അന്തരീക്ഷത്തിന് അശാന്തി ഭവിച്ചാല്‍ ആപത്തുണ്ടാവുമെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂര്‍വികര്‍. ജലത്തിലും വായുവിലും അന്തരീക്ഷത്തിലും വന്നുചേരുന്ന അശാന്തി സമസ്ത ജീവജാലങ്ങളുടേയും നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന് അവര്‍ കണ്ടറിഞ്ഞു. അതുകൊണ്ടാണ് വേദമന്ത്രങ്ങളില്‍ ഇത്തരമൊരു പ്രാര്‍ത്ഥന അവര്‍ കുറിച്ചു ചേര്‍ത്തത്.
ദ്യ്; ശാന്തി: അന്തരീക്ഷം; ശാന്തി:
പൃഥിവി ശാന്തി: ആപ; ശാന്തി:
ഓഷധയ; ശാന്തി: വനസ്പതയ; ശാന്തി:
സര്‍വം ശാന്തി:
പക്ഷെ അന്തരീക്ഷത്തിന്റെ ശാന്തി വെറുമൊരു കടംകഥയാണിന്ന്. കോടാനുകോടി രാസകണികകളും വിഷതന്മാത്രകളുമൊക്കെച്ചേര്‍ന്ന് അന്തരീക്ഷത്തെ അശാന്തികൊണ്ട് നിറച്ചിരിക്കുന്നു. ആ അശാന്തിയില്‍നിന്ന് ഒരൊറ്റ ജീവജാലങ്ങള്‍ക്കും മോചനമില്ല. നിമിഷം പ്രതി ജനിക്കുന്ന പേരറിയാ രോഗങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന മനുഷ്യന്റെ കാര്യവും മറിച്ചല്ല. അഗ്നിപര്‍വതങ്ങളും കല്‍ക്കരിഖനികളും കോടാനുകോടി ഫാക്ടറിക്കുഴലുകളും അതിലേറെ വാഹനങ്ങളും ചുണ്ടിലെരിയുന്ന സിഗരറ്റുകളുമൊക്കെച്ചേര്‍ന്നാണ് അന്തരീക്ഷത്തിന് അശാന്തി സമ്മാനിക്കുന്നത്.
ആഗോളതലത്തില്‍ മലിനീകരണം സംഭവിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ നാലുപേരാണ്-സള്‍ഫറിന്റെ ഓക്സൈഡുകള്‍, നൈട്രജന്റെ ഓക്സൈഡുകള്‍, കാര്‍ബണ്‍ ഓക്സൈഡുകള്‍…പിന്നെ ഹൈഡ്രോ കാര്‍ബണുകളും. ഇവ ഒറ്റക്കൊറ്റയ്‌ക്കും സൂര്യകോശത്തില്‍ ഇതര രാസവസ്തുക്കളുമായി ചേര്‍ന്നും മാലിന്യവിപ്ലവത്തിനു കളമൊരുക്കുന്നു. ആസിഡുകള്‍, ആന്‍ഡിഹൈഡുകള്‍, രാസസംയുക്തങ്ങള്‍, കൃറ്റോണ്‍, പെറോക്സി അസെയില്‍ നൈട്രേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി അന്യപദാര്‍ത്ഥങ്ങള്‍ അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു.
ഓരോ രാസവസ്തുവിനും അതിന്റേതായ സംഭാവനകളാണ് നല്‍കുവാനുള്ളത്. സള്‍ഫര്‍ ഡൈഓക്സൈഡ് കൂടുതല്‍ ശ്വസിച്ചാല്‍ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ പിന്നാലെയെത്തും. സള്‍ഫര്‍ ഡൈ ഓക്സൈഡ് ചെടികളുടെ ഇലയ്‌ക്കുള്ളില്‍ പ്രവേശിച്ചാല്‍ അതിന്റെ ഹരിതകം അഥവാ ക്ലോറോഫില്‍ ബ്ലീച്ച് ചെയ്ത് നശിപ്പിക്കും (ആ അവസ്ഥയുടെ പേര് ക്ലോറോസിസ്). ഈര്‍പ്പവുമായി ചേരുമ്പോള്‍ ഈ ഓക്സൈഡ് ആസിഡിന്റെ രൂപം കൈക്കൊള്ളും. അങ്ങനെ കൊടുംഭീകരനായ സല്‍ഫ്യൂരിക് ആസിഡ് ജനിക്കും. മഴയുമായി ചേര്‍ന്നാല്‍ അമ്ലമഴ പെയ്യും. ആ മഴയില്‍ ജലജീവികള്‍ രോഗികളാവും. മാര്‍ബിള്‍ ശിലകള്‍പോലും ദ്രവിക്കും.
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ പ്രത്യേകത ചീഞ്ഞനാറ്റമാണ്. ശ്വസിച്ചാല്‍ തലവേദനയും ഛര്‍ദ്ദിയും. ഏറെയായാല്‍ കേന്ദ്രനാഡീവ്യൂഹം തളരും. അഗ്നിപര്‍വതം, മലിനജലം, ഓടകള്‍, ചീഞ്ഞ ജൈവവസ്തുക്കള്‍ തുടങ്ങിയവയില്‍നിന്നെല്ലാം കൂടി പ്രതിവര്‍ഷം 300 ലക്ഷം ടണ്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് അന്തരീക്ഷത്തിലെത്തുന്നതായാണ് കണക്ക്.
നൈട്രജന്റെ ഓക്സൈഡുകളുടെ പ്രധാന ജോലി ഓസോണ്‍ വലയം കരണ്ടുതിന്നുകയെന്നതാണ്. ഓസോണ്‍ തന്മാത്രയെ പിളര്‍ത്തി ഓക്സജനാക്കി മാറ്റുകയെന്നര്‍ത്ഥം. വരവ് പ്രധാനമായും മോട്ടോര്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയിലൂടെ ഓക്സൈഡ് കുടുംബത്തില്‍ വരുന്ന ഡൈ നൈട്രജന്‍ ട്രൈ ഓക്സൈഡും പെന്റോക്സൈഡും സെട്രിക് ആസിഡിന്റെ രൂപം കൈക്കൊള്ളാന്‍ അന്തരീക്ഷത്തിലെത്തിയാല്‍ അധികം കാത്തിരിക്കേണ്ടി വരില്ല. നൈട്രജന്‍ ഡൈ ഓക്സൈഡ് അകത്തുചെന്നാല്‍ ഫലം ശ്വാസകോശ രോഗങ്ങളായിരിക്കും. അധികമായാല്‍ മരണവും. കാര്‍ബണ്‍ അടങ്ങിയ വസ്തുക്കളുടെ അപൂര്‍ണജ്വലനമാണ് കാര്‍ബണ്‍ മോണോക്സൈഡിന് ജന്മം നല്‍കുന്നത്. രക്തത്തിലെ ഹീമോഗ്ലാബിന് പ്രാണവായുവായ ഓക്സിജനെക്കാളും പ്രിയം കാര്‍ബണ്‍മോണോക്സൈഡിനോടാണ്.
കടുത്ത സാന്ദ്രതയുള്ള കാര്‍ബണ്‍ മോണോക്സൈഡ് വലിച്ചുകയറ്റിയാല്‍ പരിസരബോധം നഷ്ടപ്പെടും; ഒപ്പം സ്വയം തീരുമാനമെടുക്കാനുള്ള കഴിവും. ഒട്ടേറെ വാഹന അപകടങ്ങള്‍ക്ക് ഇത് കാരണമാവും. ദശലക്ഷത്തില്‍ 1000 അംശം (1000 പാര്‍ട് പര്‍ മില്യണ്‍) കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിദ്ധ്യം പോലും മരണത്തെ വിളിച്ചുവരുത്തും. സിഗരറ്റ് കത്തിച്ചു വലിക്കുമ്പോഴുണ്ടാകുന്ന പുകയിലും ഈ വില്ലന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുക വലിച്ചു കയറ്റുന്നതിനേക്കാളും അപകടമാണ് പുറത്തുവിടുന്ന പുക മൂക്കിലേക്ക് വലിക്കുന്നത്. മോണോക്സൈഡിനൊപ്പം പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഒരു വിഷമെന്ന് വിളിക്കാനാവില്ലെങ്കിലും ഭൂമിയുടെ ചൂട് അമിതമായി വര്‍ധിക്കുന്നതിന് കാരണമാവുന്നു; ഒപ്പം അപകടകരമായ ഹരിത ഗൃഹപ്രഭാവം (ഗ്രീന്‍ ഹൗസ് ഇഫക്ട്) സൃഷ്ടിക്കുന്നതിനും.
വാതകരൂപത്തിലല്ലാതെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മാലിന്യങ്ങളാണ് കണികാ പദാര്‍ത്ഥങ്ങള്‍. ഇവയെ ഖരമായും ദ്രാവകമായും കാണാം. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ പൊടി, പുക. ഫ്യൂം, മിസ്റ്റ്, ഫോഗ് എയ്‌റോസോള്‍ എന്നിങ്ങനെ പല പേരുകളിലാണ് അവയെ വിളിക്കുന്നത്.
അതുപോലെതന്നെ അപകടകാരികളാണ് ഹൈഡ്രോ കാര്‍ബണുകളും. ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം ചതുപ്പില്‍നിന്നുയിര്‍ക്കൊള്ളുന്ന മീഥേന്‍ മുതല്‍ വ്യവസായശാലകളും വാഹനങ്ങളും അഹമിഹയാ പുറംതള്ളുന്ന ടുളുവിന്‍, ബ്യൂട്ടേന്‍, എതിലിന്‍, അസറ്റിലിന്‍ തുടങ്ങിയവവരെയും ഹൈഡ്രോ കാര്‍ബണുകളാണെന്ന് അറിയുക.
അന്തരീക്ഷം വിഷലിപ്തമാക്കുന്നതില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള പങ്ക് കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഡീസല്‍ എഞ്ചിനുകളാണ് ഏറ്റവും കൂടുതല്‍ പുക തുപ്പുന്നത്. അവയില്‍ ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകളും നന്നെ ചെറിയ നാനോധൂളികളും അടങ്ങിയിരിക്കുന്നു. അവ നേരിട്ട് ശ്വാസകോശത്തിലേക്ക് കടന്നുകയറി അപകടമുണ്ടാക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ നഗരമലിനീകരണത്തിന് പ്രധാന കാരണം ഡീസല്‍ വാഹനങ്ങളാണെന്ന് ലോകബാങ്ക് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അവ അര്‍ബുദമുണ്ടാക്കാന്‍ കാരണമാവുന്നതായി ലോകാരോഗ്യസംഘടന തന്നെ നീരീക്ഷിച്ചിട്ടുണ്ട്. ഡീസലിന്റെ തന്മാത്രാ ഭാരം പെട്രോളിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പെട്രോള്‍ വാഹനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ മികച്ച പല സാങ്കേതികവിദ്യകളും നിലവിലുണ്ട്. എന്നാല്‍ ഡീസല്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇനിയും നാം മുന്നേറേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ഡീസലില്‍ ഗന്ധകത്തിന്റെ അംശം വളരെ കൂടുതലാകയാല്‍ അതിന്റെ ഗുണമേന്മഒട്ടും മികച്ചതല്ലായെന്ന പോരായ്മയുണ്ട്.
അന്തരീക്ഷമലിനീകരണവും മാരകരോഗങ്ങളുടെ ആവിര്‍ഭാവവുമായി ബന്ധമുള്ളതായി ഗവേഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരു ദശകത്തില്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ 15 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യവാന്മാരായി പിറന്നുവീണ കുട്ടികള്‍ക്ക് ആറാഴ്ച തികയുംമുമ്പേ നില്‍ക്കാത്ത തുമ്മലും ശ്വാസംമുട്ടലും വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. മലിനീകരണം മൂലം നവജാത ശിശുക്കളുടെ പ്രതിരോധ ശക്തി കുറയുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച തളരുന്നതായും മുരടിക്കുന്നതായും ഗവേഷകര്‍ പറയുന്നു. മലിനീകരണം മൂലം ശുദ്ധവായുവിന്റെ ലഭ്യത കുറയുന്നത് ഹൃദയരോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. നേരിയ തോതില്‍ അലര്‍ജിനുകള്‍ ശരീരത്തിലെത്തിയാല്‍ പോലും കടുത്ത അലര്‍ജി രോഗം പിടികൂടുന്നതും മലിനീകരണത്തിന്റെ പിന്‍ബലം മൂലമാണത്രെ.
വാഹനമാലിന്യത്തിലെ കണികകളുടെ അതിപ്രസരം ശ്വാസകോശത്തിലെ കോശങ്ങളെ രോഗാതുരമാക്കാന്‍ പ്രേരിപ്പിക്കുന്നതായും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓര്‍ക്കുക. ദല്‍ഹി ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 13000 പുതിയ ക്യാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതില്‍ 10 ശതമാനവും ശ്വാസകോശ അര്‍ബുദ കേസുകള്‍.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: