ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകരന് ഡേവിഡ് ഹെഡ്ലിക്കും മറ്റ് എട്ടുപേര്‍ക്കുമെതിരെ എന്‍ഐഎ നല്കിയ കുറ്റപത്രം പരിഗണിക്കുന്നത് സംബന്ധിച്ച വാദം ദല്‍ഹി കോടതി ഈ മാസം 21ലേക്ക് മാറ്റി. കുറ്റപത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്ന് ഹാജരാക്കാന്‍ പ്രത്യേക ജഡ്ജി എച്ച്.എസ്.ശര്‍മ്മ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണം (26/11) ഉള്‍പ്പെടെയുള്ള കേസുകളില്‍ കഴിഞ്ഞമാസം 24നാണ് ഹെഡ്ലിക്കും കൂട്ടാളി തഹാവൂര്‍ റാണ, ലഷ്കറെ തൊയ്ബ സ്ഥാപകന്‍ ഹഫീസ് സയീദ് തുടങ്ങിയവര്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഐഎസ്ഐക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് പാക് സൈനിക ഉദ്യോഗസ്ഥരായ മേജര്‍ ഇഖ്ബാല്‍, മേജര്‍ സമീര്‍ അലി എന്നിവരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തിനെതിരായ യുദ്ധം, നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം അല്‍ഖ്വയ്ദ ഭീകരന് ഇല്യാസ് കാശ്മീരി, ഹെഡ്ലിയുടെ കൂട്ടാളിയായ സാജിദ് മാലിക്ക്, മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹ്മാന് ഹാഷ്മി എന്നിവരും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള രാജ്യത്തോ സ്ഥലങ്ങളിലോ അന്വേഷണത്തിന് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതിക്കായുള്ള അപേക്ഷക്കും ക്രിമിനല്‍ നടപടിച്ചട്ടം 166എ പ്രകാരം എന്‍ഐഎ അനുമതി തേടിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹെഡ്ലിയും റാണയും ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലാണ്. ഇന്ത്യയിലെ വിവിധ ഛാബാഡ് ഹൗസുകള്‍, ഭാഭാ അണുഗവേഷണ കേന്ദ്രം, മുംബൈയിലെ മന്ത്രാലയം, എയര്‍ഇന്ത്യാ സമുച്ചയം, നാഷണല്‍ ഡിഫന്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം ചിത്രങ്ങളും വിവരങ്ങളും ഹെഡ്ലി ശേഖരിച്ചതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: