കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ പ്രവാഹം തുടങ്ങി. നവവധ ഭാവത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായാണ് ശ്രീപാര്‍വതി ദേവി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നത്. വെളുപ്പിന് നടതുറക്കുന്നതിന് മുമ്പ് ദര്‍ശനത്തിനായി നീണ്ടക്യൂ ദൃശ്യമായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും ദര്‍ശനത്തിനെത്തുന്നത്.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥതമായി ദേവിയുടെ വിഗ്രഹം ശിലയിലല്ലാത്തതിനാല് ജലാഭിഷേകമില്ല. പകരം മഞ്ഞള്‍ പൊടി അഭിഷേകമാണ് നടത്തുന്നത്. ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അന്നദാനം ഭക്തജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി. അന്നദാനത്തിന്റെ ഉദ്ഘാടനം ഡോ.മീര ഗോപി കുര്യന് നിര്‍വഹിച്ചു. 1500 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന നലാന്റ അന്നദാന മണ്ഡപം സ്കൂളിന് മുന്‍വശത്തായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മഹാദേവന്റെ പ്രസാദമായ കഞ്ഞിയും പുഴുക്കുമാണ് നല്‍കുന്നത്. ക്യൂവില്‍ നിന്ന് തന്നെ ഭക്തജനങ്ങള്‍ക്ക് വഴിപാടുകള്‍ ശീട്ടാക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മംഗല്യസൗഭാഗ്യത്തിനായി പട്ടുംതാലിയും നടയ്ക്കല്‍ സമര്‍പ്പിക്കുവാന്‍ യുവതീയുവാക്കളുടെ നീണ്ടനിര ദൃശ്യമാണ്. പട്ടും താലിയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നവര്‍ വിവാഹം നടന്നാല്‍ ദമ്പതികളായി എത്തി ദേവിയ്ക്കു മുമ്പില്‍ ഇരുവരും ചേര്‍ന്ന് നന്ദിസൂചകമായി ഇണപുടവ സമര്‍പ്പിക്കും. മഞ്ഞള്‍പ്പറ, നെല്പറ, അവല്‍പറ എന്നിവ നിറയ്ക്കുവാനും ധാരാളം പേര് എത്തുന്നുണ്ട്.
ദേവീപ്രീതിക്കായി നടതുറന്നശേഷം തിരുവാതിര രാവില്‍ സുമംഗലികളും കന്യകമാരും തിരുവാതിരച്ചുവടുകള്‍ വച്ചപ്പോള്‍ ദേവിക്കത് അര്‍ച്ചനയായി. നടതുറന്നതിന് ശേഷമാണ് തിരുവാതിര ആഘോഷങ്ങള്‍ ആരംഭിച്ചത്. ദര്‍ശനത്തിന് ശേഷം നട അടച്ചപ്പോള്‍ കന്യകമാരും സുമംഗലികളും പത്ത് വൃത്തം തിരുവാതിര പാടിക്കളിച്ചു. 12ന് ദേവിയെ സ്തുതിച്ച് തിരുവാതിരക്കളി നിര്‍ത്തി. പിന്നീട് തിരുവാതിരപ്പാട്ട് പാടി ക്ഷേത്ര പരിസരത്ത് പാതിരാപൂ, ദശപുഷ്പങ്ങള്‍, അടക്കാമണിയന്‍ എന്നിവ പറിക്കാന്‍ പോയി. അടക്കാമണിയന്‍ കുഴികുത്തി നട്ട് വെള്ളമൊഴിച്ച് പൂത്തിരുവാതിരക്കാരെ ആവണിപ്പലകയിലിരുത്തി പാട്ടുപ്പാടി. പറിച്ചെടുത്ത പൂക്കള്‍ ദേവീനടയില്‍ വിവിധ ദിശകളില്‍ ഉഴിഞ്ഞ് തലയില്‍ ചൂടി. മൂന്നും കൂട്ടി മുറുക്കി വഞ്ചിപ്പാട്ട്, കണ്ണനാമുണ്ണി, കുമ്മി എന്നിവ പാടി മംഗളംചൊല്ലി തിങ്കളാഴ്ച പുലര്‍ച്ചെയോടെ സമാപിച്ചു. നടതുറന്നശേഷം ദേവിക്കുമുമ്പില്‍ തിരുവാതിരകളിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: