ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ അട്ടിമറി വിജയത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.
പാര്‍ട്ടിക്കകത്തുള്ള പ്രശ്നക്കാരെ പുറത്താക്കുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനനില തകര്‍ന്നതില്‍ മായാവതി ഭരണകാലത്തുണ്ടായിരുന്ന അധികാരികളെ അഖിലേഷ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഭരണക്കാരോട് കൂറുള്ളവരായിരിക്കാം അധികാരികള്‍. പക്ഷേ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടുകൂടി അവര്‍ക്ക് വേറൊരു മുഖം കാണേണ്ടതായി വരുമെന്നും സമാജ്വാദി പാര്‍ട്ടിയുടെ മുഖം കളങ്കപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പാര്‍ട്ടികള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ക്ഷോഭിക്കുകയോ ചെയ്താല്‍ സമാധാനമായിരിക്കണമെന്നും നിയമത്തെ ബഹുമാനിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായി അഖിലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: