ന്യൂദല്‍ഹി: ആരുഷി തല്‍വാര്‍ വധക്കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ നുപൂര്‍ തല്‍വാര്‍, രാജേഷ് തല്‍വാര്‍ എന്നിവര്‍ക്ക് അനുവദിച്ച ജാമ്യം ഫെബ്രുവരി നാല് വരെ സുപ്രീംകോടതി നീട്ടി നല്കി. അതേസമയം കേസില്‍ തല്വാറിനെതിരായ തുടര്‍നടപടികള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റീസ് എ.കെ.ഗാംഗുലി, ജെ.എസ്.ഖേഹര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ആരുഷിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരെ വിചാരണ ചെയ്യുന്നതിന് ജനുവരി ആറാം തീയതി സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. 2008 മേയ് 16നാണ് കേസിനാസ്പദമായ സംഭവം. ഡോക്ടര്‍മാരായ നൂപുര്‍- രാജേഷ് ദമ്പതികളുടെ മകള്‍ ആരുഷിയുടെ മൃതദേഹം നോയിഡയിലെ അപ്പാര്‍ട്ട്മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്നു വീട്ടുജോലിക്കാരന് ഹേംരാജിന്റെ മൃതദേഹവും ടെറസില്‍ നിന്നു കണ്ടെടുത്തു. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അറസ്റ്റിലായ രാജേഷിന് രണ്ടു മാസത്തിനു ശേഷം ജാമ്യം ലഭിക്കുകയായിരുന്നു.
പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ രണ്ടര വര്‍ഷത്തെ അന്വേഷണത്തിനു ശേഷം തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതായി പ്രത്യേക സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോടതി ആ റിപ്പോര്‍ട്ട് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: