തൊടുപുഴ : മകരജ്യോതി ദിനത്തില്‍ മകരവിളക്ക് തെളിക്കാന്‍ മല അരയ സമുദായത്തെ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മല അരയ സംയുക്ത സമിതി. പന്തളം രാജാവ് പി. രാമവര്‍മ്മരാജാ എരുമേലിയില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത മകരദീപപ്രയാണ യാത്രയ്ക്ക് മുള്ളരിങ്ങാട്ട് രാവിലെ 10 മണിക്ക് നല്കിയ സ്വീകരണത്തിന് ശേഷം തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മല അരയ സംയുക്തസമിതി ഈ ആവശ്യം ഉന്നയിച്ചത്. മല അരയ സമുദായത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ദേവസ്വം ബോര്‍ഡല്ല ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മല അരയ സമുദായത്തിന് ശക്തമായ പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ വരും നാളുകളില്‍ സമുദായത്തിന്റെ പ്രതിഷേധം കൂടുതല്‍ ശക്തമാകും. ദീപം തെളിക്കുന്നതിനുള്ള അനുവാദം നല്കാന് സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണം.
ദേവസ്വം ബോര്‍ഡ് അധികൃതര്‍ മല അരയരെ പൊന്നമ്പലമേട്ടില്‍ നിന്നും ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമാണ് ദീപം തെളിക്കല്‍ കയ്യടക്കിയത്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് മല അരയര്‍ ആരും പൊന്നമ്പലമേട്ടില്‍ താമസിക്കുന്നില്ലെന്നാണ്. ഇത് യുക്തിക്ക് നിരക്കുന്നതല്ല. കൂടാതെ തിരുവനന്തപുരത്തുനിന്നും പാലക്കാട്ടു നിന്നുള്ളവരാണ് പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് മാധ്യമങ്ങളോട് പറയുന്നു. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പാലക്കാട്ട് എന്നുള്ള ഇടുക്കി ജില്ലയില്‍ വെള്ളാംതാനത് താമസിക്കുന്ന മല അരയ സമുദായത്തിലെ ഒരു കുടുംബമാണ്. ഇവര്‍ മുന്‍പ് പൊന്നമ്പലമേട്ടിലും പിന്നീട് പെരിയാറ്റിലും താമസിച്ചിരുന്നവരാണ്. തിരുവനന്തപുരത്തുനിന്നും ആരും അപേക്ഷ നല്‍കിയിട്ടില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.
മകരജ്യോതി ദിനത്തില്‍ മകരവിളക്ക് തെളിക്കുന്നതിലെ ഭക്തിയും പരിശുദ്ധയും പവിത്രതയും കാത്തു സൂക്ഷിക്കുവാന്‍ മല അരയര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് പന്തളം രാജാവ് പി. രാമവര്‍മ്മരാജയും, ശബരിമല മുഖ്യതന്ത്രി കണ്ഠരര് മഹേശ്വരും വ്യക്തമാക്കിയിട്ടുള്ളതാണ്. മല അരയരാണ് മകരവിളക്ക് തെളയിച്ചിരുന്നതെന്ന് മുന്‍ ദേവസ്വം കമ്മീഷണര്‍ നളിനാക്ഷന് നായരും പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. കൂടാതെ ഹൈന്ദവ സംഘടനകളുടെ പൊതുവേദിയായ ഹിന്ദുഐക്യവേദിയുടെ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും, മറ്റ് ഹൈന്ദവ സംഘടനകളും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും മല അരയരെ പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന യുഡിഎഫും മലഅരയരുടെ വോട്ട് നേടിയ ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന് ദേവസ്വം ബോര്ഡിനോടാണോ അതോ അരലക്ഷത്തില്‍പരം മല അരയ സമുദായത്തോടാണോ പ്രതിബദ്ധത എന്ന് വ്യക്തമാക്കണം.
15 ന് കാളകെട്ടി മഹാദേവക്ഷേത്രത്തില്‍ നിന്ന് ദീപവുമായി ആയിരങ്ങള്‍ പൊന്നമ്പലമേട്ടിലേക്ക് യാത്രതിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് മല അരയ സംയുക്തസമിതി ചെയര്മാന് പി.കെ ഭാസ്കരന്, അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര് ജനാര്ദ്ദനന്, ഐക്യ മലഅരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ്, സമുദായത്തിന്റെ ആത്മീയ പ്രസ്ഥാനമായ അയ്യപ്പധര്മ്മസംഘം പ്രസിഡന്റ് പ്രഭാകരന് കണ്ണാട്ട് കെ.എന്‍ ഗോപാലകൃഷ്ണന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: