കോഴിക്കോട്: ടോമിന് ജെ. തച്ചങ്കരിയെ പോലീസ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തച്ചങ്കരിയുടെ വിദേശയാത്രയില്‍ അനഭിമതരുമായി ബന്ധപ്പെട്ടുവെന്നും വിദേശയാത്രാ ചെലവുകള്‍ മറ്റ് ചിലരാണ് വഹിച്ചതെന്ന റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. സംസ്ഥാന ഗവണ്മെന്റ് നിരവധി തവണ തച്ചങ്കരിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ ശുപാര്‍ശ പ്രകാരമാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തതെന്ന വാദം ആഭ്യന്തരസഹമന്ത്രി അത്തരമൊരു ശുപാര്ശയുണ്ടായില്ല എന്ന് വെളിപ്പെടുത്തിയതോടെ പൊളിഞ്ഞിരിക്കുകയാണ്. തച്ചങ്കരിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് സംശയാസ്പദമാണ്.
തടിയന്റവിട നസീറിനെ രക്ഷപ്പെടുത്താന്‍ തച്ചങ്കരി ശ്രമിച്ചുവെന്നതും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. തച്ചങ്കരിയെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നത് സര്‍ക്കാരില്‍ തീവ്രവാദശക്തികള്ക്കുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. തച്ചങ്കരിയുടെ കാര്യത്തില്‍ സസ്പെന്‍ഷനും തിരിച്ചെടുക്കലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. തച്ചങ്കരിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ബിജെപി സംസ്ഥാനതലത്തില്‍ ശക്തമായ ജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മുരളീധരന് പറഞ്ഞു. കുട്ടനാട് പാക്കേജില്‍ സ്വാമിനാഥന് കമ്മീഷന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
ടൂറിസ്റ്റ്, റിസോര്‍ട്ട് മാഫിയകളെയും കായല്കൊള്ളക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര പഠന സംഘം കുട്ടനാട് പാക്കേജ് നടപ്പിലാക്കണമെന്നും നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ച തിരുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 300 കോടി നഷ്ടമുണ്ടാകുമെന്ന വാദമുയര്‍ത്തി 2000 കോടി രൂപയുടെ നഷ്ടം വരുത്തിവെക്കാനാണ് സംസ്ഥാന കൃഷിമന്ത്രി ശ്രമിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി കൈക്കൊള്ളുന്നത്. നെല്ലുല്പാദനം 14 ലക്ഷം ടണ്ണില്‍ നിന്നും ആറ് ലക്ഷം ടണ്ണായി കുറഞ്ഞ സാഹചര്യത്തില്‍ കുട്ടനാട് പാക്കേജ് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം. പാക്കേജ് നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയവരെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാസെക്രട്ടറി ടി.പി.സുരേഷും പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: