കോഴിക്കോട്: കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ നഴ്സിന്റെ കൈ തല്ലിയൊടിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.
72 മണിക്കൂറിനകം പ്രതികളെ പിടികൂടാമെന്ന പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെ പുരുഷന്മാരുടെ വാര്‍ഡായ എഴാം വാര്‍ഡില്‍ വച്ചാണ് ചെലവൂര്‍ സ്വദേശി രവി (65)യുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് അല്‍ഫോന്‍സയ്ക്ക് മര്‍ദ്ദനമേറ്റത്. ഇതിനെ തുടര്‍ന്ന് നഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. മര്‍ദ്ദിച്ചവരെ അറസ്റ്റു ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് പിന്നീട് പണിമുടക്ക് പിന്‍വലിച്ചിരുന്നു.
എന്നാല്‍ സംഭവം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും അക്രമികളെ പിടികൂടത്തതില്‍ പ്രതിഷേധിച്ചായിരുന്നു നഴ്സുമാര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചത്. വയനാട് അമ്പലവയല്‍ താഴെഅരിവയല് ബിജു, ചെലവൂര്‍ താഴെചെറുവലത്ത് ബൈജു എന്നിവരാണ് നഴ്സിനെ മര്‍ദ്ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ആശുപത്രി സൂപ്രണ്ട് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവം പോലീസില്‍ അറിയിക്കാന്‍ വൈകിയതിനാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നോട്ടീസ്. രോഗിക്കൊപ്പം കൂടുതല്‍ പേരെ അകത്തേക്ക് കടത്തിവിട്ടതിന്റെ വിശദീകരണമാണ് സെക്യൂരിറ്റിക്കാരോട് തേടിയിട്ടുള്ളത്.
കഴിഞ്ഞദിവസം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അഡ്മിഷന് ദിവസങ്ങളില്‍ വാര്‍ഡില്‍ ഒരു സ്റ്റാഫ്നഴ്സിനെക്കൂടി നിയമിക്കുന്നതിനും ആശുപത്രി വികസന സമിതിയുമായി ആലോചിച്ച് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിനും തീരുമാനമായി. രാത്രി ഷിഫ്റ്റില്‍ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്താനും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: