കാബൂള്‍: അഫ്ഗാന് സൈനിക യൂണിഫോം ധാരിയുടെ വെടിയേറ്റ് അമേരിക്കന്‍ സൈനികന് കൊല്ലപ്പെട്ടു. അമേരിക്കന്‍ സംഘത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് സൈനിക വക്താവ് ജനറല്‍ മൊഹമ്മദ് സഹീര്‍ അസ്മി പറഞ്ഞു. വെടിയുതിര്‍ത്തയാളും കൊല്ലപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി യഥാര്‍ത്ഥത്തില്‍ സൈനികനാണോയെന്നും മറ്റൊരാളുടെ യൂണിഫോമാണോ ധരിച്ചിരുന്നതെന്നും സൈനികനാണെങ്കില്‍ വെടിവയ്പിനുള്ള കാരണമെന്തെന്നും അന്വേഷിക്കും-അസ്മി പറഞ്ഞു.
അഫ്ഗാന് പോലീസിലും സൈന്യത്തിലും താലിബാന് ഭീകരര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന ആശങ്ക ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. അഫ്ഗാന് സൈനികര്‍തന്നെ നാറ്റോ സഖ്യത്തിനുനേരെ ആക്രമണം നടത്തിയ കേസുകളും ഉണ്ടായിട്ടുണ്ട്. ഭീകരര്‍ അഫ്ഗാന് സൈനിക യൂണിഫോം ധരിച്ചെത്തി ആക്രമണം നടത്തുന്നതും ഇവിടെ പതിവായിരിക്കുകയാണ്.
അഫ്ഗാന് സൈനികന്റെ വെടിയേറ്റ് യുഎസ് സൈനികന് കൊല്ലപ്പെട്ടുവെന്ന് നാറ്റോയുടെ പ്രസ്താവനയിലും പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പൗരത്വം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ തയ്യാറായിട്ടില്ല.
ദക്ഷിണ കാബൂളില്‍ നിന്നും 250 കിമി അകലെയുള്ള സാബൂള്‍ പ്രവിശ്യയിലെ അഫ്ഗാന് നാഷണല്‍ ആര്‍മി ആസ്ഥാനത്തുവച്ചാണ് വെടിവയ്പ് നടന്നത്. സമീപകാലത്തായി നടന്ന ഇത്തരം വെടിവയ്പില്‍ 11 നാറ്റോ സൈനികരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: