ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു. യുപിഎക്ക് പുറത്തുള്ള എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ഭേദഗതി പരാജയപ്പെടുത്തിയത്. ഭീകരവിരുദ്ധ കേന്ദ്രത്തെ ശക്തമായി എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭരണപക്ഷത്തിന് 97 അംഗങ്ങളാണുള്ളത്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്കരിച്ചു. ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും പരിഗണിച്ചുകൊണ്ട് മാത്രമേ കേന്ദ്രം മുന്നോട്ടുപോവുകയുള്ളൂ.
ബിജെപിയും ഇടതുസംഘടനകളും നാല് ഭേദഗതികളാണ് കൊണ്ടുവന്നത്. മുഖ്യമന്ത്രിമാരുമായി ധാരണയാവാതെ കേന്ദ്രം ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകരുതെന്നായിരുന്നു പ്രധാന ആവശ്യം. 82 ന് എതിരെ 105 വോട്ടിനാണ് ഭേദഗതി തള്ളിയത്. എസ്പിയുടെ നാല് അംഗങ്ങളും ബിഎസ്പിയുടെ 17 അംഗങ്ങളും സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച ശബ്ദവോട്ടോടെ സഭ പാസാക്കി.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാരംഭിക്കും മുമ്പ് സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കും. ഏപ്രില്‍ 26 ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നന്ദിപ്രമേയത്തിന് മറുപടി പറയവെ പ്രധാനമന്ത്രി പറഞ്ഞു. ഭീകരതക്കെതിരെ പോരാടുന്നതിനും ഇടതുപക്ഷ ഭീകരവാദത്തെ പരാജയപ്പെടുത്തുന്നതിനും ഭീകരവിരുദ്ധ കേന്ദ്രം ആവശ്യമാണ്. ഒഡീഷയില്‍ രണ്ട് ഇറ്റലിക്കാരെ തട്ടിക്കൊണ്ടുപോയ വിഷയം ദേശീയ സുരക്ഷിതത്വം അപകടാവസ്ഥയിലായതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായം നിലവിലുണ്ട്. എന്നാല്‍ പരസ്പര ചര്‍ച്ചയില്‍ക്കൂടി പ്രസ്തുത പ്രശ്നം പരിഹരിക്കാവുന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ മറികടക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ഏപ്രില്‍ 16 ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിശദമായി എല്ലാ കാര്യവും ചര്‍ച്ച ചെയ്യും.
എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷം മുഖവിലക്കെടുത്തില്ല. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞ അരുണ്‍ ജെറ്റ്ലി ആളുകളെ അറസ്റ്റ് ചെയ്യാനുള്ള ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ അവകാശം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ജെറ്റ്ലി യോജിച്ചു. എന്നാല്‍ ഫെഡറലിസവും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനവും തമ്മില്‍ ഭിന്നതയില്ലെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകണമെന്നും ജെറ്റ്ലി പറഞ്ഞു.
അന്വേഷണവും പരിശോധനയും അറസ്റ്റ് നടക്കുന്നതിന് മുമ്പും സംസ്ഥാനങ്ങളോട് ആലോചിക്കണമെന്ന് ജെറ്റ്ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങരുതെന്ന് ജനതാദള്‍ നേതാവ് ശിവനാഥ് തിവാരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായസമന്വയത്തില്‍ എത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: