കോട്ടയം: ഒരേ വ്യക്തിക്ക് തന്നെ കാര്‍ക്കശ്യക്കാരനായും ലാളിത്യപൂര്വ്വമായ ജീവിതം നയിക്കുവാനും കഴിയുക അത്ര എളുപ്പമല്ല. എന്നാലിത് നന്നായിത്തന്നെ ജീവിതപഥത്തില്‍ വരുത്തിയ വ്യക്തിയായിരുന്നു പി.കെ നാരായണപ്പണിക്കര്‍. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ള നായര്‍ സമുദായത്തെ’ അച്ചടക്കത്തിന്റെയും സംഘാടനത്തിന്റേയും ആദ്യപാഠങ്ങള്‍ പഠിപ്പിച്ച മന്നത്തു പത്മനാഭന് തെളിച്ച വഴിയിലുടെ വ്യക്തിചലനങ്ങളില്ലാതെ നീണ്ട 28 വര്‍ഷക്കാലം നാരായണപ്പണിക്കര്‍ അമരക്കാരനായി. നിലപാടുകളിലെ കാര്‍ക്കശ്യവും ജീവിതത്തിന്റെ ലാളിത്യവുമായിരുന്നു. എല്ലാവരും പണിക്കരുചേട്ടന് എന്നു വിളിക്കുന്ന പി.കെ. നാരായണപ്പണിക്കരുടെയും കൈമുതല്‍.
സ്കൂള്‍ പ്രധാനാധ്യാപകന് എ.എന്‍ വേലുപ്പിള്ളയുടെ മകനായി ജനിച്ച നാരായണപ്പണിക്കര്‍ സെന്റ് തെരേസാസ് സ്കൂളിലും പെരുന്ന സ്കൂളിലും എസ്.ബി സ്കൂളിലും എറണാകുളം മഹാരാജാസ് ലോകോളേജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസകാലത്തിന് ശേഷം ഒരു വര്‍ഷത്തോളം അധ്യാപകനായി പ്രവര്‍ത്തിച്ചശേഷം സന്നത്ത് എടുത്ത് കോട്ടയം ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു തുടങ്ങി. അക്കാലത്ത് സമുദായവുമായി ബന്ധപ്പെട്ട ചില കേസുകളുടെ വക്കാലത്ത് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന് നാരായണപ്പണിക്കരെ ഏല്പിച്ചിരുന്നു. ചങ്ങനാശ്ശേരി നഗരസഭയുടെ മുന്‍ അധ്യക്ഷനായും ഇടക്കാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രതിനിധി സഭയിലൂടെ എന്‍എസ്എസ് നേതൃത്വത്തിലെത്തിച്ച നാരായണപ്പണിക്കര്‍ 1974 ല്‍ എന്‍എസ്എസ് ട്രഷററായി 9 വര്‍ഷക്കാലം അദ്ദേഹം സമുദായത്തിന്റെ സ്വത്തുക്കളുടെ കാവല്‍ക്കാരനായി തുടര്‍ന്നു. ഇതിനിടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സിംഗപ്പൂരിലേക്ക് പോയതിനെ തുടര്‍ന്ന് 1983 ഡിസംബര്‍ 31 ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാരായണപ്പണിക്കര്‍ ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 28 വര്‍ഷക്കാലം അനിഷേധ്യനായി സമുദായത്തിന്റെ നേതൃത്വം നാരായണപ്പണിക്കര്‍ കാത്തുസൂക്ഷിച്ചു. 31 വര്‍ഷക്കാലം നേതൃത്വത്തിലിരുന്ന മന്നത്ത് പത്മനാഭന് ശേഷം മൂന്ന് പതിറ്റാണ്ട് നീണ്ട നേതൃത്വ കാലയളവില്‍ സമുദായാചാര്യന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ സമുദായത്തെ നയിക്കാന്‍ നാരായണപ്പണിക്കര്‍ക്ക് കഴിഞ്ഞു.
ഏറെ പ്രശംസയ്ക്കും അതിലേറെ വിമര്‍ശനങ്ങള്‍ക്കും വിധേയമായ പ്രസിദ്ധമായ സമദൂര നിലപാടിന്റെ രാഷ്ട്രീയ പ്രയോക്താവായിരുന്നു നാരായണപ്പണിക്കര്‍. സമദൂര നിലപാടിലൂടെ സംഘടനയുടെ ഉയര്‍ച്ചയും സ്ഥാനവും ഉറപ്പിക്കുന്നതില്‍ നാരായണപ്പണിക്കര്‍ വിജയിച്ചിരുന്നു.
കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും അതിന് മുന്നിലുള്ള പ്രതിബന്ധങ്ങളെ തട്ടി നീക്കുകയും ചെയ്യുന്ന മന്നത്ത് പത്മനാഭന്റെ പ്രവര്‍ത്തന ശൈലിയുടെ അനുകരണങ്ങള്‍ നാരായണപ്പണിക്കരിലുമുണ്ടായിരുന്നു. സ്വന്തം സമുദായത്തിന്റെ താല്പര്യങ്ങളില് അണുവിട വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നപ്പോഴും പൊതുസമൂഹത്തിന്റെ താല്പര്യങ്ങളെയും ആവശ്യങ്ങളെയും അദ്ദേഹം പരിഗണിച്ചിരുന്നു.
കാര്‍ക്കശ്യക്കാരനായ സമുദായ നേതാവായി തുടരുമ്പോള്‍ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും സ്നേഹസമ്പന്നനായ കാരണവരായിരുന്നു അദ്ദേഹം. കോടികളുടെ ആസ്തിയും രാഷ്ട്രീയ ബലപരീക്ഷണ ശക്തിയുമെല്ലാമുണ്ടായിരുന്ന സംഘടനയുടെ തലപ്പത്തിരുന്നിട്ടും ലാളിത്യം ജീവിതത്തില്‍ പകര്‍ത്തുന്നതിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. ധരിക്കുന്ന വെള്ളഖാദി ജുബ്ബയിലും മുണ്ടിലും മാത്രമല്ല പെരുമാറ്റത്തിലും വാക്കിലുമെല്ലാം അദ്ദേഹം ലാളിത്യം സൂക്ഷിച്ചുവച്ചു. ക്ഷേത്രദര്‍ശനങ്ങളും സസ്യാഹാരവുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ജീവിത രീതികള്‍. വാക്കുകളില്‍ മിതത്വം പാലിക്കുമ്പോഴും ചില സന്ദര്‍ഭങ്ങളില്‍ സമുദായ താല്പര്യം ഹനിക്കപ്പെടുന്ന അവസ്ഥകളില്‍ പൊട്ടിത്തെറിക്കുന്ന നാരായണപ്പണിക്കരെയും നാം കണ്ടിട്ടുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: