മുംബൈ: ബോളിവുഡ് നടന് ജോയ് മുഖര്‍ജി (73) അന്തരിച്ചു. രാവിലെ 9.30നു മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും മൂന്നുമക്കളും സമീപത്തുണ്ടായിരുന്നു.
യാരി റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം നാളെ പത്തു മണിക്കു വെര്‍സോവയില്‍ സംസ്കരിക്കും. 1960-ലിറങ്ങിയ ലവ് ഇന്‍ സിംല എന്ന സിനിമയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലവ് ഇന്‍ ടോക്കിയോ, സിദ്ദി, ഫിര്‍ വോ ദില്‍ ലായാ ഹൂം, ഏക് മുസാഫിര്‍ ഏക് ഹസീന എന്നിവയാണ് ഹിറ്റായ ചിത്രങ്ങളില്‍ ചിലത്.
സിനിമാ കുടുംബത്തിലായിരുന്നു ജോയ് ജനിച്ചത്. ശശാദര് മുഖര്‍ജിയും പ്രമുഖ നടനായിരുന്ന അശോക്കുമാറിന്റെ സഹോദരി സതീദേവിയുമാണു മാതാപിതാക്കള്‍. മികച്ച അഭിനേതാവ് എന്നതു പോലെ മികച്ച കോമേഡിയനായിരുന്നു അദ്ദേഹം. ലവ് ഇന്‍ ഷിംല, സാധന എന്നീ ചിത്രങ്ങളിലെ പ്രേമ രംഗങ്ങള്‍ അദ്ദേഹത്തെ പ്രേമ കഥകളുടെ രാജാവ് എന്ന വിശേഷണത്തിന് അര്‍ഹനാക്കി.
ധര്‍മ്മേന്ദ്ര, ജിതേന്ദ്ര, രാജേഷ് ഖന്ന എന്നിവരുടെ വരവോടെ ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞ ജോയ് സംവിധാനത്തിലേക്കു തിരിഞ്ഞു. ലവ് ഇന്‍ ബോംബെ (1974), ചെയ് ല ബാബു (1977), സാന്‍ജ് കി ബേല (1981), ഉമീദ് (1989) എന്നിവ സംവിധാനം ചെയ്തു. ബോളിവുഡ് താരങ്ങളായ കാജോള്‍, തനിഷ മുഖര്‍ജി എന്നിവരുടെ അമ്മാവനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: