ന്യൂദല്‍ഹി: യോഗ ഗുരു രാംദേവിനേയും അനുയായികളേയും രാംലീല മൈതാനിയില്‍ ആക്രമിച്ച കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോടതി നടപടി.
സെന്‍ട്രല്‍ ദല്‍ഹിയിലെ കമലാ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമം കാണിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടിയെടുക്കണമെന്നും അച്ചടക്ക നടപടിയെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. രാംലീല മൈതാനിയില്‍ ജൂണ്‍ 4 ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കണ്ണീര് വാതകപ്രയോഗവും ലാത്തിച്ചാര്‍ജ്, ജനങ്ങളെ ഓടിക്കുക തുടങ്ങിയ നടപടികള്‍ ന്യായീകരിക്കാനാവാത്തതും കിരാതവുമെന്നാണ് കോടതി പറഞ്ഞത്. ബാബാ രാംദേവിനേയും അനുയായികളേയും കൈകാര്യം ചെയ്യാന്‍ ആവശ്യത്തിലധികം ശക്തി ഉപയോഗിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കല്ലേറ് നടത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത പറഞ്ഞു. അതേസമയം പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്സെടുക്കും. ഞങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കും. ആവശ്യത്തിലധികം ശക്തി ഉപയോഗിച്ച് സമരക്കാരെ നേരിട്ട പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഗുപ്ത പറഞ്ഞു. അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ആദ്യം കേസ്സെടുക്കും. അതിനുശേഷമായിരിക്കും ആവശ്യമായ നടപടി മനുഷ്യജീവന് അപകടമുണ്ടാകുംവിധം അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഐപിസി 336 പ്രകാരമാണ് കേസ്സെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: