ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കാനുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ കേന്ദ്രം അലസ സമീപനമാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി. ഇത് അപലപിക്കപ്പെടേണ്ടതാണ്. ഗവണ്മെന്റ് സമര്‍പ്പിച്ച വ്യത്യസ്ത സത്യവാങ്മൂലത്തെക്കുറിച്ച് സൂചിപ്പിക്കവെയാണ് ജസ്റ്റിസ് ജി.എസ്.സിംഗ്വി, എസ്.ജെ.മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യാതൊരു ഗൗരവുമില്ലാതെയാണ് കേന്ദ്രം കേസിനെ സമീപിച്ചത്. ഈ നടപടി അപലപിക്കേണ്ടതാണ്. ഇക്കാര്യം വിധിയില്‍ ചൂണ്ടിക്കാട്ടുമെന്നും അവര്‍ പറഞ്ഞു.
ഇതൊരു വിചിത്രമായ കേസാണ്. ഹൈക്കോടതിയില്‍ ശക്തമായി വാദിച്ചശേഷം സുപ്രീംകോടതിയില്‍ കേന്ദ്രം നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഹൈക്കോടതിയിലെടുത്ത നിലപാടാണോ സുപ്രീംകോടതിയിലെടുത്ത നിഷ്പക്ഷ നിലപാടാണോ കോടതി സ്വീകരിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. നിയമവിഭാഗത്തിന്റെ ശുപാര്‍ശ ഉണ്ടായിട്ടുകൂടി കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ ഭേദഗതി പാര്‍ലമെന്റ് പരിഗണിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ പാര്‍ലമെന്റിന് സമയമില്ല. ജനങ്ങള്‍ എത്രകാലം കാത്തിരിക്കണമെന്നും ബെഞ്ച് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: