൂപയാക്കും. താമസത്തിനുള്ള ദിനബത്ത സംസ്ഥാനത്തിനകത്ത് 600 രൂപയില്‍ നിന്ന് 700 രൂപയായും പുറത്ത് 700 രൂപയില്‍ നിന്ന് 900 രൂപയായും വര്‍ധിപ്പിക്കും. അംഗങ്ങള്‍ക്ക് യാത്രാബത്ത കിലോമീറ്ററിന് ആറു രൂപയില്‍ നിന്ന് ഏഴു രൂപയായും ദിനബത്ത 500 രൂപയില്‍ നിന്ന് 750 രൂപയായും ഉയര്‍ത്തും. സംസ്ഥാനത്തിനു പുറത്ത് ദിനബത്ത 600 രൂപയില്‍ നിന്ന് 900 രൂപയായും വര്‍ധിപ്പിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.
പുതിയ ഭേദഗതി അനുസരിച്ച് അംഗങ്ങള്‍ക്കുള്ള പെന്ഷന് രണ്ടുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് 6000 രൂപയായും രണ്ടുവര്‍ഷത്തേക്ക് 7000 രൂപയായും ഉയര്‍ത്തും. മൂന്ന്, നാല്, അഞ്ച് വര്ഷങ്ങിലേക്ക് യഥാക്രമം 8000, 9000, 10000 രൂപ വീതവും നല്കാന് ബില്‍ നിര്‍ദ്ദേശിക്കുന്നു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ വരുന്ന ഓരോവര്ഷത്തേക്കും പ്രതിമാസം 750 രൂപ അധികമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: