തിരുവനന്തപുരം: പ്രതിപക്ഷത്തെ ചില എംഎല്‍എമാര്‍ കൂടി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരക്കുന്നു. ഭരണകക്ഷി നേതാക്കള്‍ പരസ്യമായി അത് ശരിവയ്ക്കുകയും ചെയ്തതോടെ എംഎല്‍എമാരെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം. മൂന്ന് എംഎല്‍എമാര്‍ കൂടി പ്രതിപക്ഷത്തുനിന്ന് ചുവടുമാറുമെന്നാണ് പ്രചാരണം. ആര്. ശെല്‍വരാജിനു പിന്നാലെ കൂടുതല്‍പേര്‍ നിലപാട് മാറ്റുമെന്ന യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്.
ശെല്‍വരാജിന്റെ കാര്യത്തിലുണ്ടായ പിഴവ് ഇനി ആവര്‍ത്തിക്കരുതെന്ന കര്‍ശന നിലപാടിലാണ് സിപിഎം. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയില്‍ മരവിച്ചിരുന്നുപോയത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്കു നല്കി. യുഡിഎഫിന്റെ കുതന്ത്രങ്ങളും ശെല്‍വന്റെ നീക്കങ്ങളും അറിയാന്‍ കഴിഞ്ഞില്ലെന്ന് സിപിഎം ജില്ലാ സംസ്ഥാന നേതാക്കള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്.
മൂന്ന് എംഎല്‍എമാര്‍കൂടി മറുകണ്ടം ചാടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലബാറില്‍നിന്നുള്ള രണ്ട് എംഎല്‍എമാരും തിരുവിതാംകൂറില്‍നിന്നുള്ള ഒരാളും അപ്പുറം ചാടുമെന്നാണ് ഭയക്കുന്നത്. പരസ്പര വിശ്വാസമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് ഇടത് എംഎല്‍എമാര്‍.
അടുത്തിടെ പിണറായി വിജയന് തിരുകേശ വിവാദത്തില്‍ കാന്തപുരത്തിനു നേരെ നടത്തിയ രൂക്ഷ ആക്രമണമാണ് മലബാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരെ ചാഞ്ചാട്ടത്തിലാക്കിയത്. ഇതറിഞ്ഞ യുഡിഎഫ് നേതാക്കള്‍ വലവീശിക്കഴിഞ്ഞു. മലബാര്‍ മേഖലയില്‍ നിന്നു സി.പി.എം ചിഹ്നത്തിലല്ലാതെ മത്സരിച്ചു വിജയിച്ച രണ്ടു സമാജികരുണ്ട്. മുസ്ലീംലീഗിനെയും കാന്തപുരത്തെയും ഒരു പോലെ പിണക്കി നിര്‍ത്തുന്നത് തങ്ങള്‍ക്കു ദോഷം ചെയ്യുമെന്നാണ് ഈ എംഎല്‍എമാര്‍ കരുതുന്നത്. ചില ന്യൂനപക്ഷ സമുദായ സംഘടനകളുമായി ഭിന്നിച്ചു നില്‍ക്കുന്നത് തിരിച്ചടിക്ക് കാരണമാകുമെന്ന് ഇരു എംഎല്‍എമാരും വിലയിരുത്തുന്നു.
മധ്യതിരുവിതാംകൂറില്‍നിന്നുള്ള ഒരു ഇടത് എംഎല്‍എയും ചാടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.
ജില്ലാ നേതൃത്വങ്ങളോട് സാമാജികരുടെ പ്രവര്‍ത്തനങ്ങളിലും നീക്കങ്ങളിലും കര്‍ശനമായ നിരീക്ഷണമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സുസംഘടിതമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സംവിധാനത്തിനു ശെല്‍വരാജിന്റെ അപ്രതീക്ഷിതരാജി മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് അതീവ ഗുരുതരമായ വീഴ്ചയായാണ് സിപിഎം വിലയിരുത്തുന്നത്. തിരുവനന്തപുരം ഗസ്തൗസിലാണ് ഗൂഢാലോചന നടന്നതെന്നാണ് സിപിഎം പറയുന്നത്. അവിടത്തെ സഖാക്കള്‍ പോലും ഇതറിഞ്ഞില്ലെന്ന് പറയുന്നത് നാണക്കേടായി വ്യാഖ്യാനിക്കുന്നുണ്ട്. ജില്ലാകമ്മറ്റി ഓഫീസിന് വിളിപ്പാട് മാത്രം അകലത്തിലാണ് ഗസ്തൗസ്.
വി എസ് പക്ഷത്തിന്റെ തളര്‍ച്ചയോടെ ഔദ്യോഗികപക്ഷം ശക്തിയാര്‍ജിച്ച ജില്ലയാണ് തിരുവനന്തപുരം. എന്നാല്‍ അതിനെത്തുടര്‍ന്ന് ഔദ്യോഗികപക്ഷത്ത് ശക്തമായ ചേരിതിരിവുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ശെല്‍വരാജിന്റെ രാജി. തിരുവനന്തപുരത്ത് പല ഗ്രൂപ്പുകളായി തിരിഞ്ഞു നില്‍ക്കുകയാണ് പാര്‍ട്ടി. ശെല്‍വരാജിന്റെ രാജിയോടെയാണ് ഇക്കാര്യം മറനീക്കി പുറത്തുവന്നത്. ഇതേസാഹചര്യമാണ് പല ജില്ലകളിലും. ആലപ്പുഴ, പാലക്കാട് ജില്ലാ സമ്മേളനങ്ങളില്‍ ഇത്തരം ഭിന്നതകള്‍ മറനീക്കിയിരുന്നു.
ശെല്‍വരാജിന്റെ രാജിയോടെ സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവുകളും അസംതൃപ്തിയും മുതലെടുക്കാന്‍ യുഡിഎഫും മതസാമുദായിക ശക്തികളും ശക്തമായി രംഗത്തുണ്ടെന്നത് പാര്‍ട്ടിയെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കൂടുതല്‍ അസംതൃപ്തര്‍ സിപിഎമ്മിനകത്തു തന്നെ ഉദയം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ചില ന്യൂനപക്ഷ സമുദായ സംഘടനകളുമായി സിപിഎമ്മിന് സമീപകാലത്തുണ്ടായ അകല്‍ച്ചയും ഈ നീക്കങ്ങള്‍ക്ക് യുഡിഎഫിന് ബലം പകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: