ന്യൂദല്‍ഹി: ടെലികോം അഴിമതി കേസില്‍ മൂന്നുവര്‍ഷം തടവിനു വിധിക്കപ്പെട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം കോടതിയില്‍ കീഴടങ്ങി. ആംബുലന്‍സിലാണ് ഇദ്ദേഹത്തെ കോടതിപരിസരത്ത് എത്തിച്ചത്. സി.ബി.ഐയുടെ സ്പെഷല്‍ ജഡ്ജി സഞ്ജീവ് ജെയിന് കോടതിക്ക് പുറത്തുവന്ന് സുഖ്റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.
സുഖ്റാമിനോട് ഇന്ന് കീഴടങ്ങാന്‍ സി.ബി.ഐ കോടതി ഉത്തരവിട്ടിരൂന്നു. അല്ലാത്തപക്ഷം സുഖ്റാമിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കീഴടങ്ങിയത്. അതിനിടെ സുഖ്റാം അബോധാവസ്ഥയിലായതിനാല്‍ കോടതിയില്‍ ഹാജരാകാനാവില്ലെന്ന് ഇന്നലെ കോടതിയില്‍ പറഞ്ഞ അഭിഭാഷകന് ഇന്ന് അക്കാര്യം മാറ്റി പറഞ്ഞു. സുഖ്റാം അബോധാവസ്ഥയിലല്ലെന്നും വല്ലാത്ത ഒരു തരം മന്ദതയാണ് അദ്ദേഹത്തെ അലട്ടുന്നതെന്നും ഇന്ന് ഹാജരായ അഭിഭാഷകന് അനില്‍ നാഗ് പറഞ്ഞു.
ടെലികോം വകുപ്പിനായി ഗുണ നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ട് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ പ്രത്യേക സി.ബി.ഐ. കോടതി സുഖ്റാമിന് മൂന്നുവര്‍ഷം തടവും രണ്ടു ലക്ഷം പിഴയും വിധിച്ചിരുന്നു. 1993 മുതല്‍ 96 വരെ നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ്റാമിന്റെ വസതിയില്‍നിന്ന് 3.6 കോടിരൂപ സി.ബി.ഐ. പിടിച്ചെടുത്തിരുന്നു.
സുഖ്റാമിന്റെ കൂട്ടുപ്രതികളായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രുണു ഘോഷ്, ഹൈദരാബാദിലെ ബിസിനസുകാരനായ രാമറാവു എന്നിവര്‍ കോടതിയില്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ഇവര്‍ക്കു യഥാക്രമം രണ്ടുവര്‍ഷവും മൂന്നുവര്ഷവുമാണു തടവ്. ഇവരെ ജയിലിലേക്കയച്ചിട്ടുണ്ട്.
കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവച്ച ദല്‍ഹി ഹൈക്കോടതി ഇന്നലെ കീഴടങ്ങാന്‍ പ്രതികള്‍ക്ക് ഉത്തരവു നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇളവൊന്നും നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: