ഭോപ്പാല്‍: ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം സിബിഐ അന്വേഷണത്തിന് വിടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മാര്‍ച്ച് 8 ന് മോരിന ജില്ലയില്‍ ഖാനി മാഫിയ ഐപിഎസ് നരേന്ദ്രകുമാറിനെ ബോധപൂര്‍വം ട്രാക്ടര്‍ കയറ്റിക്കൊല്ലുകയായിരുന്നു.
അനധികൃത ഖാനനത്തിനെതിരെ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ താല്‍പ്പര്യം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്രകുമാറിന്റെ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ മധുറാണിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിനെഴുതാന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരകമായ ഘടകം അന്വേഷിക്കണമെന്നും ചൗഹാന് പറഞ്ഞു.
സഭ ചേര്‍ന്നയുടന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണ വിഷയം ഉയര്‍ത്തിക്കാട്ടി സഭാ നടപടി നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ വായിക്കുന്നതിനിടെ അവര്‍ വീണ്ടും തീരുമാനം മാറ്റി. ആദ്യം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്നിട്ടുമതി ചര്‍ച്ച എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. സ്പീക്കര്‍ ഇവരോട് സ്വന്തം സ്ഥലത്ത് ചെന്നിരിക്കാന്‍ ആവശ്യപ്പെടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അരമണിക്കൂറോളം ബഹളം തുടര്‍ന്നു. പ്രതിപക്ഷത്തിന് ചര്‍ച്ചയില്‍ താല്‍പ്പര്യമില്ല എന്നും അതുകൊണ്ട് സഭ തുടര്‍ നടപടിയിലേക്ക് നീങ്ങുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: