മൂവാറ്റുപുഴ: കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് സമയത്ത് തന്നെ എത്തുന്ന സ്വകാര്യ ബസ് യാത്രക്കാരെ കയറ്റി പോകുന്നത് കെ എസ് ആര് ടി സി ബസ് വട്ടമിട്ട് ജീവനക്കാര്‍ തടഞ്ഞു.
തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന പി ടി എസ് ബസ്സിനെയാണ് നെഹൃപാര്ക്കില് വച്ച് മൂവാറ്റുപുഴയില്‍ നിന്നും കാക്കനാട്ടേക്ക് പോകുന്ന കെ എസ് ആര് ടി സി ജീവനക്കാര്‍ തടഞ്ഞത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. 5.20നാണ് കെഎസ്ആര് ടി സി സര്‍വ്വീസ് സമയം. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് അരമന ജംഗ്ഷനിലും കച്ചേരിത്താഴത്തും യാത്രക്കാരെ കയറ്റുന്നതിനിടയില്‍ വന്ന സ്വകാര്യ ബസ്സ് കെ എസ് ആര് ടി സിക്ക് മുമ്പ് കടന്ന് യാത്രക്കാരെ കയറ്റി നീങ്ങിയത്.
നല്‍കിയിരിക്കുന്ന സമയത്തിനും മുമ്പ് എത്തിയാണ് സ്വകാര്യബസ് കെ എസ് ആര് ടി സിക്ക് ലഭിക്കേണ്ട യാത്രക്കാരെ കയറ്റിയതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇത് സ്ഥിരം സംഭവമായതോടെയാണ് ഇന്നലെ കെ എസ് ആര് ടി സി ജീവനക്കാര്‍ സ്വകാര്യ ബസ് തടഞ്ഞത്.
മൂവാറ്റുപുഴ കാക്കനാട് റൂട്ടില്‍ കെ എസ് ആര് ടി സി സര്‍വ്വീസ് മുടക്കാന്‍ സ്വകാര്യ ബസ്സുകള്‍ പതിവായി ശ്രമിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം യാത്രക്കാര്‍ ഭയപ്പെട്ടാണ് യാത്ര ചെയ്തിരുന്നതും. ഈ റൂട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസ് തുടങ്ങിയതോടെ ഒട്ടു മിക്ക യാത്രക്കാരും യാത്ര അതിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇതോടെ കെ എസ് ആര് ടി സി ബസ്സുകള്‍ക്ക് തലവച്ച് പോകുന്ന പതിവ് സ്വകാര്യ ബസ്സുകളും തുടങ്ങി. ഇത് കെ എസ് ആര് ടി സിയുടെ കളക്ഷനെ ബാധിച്ചതോടെയാണ് ജീവനക്കാര്‍ തന്നെ ബസ് തടഞ്ഞത്.
നഗരമധ്യത്തില്‍ ബസ്സുകള്‍ തടഞ്ഞതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. വിവരമറിഞ്ഞെത്തിയ പൊലീസാണ് ബസുകള്‍ റോഡില്‍ നിന്നും മാറ്റിയത്. ഇരുകൂട്ടരുടെയും രേഖകള്‍ പരിശോധിച്ച് ശേഷം സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: