തിരുവനന്തപുരം: സിപിഎമ്മിന്റെ വന്തോക്കായിരുന്നു സോമനാഥ് ചാറ്റര്‍ജി. ലോക്സഭാ സ്പീക്കറായതോടെ പാര്‍ട്ടിയുമായി അകന്നു. ജനറല്‍സെക്രട്ടറിയുടെ തിട്ടൂരം ഗൗനിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും അകന്നു. പക്ഷേ ബംഗാള്‍ ഘടകം രമ്യതയിലെത്തി. എന്നാല്‍ കേരളഘടകം വിടുമോ?
സോമനാഥ് ചാറ്റര്‍ജിയുടെ ആത്മകഥയായ ‘കീപ്പിംഗ് ദ ഫെയ്ത് – മെമ്മറീസ് ഓഫ് എ പാര്ലമെന്റേറിയന്’ മലയാളത്തില്‍ പ്രസിദ്ധികരിച്ചതിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് കേരള നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് ആദ്യകോപ്പി ഏറ്റുവാങ്ങാനിരുന്ന സുജ സൂസന് ജോര്‍ജിനെ സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ എം.എ ബേബിയാണ് വിലക്കിയത്.
സിപിഎമ്മിന്റെ സാംസ്കാരിക വേദിയായ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ് സുജ സൂസന് ജോര്‍ജ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഎം രംഗത്തിറക്കിയത് സുജ സൂസനെ ആയിരുന്നു. സംസ്ഥാന സിപിഎമ്മില്‍ സാഹിത്യ- സാംസ്കാരിക കാര്യങ്ങളുടെ ചുമതല എം.എ. ബേബിക്കാണ്. അതുകൊണ്ട് , പാര്‍ട്ടി പുറത്താക്കിയ സോമനാഥ് ചാറ്റര്‍ജി എഴുതിയ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എം.എ. ബേബി ആവശ്യപ്പെടുകയായിരുന്നു. അവസാനം സുജയ്ക്ക് പകരം എഴുത്തുകാരി ഒ.വി. ഉഷയാണ്
ആര്‍എസ് പി കേന്ദ്ര കമ്മറ്റി അംഗം മനോജ് ഭട്ടാചാര്യയില്നിന്ന് ആദ്യകോപ്പി സ്വീകരിച്ചത്.
സോമനാഥ് ചാറ്റര്‍ജിയുടെ ആത്മകഥയില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിമര്‍ശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യം സോമനാഥ് ചാറ്റര്‍ജി നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിപിഎമ്മില്‍നിന്ന് പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: