Categories: Vicharam

വീട്ടമ്മമാര്‍ക്കൊരു കൂട്ടായ്മ

Published by

മാര്‍ച്ച്‌ എട്ട്‌ ലോക വനിതാദിനമാണ്‌. ലോകത്തിലെ പകുതിവരുന്ന സ്ത്രീകള്‍ക്ക്‌ ഇനിയും തുല്യാവകാശവും തുല്യപദവിയും ലഭ്യമാകാത്ത സാഹചര്യത്തില്‍ വനിതാദിനങ്ങള്‍ ആഘോഷങ്ങളല്ല, പരാതികളുടെയും അവഗണനകളുടെയും ഘോഷയാത്രകളാണ്‌. ഈ മാര്‍ച്ച്‌ എട്ടും വ്യത്യസ്തമല്ല.

ലോകത്തെ 1.3 ബില്യണ്‍ സ്ത്രീകള്‍ തികച്ചും ദരിദ്രരാണ്‌. സ്ത്രീകള്‍ക്ക്‌ തുല്യ ജോലിയ്‌ക്കും പുരുഷന്മാരേക്കാള്‍ 30 മുതല്‍ 40 ശതമാനംവരെ കുറഞ്ഞ വേതനമാണ്‌ ലഭിക്കുന്നത്‌. ഈ വനിതാദിനം ഗ്രാമീണ വനിതകള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ഗ്രാമീണ മേഖലയില്‍ 78 ശതമാനം സ്ത്രീകളും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിട്ടുള്ളവരാണ്‌. ദാരിദ്ര്യത്തില്‍ സ്ത്രീ മുന്നിലാണ്‌; ദാരിദ്ര്യത്തില്‍ മാത്രം.

ഈ വനിതാ ദിനത്തിനു പക്ഷെ ഒരു പ്രത്യേകതയുണ്ട്‌. ഈ ദിനത്തില്‍ ഉയരാന്‍ പോകുന്ന ഒരു ശബ്ദം വീട്ടുജോലികളില്‍ക്കൂടി നിശ്ശബ്ദ സേവന പങ്ക്‌ വഹിക്കുന്ന വീട്ടമ്മമാരുടെതായിരിക്കും. ശബ്ദമില്ലാത്ത ഇവര്‍ ആദ്യമായി ശബ്ദത്തിനായി സംഘടിക്കുന്നു. വീട്ടമ്മമാരേയും തൊഴിലാളികളായി അംഗീകരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തുന്നത്‌ ‘വുമന്‍സ്‌ വോയിസ്‌’ എന്ന സംഘടനയാണ്‌.

എന്തുകൊണ്ട്‌ ഇപ്പോള്‍ ഇങ്ങനെ ഒരു ചിന്ത എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘വുമന്‍സ്‌ വോയിസ്‌’ സെക്രട്ടറി സുലോചന രാമകൃഷ്ണന്‍ മറുപടി പറഞ്ഞത്‌ ഒരു മദ്രാസ്‌ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ്‌. ഒരു വീട്ടമ്മ മരിച്ചപ്പോള്‍ നഷ്ടപരിഹാരത്തിന്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായുള്ള കേസില്‍ മദ്രാസ്‌ ഹൈക്കോടതി വിധിച്ചത്‌ 3000 രൂപ വേതനം കണക്കാക്കി നഷ്ടപരിഹാരം നല്‍കാനാണ്‌. ഇത്‌ അവരെ പ്രകോപിപ്പിച്ചിരുന്നു. ഒരു വീട്ടമ്മ ഒരു ദിവസം ശരാശരി 16 മണിക്കൂര്‍ കുടുംബത്തിലെ കാണാപ്പണികള്‍ ചെയ്യുന്നതായി സുലോചന പറയുന്നു. “ആരുടേയും കണക്കുപുസ്തകത്തില്‍പ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ, സാമ്പത്തിക പ്രതിഫലമില്ലാതെ കുടുംബത്തിന്റെ ഉന്നമനത്തിനായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്‌ വീട്ടമ്മ തന്നെയാണ്‌”- സുലോചന അഭിപ്രായപ്പെടുന്നു. കുടുംബം സമൂഹത്തിന്റെ അടിത്തറയാകുമ്പോള്‍ സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടിയാണ്‌ ഈ നിശ്ശബ്ദ സേവനം. 2012 ല്‍ ഈ സേവികമാര്‍ ആദ്യമായാണ്‌ സംഘടിച്ച്‌ ശബ്ദമുയര്‍ത്താന്‍ പോകുന്നത്‌. ഇവര്‍ക്ക്‌ താങ്ങായി റിട്ട. ജസ്റ്റിസുമാരുടെ വിശിഷ്ട നിരയും സജ്ജമാണ്‌. ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയിലധികം സ്ത്രീകളാണ്‌. കേരളത്തില്‍ ആയിരം പുരുഷന്മാര്‍ക്ക്‌ 1052 സ്ത്രീകളാണ്‌. ഇപ്പോള്‍ പെണ്‍ഭ്രൂണഹത്യ വ്യാപകമായപ്പോഴാണ്‌ 0-6 പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതും ജനസംഖ്യാനുപാതം 1000 ആണ്‍കുട്ടികള്‍ക്ക്‌ 962 പെണ്‍കുട്ടികള്‍ എന്ന നിരക്കിലേക്ക്‌ താണതും. കേരള വനിതകള്‍ സാക്ഷരതയും വിദ്യാഭ്യാസവും നേടി ഉദ്യോഗസ്ഥകളായിട്ടുണ്ടെങ്കിലും ഗ്രാമീണമേഖലയില്‍ വീട്ടമ്മമാര്‍ എന്നത്‌ വലിയൊരു സമൂഹമാണ്‌. ഇവര്‍ വിശ്രമമില്ലാതെയാണ്‌ ഈ വേതനരഹിത സേവനം നിര്‍വഹിക്കുന്നത്‌. ബാല്യവിവാഹം ഇന്നും പ്രബലമായ, പതിനെട്ട്‌ വയസ്സാകുമ്പോഴേയ്‌ക്കും അമ്മമാരാകുന്നവരുടെ ജനസംഖ്യ ഇപ്പോഴും വര്‍ധിക്കുന്ന ഇന്ത്യയില്‍ വീട്ടമ്മമാര്‍ക്ക്‌ വിരമിക്കല്‍ പ്രായം എന്നൊന്നില്ല.

പക്ഷെ രാജ്യത്തെ സ്ഥിതിവിവര കണക്കുകളില്‍ ഈ സേവനം പരിഗണിക്കപ്പെടുന്നില്ല. ഈ തിരിച്ചറിവാണ്‌ വീട്ടമ്മമാരുടെ കൂട്ടായ്മ എന്ന ആശയത്തിന്റെ പ്രേരണ. ഇവര്‍ക്ക്‌ വേതനം, ചികിത്സാ സഹായം, ഇന്‍ഷുറന്‍സ്‌, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നിയമപരമായ സാധ്യത ഇപ്പോള്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍, ജസ്റ്റിസ്‌ ഷംസുദ്ദീന്‍, ജസ്റ്റിസ്‌ സുകുമാരന്‍, ജസ്റ്റിസ്‌ ഉഷ എന്നിവര്‍ പരിശോധിച്ചുവരുന്നു. ഇത്തരം ഒരു പഠനം ആദ്യമല്ലത്രേ. ലോകരാജ്യങ്ങളില്‍ പലതും ഈ വിഷയം ചര്‍ച്ചചെയ്തു കഴിഞ്ഞു. വെനിസ്വേലയിലും മറ്റും വീട്ടു ജോലി ഒരു തൊഴിലായി അംഗീകരിച്ച്‌ വേതനം നല്‍കുന്നു.

ഈ വിഷയം കേള്‍ക്കുമ്പോള്‍ തന്നെ ഈ വേതനം ഭര്‍ത്താക്കന്മാര്‍ നല്‍കേണ്ടിവരുമോ എന്ന ചോദ്യമാണ്‌ ആദ്യം ഉയരുക. കേരള സമൂഹത്തിനും പരമമായ ലക്ഷ്യം വിവാഹമാണ്‌; കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവുമാണ്‌. ഇതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സ്ത്രീകളും കുടുംബങ്ങളും തയ്യാറായി. ഭാരിച്ച സ്ത്രീധനം നല്‍കി, കിലോ കണക്കിന്‌ ആഭരണം നല്‍കി ആഡംബര വിവാഹം നടത്തുന്നവരാണ്‌ മലയാളികളും ഇന്ത്യക്കാര്‍ പൊതുവെയും. ഐടി മേഖലയില്‍ ഭാരിച്ച ശമ്പളം നേടുന്നവരും വനിതാ സംരംഭകരും ഈ വിഷയത്തില്‍ വ്യത്യസ്തരല്ല. ഇന്നും ഇന്ത്യയില്‍ സ്ത്രീപീഡന വിഭാഗത്തില്‍ സ്ത്രീധന പീഡനത്തിന്‌ പ്രധാന പദവിയാണുള്ളത്‌. പേര്‌ സ്ത്രീധനം എന്നാണെങ്കിലും ധനം പുരുഷന്റേതാണ്‌. അതില്‍ സ്ത്രീയ്‌ക്ക്‌ യാതൊരു അവകാശവും ഇല്ല. അത്‌ പരസ്ത്രീയ്‌ക്ക്‌ കൊടുത്താലും പ്രതിഷേധിക്കാന്‍ അവകാശമില്ല. കിലോക്കണക്കിനുള്ള ആഭരണം പോകുന്നതും അമ്മായിഅമ്മയുടെ ലോക്കറിലേക്കാണ്‌. സ്ത്രീ എന്തിന്‌ ഇത്രയധികം ത്യാഗം ഒരു താലിയ്‌ക്കും സിന്ദൂരത്തിനുംവേണ്ടി സഹിക്കുന്നു? ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്ന ‘ലിവിംഗ്‌ ടുഗദറി’ലേയ്‌ക്ക്‌ നീങ്ങാന്‍ ഈ ചര്‍ച്ചകള്‍ വഴിതെളിച്ചേക്കുമായിരിക്കും.

ഇപ്പോള്‍ വീട്ടമ്മമാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്‌ സ്ത്രീകളുടെ വീട്ടുജോലി ഒരു തൊഴിലായി ദേശീയതലത്തില്‍ അംഗീകരിക്കപ്പെടണമെന്നും വീട്ടമ്മ തൊഴിലാളി-സര്‍ക്കാര്‍ തൊഴിലുടമ എന്ന വസ്തുത കൂടി അംഗീകരിക്കപ്പെടണം എന്നാണ്‌. നഴ്സുമാര്‍ എട്ടുമണിക്കൂറായി സേവനം നിജപ്പെടുത്തണം എന്നാവശ്യപ്പെടുമ്പോള്‍ വീട്ടമ്മയുടെ ജോലിസമയം 12 മണിക്കൂര്‍ മുതല്‍ 16 വരെയാണല്ലൊ. ഇത്‌ ദേശീയ സേവനമായി കണക്കാക്കി, കാലാനുസൃതമായ മിനിമം വേതനം വീട്ടമ്മമാര്‍ക്കു നല്‍കാനും 60 വയസ്സു കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനും നിയമനിര്‍മാണം നടത്തണം എന്ന ആവശ്യമുര്‍ത്താനും ഈ വീട്ടമ്മ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഇതിനും ഒരു നയവും നിയമനിര്‍മാണവും വേണമെന്നും ഇവര്‍ ആവശ്യപ്പെടാന്‍ പോകുകയാണ്‌.

കേള്‍ക്കുന്നവര്‍ പരിഹസിക്കുകയൊ പ്രക്ഷുബ്ധമാകുകയൊ ചെയ്യും. പക്ഷെ വീട്ടമ്മ എന്നത്‌ ഒരു ജോലിയായി സര്‍ക്കാര്‍ അംഗീകരിക്കും എന്ന സാധ്യത പുരുഷന്മാരെ സന്തോഷിപ്പിക്കും. സ്ത്രീധനത്തിനുപുറമെ ഈ തുകയും കയ്യില്‍ വന്നുചേരുമല്ലൊ. അഭ്യസ്തവിദ്യരാണെങ്കിലും സ്ത്രീകള്‍ക്ക്‌ ഇന്നും സ്വന്തം ശരീരത്തിനു മേലോ സ്വന്തം വരുമാനത്തിനു മേലോ നിയന്ത്രണമില്ല എന്നത്‌ ഒരു നഗ്ന സത്യമാണ്‌. വീട്ടമ്മമാര്‍ക്ക്‌ വേതനം ലഭിച്ചാലും പുരുഷഹസ്തങ്ങളിലെത്താനാണ്‌ സാധ്യത.

ഇതോടെ സ്ത്രീകള്‍ സമൂഹത്തിന്‌ ബാധ്യതയല്ല, മുതല്‍ക്കൂട്ടാകുമെന്നും വൃദ്ധസദനങ്ങളില്‍ എത്തുന്ന അവസ്ഥയ്‌ക്ക്‌ മാറ്റം വരും എന്നുമാണ്‌ സുലോചനാ രാമകൃഷ്ണന്‍ പറയുന്നത്‌. സ്ത്രീകള്‍-വീട്ടമ്മമാര്‍ ഇപ്പോള്‍ തന്നെ സമൂഹത്തിനും രാഷ്‌ട്രത്തിനും മുതല്‍ക്കൂട്ടുതന്നെയാണ്‌. പിന്നെ പെന്‍ഷന്‍ ലഭിക്കുന്ന വൃദ്ധകളും വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലും റെയില്‍വേ സ്റ്റേഷനിലും അമ്പലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു എന്നതും മറ്റൊരു സമകാലിക യാഥാര്‍ത്ഥ്യമാണ്‌. പക്ഷെ സ്വന്തമായ വരുമാനം ഒരു ആത്മവിശ്വാസം തീര്‍ച്ചയായും വീട്ടമ്മയ്‌ക്കും പെന്‍ഷനായ വൃദ്ധയ്‌ക്കും നല്‍കും എന്നത്‌ സത്യമാണ്‌. പക്ഷെ ശയ്യാവലംബിയായി നിസ്സഹായരാകുമ്പോള്‍ മക്കള്‍ ഉപേക്ഷിച്ച്‌ പുഴു അരിക്കുന്ന വൃദ്ധകളെ ഇന്ന്‌ വല്ലപ്പോഴുമെങ്കിലും രക്ഷിച്ച്‌ ആശുപത്രികളിലെത്തിക്കുന്നത്‌ ജനമൈത്രി പോലീസാണ്‌.

സ്ത്രീകള്‍ക്ക്‌ തുല്യത ലഭിക്കാത്തതിന്റെ ഒരു പ്രധാന കാരണം ജോലികള്‍ക്കും ലിംഗഭേദം ഉള്ളതിനാലാണ്‌. ഇന്ന്‌ വീട്ടുജോലി, പാചകം, തുണിയലക്കല്‍, അടിച്ചുവാരല്‍ മുതലായവ സ്ത്രീ ജോലിയാണ്‌. പുരുഷന്‍ ചൂല്‍ തൊടരുത്‌ എന്ന പുരാതന സങ്കല്‍പ്പം ഇന്നും നിലനിര്‍ത്തിപ്പോരുന്നതും അമ്മമാരാണ്‌.

വീട്ടമ്മമാര്‍ക്കൊരു കൂട്ടായ്മ ഏറ്റവും ആവശ്യമാണിന്ന്‌. പ്രായമാകുമ്പോള്‍, വിധവയാകുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന ഒറ്റപ്പെടലില്‍നിന്നും രക്ഷപ്പെടാന്‍ സ്ത്രീ കൂട്ടായ്മകള്‍ പല സ്ഥലത്തും രൂപീകൃതമാകുന്നുണ്ട്‌. തന്റെ ഉള്ളിലെ ഭാരം പങ്കുവെയ്‌ക്കാന്‍ സഹൃദയായ ഒരു കൂട്ടുകാരി എല്ലാവര്‍ക്കും ആവശ്യമാണ്‌. പക്ഷെ ഇന്ന്‌ ലോകത്തിന്റെ ഗതി വളരെ വേഗത്തിലാണ്‌. സമയത്തിനാണ്‌ ഇന്ന്‌ പണത്തിനേക്കാള്‍ വില. ആര്‍ക്കും ആരുടെ മാനസിക പ്രശ്നങ്ങളും കേള്‍ക്കാന്‍ നേരമില്ല. പ്രത്യേകിച്ചും സമയം ആറുമണി കഴിഞ്ഞാല്‍. അപ്പോള്‍ വീട്ടമ്മമാരും കുട്ടികളും ഉദ്യോഗസ്ഥരും ബിസിയാണ്‌; ടിവി സീരിയലുകളും റിയാലിറ്റി ഷോകളും കാണാന്‍.

വീട്ടമ്മമാര്‍ക്കും ഒരു യൂണിയന്‍ ഉണ്ടായാല്‍ അവര്‍ എങ്ങനെ കുറെക്കൂടി സക്രിയരാകാന്‍ സാധിക്കും എന്നുകൂടി ചര്‍ച്ച ചെയ്യാം. സ്ത്രീകള്‍ക്കും വിനോദം ആവശ്യമാണ്‌. പക്ഷെ ബുദ്ധിയ്‌ക്കും ഭാവനയ്‌ക്കും സൃഷ്ടിപരതയ്‌ക്കും എല്ലാം പ്രചോദനം നല്‍കുന്ന വിനോദങ്ങളാണ്‌ വേണ്ടത്‌. അന്തവും കുന്തവും ഇല്ലാത്ത സീരിയലുകളും ഗ്ലാമര്‍ എന്നാല്‍ അല്‍പ്പവസ്ത്രവും മലയാലവും കൊഞ്ചലും പ്രായത്തിന്‌ നിരക്കാത്ത ചേഷ്ടകളും അല്ല എന്നുള്ള ധാരണകൂടി വേണ്ടതാണ്‌.

ലീലാമേനോന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by