തിരുവനന്തപുരം: സ്വാമി വിവേകാനന്ദന് കേരള സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച കൃഷ്ണശിലാമഞ്ചം ഭാരതീയവിചാരകേന്ദ്രം ആസ്ഥാന മന്ദിരമായ സംസ്കൃതി മന്ദിരത്തിലേക്ക്. ഇതു സംബന്ധിച്ച രേഖകള്‍ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് ഏറ്റുവാങ്ങി. 1892ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച അവസരത്തില്‍ റാവുബഹദൂര്‍ പ്രൊഫസര്‍ മനോന്മണീയം സുന്ദരംപിള്ള വിവേകാനന്ദ സ്വാമിക്ക് ആതിഥ്യമരുളിയിരുന്നു. മൂന്നു ദിവസം ഈ വീട്ടില്‍ താമസിച്ചാണ് സ്വാമിജി പൗരപ്രമുഖരും സാമുദായിക നേതാക്കളുമായി ആശയവിനിമയം നടത്തിയത്.
സുന്ദരംപിള്ളയുടെ വസതിയിലെ കൃഷ്ണശിലാമഞ്ചത്തിലാണ് അന്ന് സ്വാമിജി ശയിച്ചത്. സ്വാമി വിവേകാനന്ദനോടുള്ള ഭക്തി മൂലം സുന്ദരംപിള്ള ഈ കട്ടില് നിധി പോലെ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ പുത്രനും പിന്നീട് മന്ത്രിയുമായ പി.എസ്.നടരാജപിള്ളയും പവിത്രമായ വസ്തു എന്ന നിലയിലാണ് ഈ മഞ്ചത്തെ കണ്ടത്. നടരാജപിള്ളയുടെ മകനും തമിഴ്നാട്ടില്‍ ഡോക്ടറുമായ പി.എസ്.രാമസ്വാമിയാണ് ഇപ്പോള്‍ ഈ ശിലാമഞ്ചത്തിന്റെ സംരക്ഷകന്‍. അദ്ദേഹം ഇതിന്റെ സംരക്ഷണവും ഉടമസ്ഥാവകാശവും ഭാരതീയവിചാരകേന്ദ്രത്തിന് കൈമാറാന്‍ തയ്യാറാകുകയായിരുന്നു.
ഡോ.പി.എസ്.രാമസ്വാമിയുടെ വസതിയായ കരകുളം അയണിക്കാട് അഗസ്ത്യയില്‍ അമൂല്യനിധിയായി കരുതി സൂക്ഷിച്ചിരിക്കുന്ന കൃഷ്ണശിലാമഞ്ചം ആഘോഷപൂര്‍വമാണ് സംസ്കൃതി ഭവനിലേക്ക് കൊണ്ടു വരിക. വിവേകാനന്ദജയന്തിയോടനുബന്ധിച്ച് ജനുവരി 11ന് കരകുളത്തുനിന്നാരംഭിക്കുന്ന ശിലാമഞ്ച ഘോഷയാത്രയ്ക്ക് വിവിധസ്ഥലങ്ങളില്‍ ഗംഭീര സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏണിക്കര, പേരൂര്‍ക്കട, കവടിയാര്‍, പാളയം, സ്റ്റാച്യു പുളിമൂട് ജംഗ്ഷന് എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും.
ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി തത്ത്വരൂപാനന്ദ, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, മന്ത്രി പി.കെ.ജയലക്ഷ്മി, മുന്‍മന്ത്രി കെ.ശങ്കരനാരായണപിള്ള, ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. വിവേകാനന്ദ സ്വാമിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷദിവസങ്ങളില്‍ ആരാധകര്‍ക്ക് ഈ ശിലാതല്പം ദര്‍ശിക്കാനും പുഷ്പാര്‍ച്ചന നടത്താനും അവസരം ഒരുക്കുമെന്ന് ഭാരതീയവിചാരകേന്ദ്രം അറിയിച്ചു.
ശില്പപരമായി ഏറെ പ്രത്യേകതയുള്ളതാണ് ഈ കൃഷ്ണശിലാമഞ്ചം. ‘കുളിര്മക്കല്’ എന്നാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ മഞ്ചത്തെ ശില്പികള് വിശേഷിപ്പിക്കുന്നത്. കട്ടില് പ്രത്യേക തരം കാലില്‍ ഉറപ്പിച്ചാണ് സംസ്കൃതി ഭവനില്‍ സ്ഥാപിക്കുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: