തിരുവനന്തപുരം: അയ്യപ്പഭക്തി പ്രസ്ഥാനത്തിനും അയ്യപ്പ സേവാ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത ആഘാതമാണ് എം.എന്‍.സുകുമാരന്‍ നമ്പ്യാരുടെ ആകസ്മിക നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. നിസ്വാര്‍ഥ അയ്യപ്പ ഭക്തിയുടെ നിറകുടമായിരുന്നു ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം. അയ്യപ്പ ധര്‍മത്തിനും ഭക്തിക്കും വിശ്വാസത്തിനും ആഗോള തലത്തില്‍ പ്രശസ്തിയും പ്രാമുഖ്യവും ലഭിച്ചതിനുപിന്നില്‍ അദ്ദേഹത്തിന്റെ അച്ഛന് എം.എന്‍.നമ്പ്യാരും സുകുമാരന്‍ നമ്പ്യാരും ചെയ്തിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണെന്നും കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
കുട്ടിക്കാലം മുതല്‍ അച്ഛന്റെ തോളിലേറി ശബരിമല ദര്‍ശനത്തിന് മല ചവിട്ടിയ ത്യാഗനിര്‍ഭരമായ തീര്‍ഥയാത്രയുടെ അഭിമാനകരമായ സ്മരണകള്‍ സുകുമാരന്‍ നമ്പ്യാര്‍ പലപ്പോഴും സഹപ്രവര്‍ത്തകരോട് പറയാറുണ്ടായിരുന്നു. അയ്യപ്പ തീര്‍ഥാടനത്തിന് ആഗോള പ്രശസ്തി നേടിയെടുക്കാനും കൂടുതല്‍ ബഹുജനപങ്കാളിത്തം ഉണ്ടാകുന്നതിനും വേണ്ടി ചെറുപ്രായത്തില്‍ത്തന്നെ അച്ഛനോടൊപ്പം അദ്ദേഹം യാത്ര ചെയ്തിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്ര ചെയ്ത് ഗുരുസ്വാമിമാരെ കാണുകയും അയ്യപ്പന്മാരെ കോര്‍ത്തിണക്കി ബഹുജന സംഘടന രൂപീകരിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അവസാന നാളുകളില്‍ രോഗശയ്യാവലംബിയായി ത്തീര്‍ന്ന അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ശബരിമല അയ്യപ്പസേവാ സമാജമെന്ന പേരില്‍ അയ്യപ്പ സേവാസന്നദ്ധ പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കിയത്. പത്തുവര്‍ഷം മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ അദ്ദേഹം സജീവ രാഷട്രീയത്തിലേക്ക് കടന്നുവന്നു. ദേശീയ കോശാധ്യക്ഷനെന്ന പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. തമിഴ്നാട്ടില്‍നിന്നും പാര്‍ലമെന്റിലേക്ക് അംഗങ്ങളെ വിജയിപ്പിക്കാന്‍ സുകുമാരന്‍ നമ്പ്യാരുടെ സമര്‍ഥമായ നേതൃത്വത്തിന് കഴിഞ്ഞതായി കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
അച്ഛന് എം.എന്‍.നമ്പ്യാരുടെ മരണത്തോടെ തമിഴ്നാട്ടിലെ അയ്യപ്പഭക്തന്മാരുടെ മഹാഗുരു എന്ന പദവിയിലേക്ക് സുകുമാരന്‍ നമ്പ്യാര്‍ നിയോഗിക്കപ്പെട്ടു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങി നിരവധി സ്ഥലങ്ങളില്‍നിന്നും അയ്യപ്പന്മാരെ സംഘടിപ്പിച്ച് എല്ലാ മണ്ഡല-മകരവിളക്കുകാലങ്ങളിലും മലചവിട്ടി ദര്‍ശനം നടത്തുക പതിവായിരുന്നു. തമിഴ്നാട്ടില്‍ വ്യാപകമായ രീതിയില്‍ അയ്യപ്പഭക്തി പ്രസ്ഥാനത്തെ ബഹുജനമുന്നേറ്റമാക്കി തീര്‍ത്തത് എം.എന്‍.നമ്പ്യാരുടെ ത്യാഗോജ്ജ്വലമായ നീണ്ടനാളത്തെ പ്രവര്‍ത്തന ഫലമാണ്. അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് മഹാഗുരുസ്വാമി സ്ഥാനം ഏറ്റെടുത്ത സുകുമാരന്‍ നമ്പ്യാര്‍ ശബരിമല അയ്യപ്പ സേവാസമാജം എന്ന ബൃഹത്തായ പ്രസ്ഥാനത്തിന് രൂപം നല്കി. അചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അയ്യപ്പധര്‍മത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ധര്‍മസംരക്ഷണത്തിനും വേണ്ടി 2008 ലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. അന്നദാന കേന്ദ്രങ്ങള്‍, ചികിത്സാലയങ്ങള്‍, തണ്ണീര്‍ പന്തലുകള്‍, വാസസ്ഥലങ്ങള്‍, ഇടത്താവളങ്ങള്‍ തുടങ്ങി അയ്യപ്പന്മാര്ക്കുവേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങള്‍ സമാജം നടത്തിവരുന്നു. ശബരിമല, കൂനംകര, പത്തനംതിട്ട, എരുമേലി തുടങ്ങി ശബരിമലയ്ക്കുള്ള പ്രധാനപാതകളില്‍ ഏതാണ്ട് 65 ല്‍ പരം അയ്യപ്പസേവാകേന്ദ്രങ്ങള് സമാജം നടത്തുന്നുണ്ട്.
ശബരിമലയില്‍ എം.എന്‍.നമ്പ്യാരുടെ സ്മാരകമായി സേവാകേന്ദ്രം പടുത്തുയര്‍ത്തുന്നതില്‍ സുകുമാരന്‍ നമ്പ്യാര്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. വളരെ സൗമ്യഭാവത്തോടെ ആരോടും ഇടപഴകുന്ന എളിമയാര്‍ന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതവിശുദ്ധിയുടെ സൗകുമാര്യംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഉജ്ജ്വല വ്യക്തിത്വമാണ് നമുക്ക് നഷ്ടപ്പെട്ടത്. വളരെ ശാന്തനും ലാളിത്യവും എളിമയുംകൊണ്ട് ആരുമായും സൗഹൃദം ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി ആര്‍ക്കും ഹൃദ്യമായ അനുഭവമായിരുന്നു. പ്രതിസന്ധികളിലും പ്രക്ഷുബ്ധമായ സമസ്യകളിലും ഒരിക്കല്‍പോലും അടിപതറാതെ ആത്മസംയമനത്തോടും സഹിഷ്ണുതയോടുംകൂടി ധീരമായ നേതൃത്വം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞതായി കുമ്മനം രാജശേഖരന് അനുസ്മരിച്ചു.
ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും വ്യക്തമായ കര്‍മപദ്ധതി സുകുമാരന്‍ നമ്പ്യാര്‍ തയ്യാറാക്കുകയുണ്ടായി. അതിന്റെ അവസാന മിനുക്കുപണികള്‍ നടത്തിവരവെയാണ് വിധി അദ്ദേഹത്തിന്റെ ജീവന് കവര്‍ന്നെടുത്തത്, കുമ്മനം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: