തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ അനധികൃത നിയമനം നേടിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ബന്ധുവിനെ പുറത്താക്കണമെന്ന് യുവമോര്‍ച്ച പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമന ക്രമങ്ങള്‍ ലംഘിച്ചാണ് ചെന്നിത്തലയുടെ അടുത്ത ബന്ധുവായ കടവന്ത്ര സ്വദേശി എസ്.സുരേഷിന് മെഡിക്കല്‍ കണ്‍സള്‍ട്ടന്റായി നിയമനം നല്‍കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്നു വാങ്ങുന്നതിലൂടെ മരുന്നു മാഫിയകളുമായി ചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താനാണെന്നും രാജേഷ് ആരോപിച്ചു.
ബിഎസ്സി കെമിസ്ട്രി തേര്‍ഡ് ക്ലാസില്‍ പാസായ സുരേഷിനെ കണ്‍സ്യൂമര്‍ ഫെഡില്‍ മുമ്പില്ലാതിരുന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് എന്ന തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. ഇരുപത്തി അയ്യായിരം രൂപ ശമ്പളവും വീടും കാറും അടക്കം മാസം ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ ആനുകൂല്യങ്ങളാണ് ഇയാള്‍ക്കു ലഭിക്കുക. ഇത്തരത്തില്‍ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചിരിക്കുന്നത് കണ്‍സ്യൂമര്‍ഫെഡ് അധികാരികളല്ല മറിച്ച് യുഡിഎഫ് നേതൃത്വമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഘടകകക്ഷികളടക്കമുള്ളവര് തങ്ങളുടെ ഇഷ്ടാനുസരണം ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി പൊതു ഖജനാവ് കട്ടുമുടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും രാജേഷ് ആരോപിച്ചു.
ബിരുദധാരിയായ സുരേഷിന് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും തന്നെയില്ല. മാത്രമല്ല എറണാകുളത്ത് ഒരു ഫാന്‍സി സ്റ്റോര്‍ നടത്തിയ മുന്‍പരിചയം മാത്രമുള്ള സുരേഷിന് മെഡിക്കല്‍ കണ്സള്ട്ടന്റാകാനുള്ള പരിചയമോ യോഗ്യതയോ ഇല്ല. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാതെ സുരേഷ് സ്വയം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ട് സത്യം പുറത്തു കൊണ്ടു വരണം. യോഗ്യതയില്ലാത്ത എസ്.സുരേഷിനെ കണ്‍സ്യൂമര്‍ഫെഡ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും ഉടന്‍ പിരിച്ചു വിടണമെന്നും അല്ലാത്തപക്ഷം യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: