മുംബൈ: ഹോളി ആഘോഷത്തിനിടെ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ പോയിരുന്ന പതിമൂന്ന് വയസുകാരന് മരിച്ചു. വികാസ് വാല്മീകി എന്ന കുട്ടിയാണ് മരിച്ചത്. വിഷബാധയേറ്റ് 200 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അധികവും കുട്ടികളാണ്. അതേസമയം സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്. നീലനിറത്തിലുള്ള ചായത്തില്നിന്നാണ് വിഷബാധയേറ്റതെന്ന് പോലീസും ആരോഗ്യ അധികൃതരും കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ മഹാരാഷ്ട്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് അംഗം മിലിന്ദ് മൈസ്കര്‍, ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി കമ്മീഷണര്‍ മഹേഷ് സാഗ്ദേ, അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ മനീഷാ മൈസ്കര്‍, ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പരസ്പരം ചായം പൂശി ഹോളി ആഘോഷിക്കവെ ധാരാവി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചതിരിച്ചാണ് സംഭവമുണ്ടായത്. വിഷബാധയേറ്റ പലര്‍ക്കും ക്ഷീണവും ഛര്‍ദ്ദിയും ശ്വാസംമുട്ടലും അലര്‍ജിയും ഉണ്ടായി. ഗുണമേന്മയില്ലാത്ത ചായങ്ങള്‍ പൂശിയതാകാം വിഷബാധയേല്‍ക്കാന്‍ കാരണമെന്നാണ് അധികൃതരുടെ നിഗമനം. ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: