ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് ഉന്നതതലയോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ആര്.കെ.സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച നടത്തുക.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളേയും വ്യാപ്തിയേയും കുറിച്ച് ചര്‍ച്ചയില്‍ വിശകലനം ചെയ്യും. ഭീകരവിരുദ്ധ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരില്ലെന്നും വ്യക്തമായ ധാരണ നല്കാന് ആഭ്യന്തരമന്ത്രാലയം ശ്രമിക്കും. ഭീകരവിരുദ്ധ കേന്ദ്രം ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു. കേന്ദ്രം സംബന്ധിച്ച് കോണ്‍ഗ്രസ് ഇതര മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പും മുന്നോട്ടുവെച്ചിരുന്നു.
ഭീകരവിരുദ്ധ കേന്ദ്രം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബാധിക്കുമെന്നാണ് ഇതിനെ എതിര്‍ത്ത പന്ത്രണ്ടിലധികം മുഖ്യമന്ത്രിമാരുടെ വാദം. ഇത്തരത്തില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്ന് ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു.
ഭീകരവിരുദ്ധ കേന്ദ്രം നിലവില്‍ വരുന്ന മാര്‍ച്ച് ഒന്നിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കോണ്‍ഗ്രസ് ഇതര നേതാക്കള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഒരു പ്രതിനിധിയെ ചര്ച്ചക്കയക്കാനും ഇവരുടെ എതിര്‍പ്പ് ഉന്നതതലയോഗത്തില്‍ പരിഗണിക്കുവാനുമായിരുന്നു പദ്ധതി. സംസ്ഥാനങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്കുശേഷം മാത്രമേ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് അടുത്ത നടപടി സ്വീകരിക്കുകയുള്ളൂ എന്നാണ് പത്ത് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കിയത്.
എന്നാല്‍ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയൂം ആരോപിച്ചിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമാണെന്ന് പറയുന്ന സര്‍ക്കാര്‍, സുപ്രധാന നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രം കരുതുന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണെന്നും മോഡി നേരത്തെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: