2011ന്റെ സുവര്‍ണശോഭ മറഞ്ഞുപോവുകയാണ്. പുതുപ്രതീക്ഷകളുടെ ചെപ്പുതുറക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം എല്ലാ രംഗത്തുമെന്നപോലെ മാധ്യമരംഗത്തും ചടുലതയും വിവാദവും വിസ്ഫോടനവും നിറഞ്ഞുനിന്നു. കാര്യമാത്ര പ്രസക്തമായ രീതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള പ്രവണത എക്കാലത്തെയും പോലെ 2011ലും നമ്മള്‍ കണ്ടു.
ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടവ, ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടവ, കേരളത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടവ എന്ന് വേര്‍തിരിക്കാന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. അറബ് വസന്തവും തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും വാള്‍സ്ട്രീറ്റ് കൈയടക്കലും മറ്റും ലോകവ്യാപകമായ ശ്രദ്ധപിടിച്ചുപറ്റിയവ തന്നെ. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ദ ഹിന്ദു ഒഴികെയുള്ളവ ഇവയ്‌ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തുവോ എന്നതില്‍ സംശയമുണ്ട്.
വിക്കിലീക്സ് ലീക്കേജ് ഫലപ്രദമായ തരത്തില്‍ വിന്യസിക്കാനും വ്യാഖ്യാനിക്കാനും അസാധാരണമായ മെയ്‌വഴക്കമാണ് ദ ഹിന്ദു കാണിച്ചത്. ലോകത്തിന്റെ നെടുനായകത്വത്തിനായി പരക്കംപായുന്ന അമേരിക്ക തങ്ങളുടെ വിള്ളലില്ലാത്ത പ്രതിരോധത്തെക്കുറിച്ച് എന്നും അഭിമാനിക്കാറുണ്ടായിരുന്നു. എന്നാല്‍ മധ്യവയസ്സ് എത്തിയിട്ടില്ലാത്ത ഒരു പത്രപ്രവര്‍ത്തകന്റെ നിസ്തന്ദ്രവും നിതാന്തജാഗ്രതനിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനം വഴി അവര്‍ കെട്ടിപ്പൊക്കിയ മതിലുകള്‍ ഒന്നൊന്നായി ഇടിഞ്ഞുവീഴുകയായിരുന്നു. ലോകമാധ്യമ പ്രവര്‍ത്തകര്‍ക്ക് തികച്ചും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമാണ് ജൂലിയന്‍ അസാഞ്ചിന്റേത്. അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്നതിനെക്കുറിച്ച് പക്ഷേ, വ്യക്തമായ ധാരണയൊന്നുമില്ല.
ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനും പ്രസാധകനും വിമര്‍ശകനും ഒക്കെയായ അസാഞ്ച് എന്തിനാണ് അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയത് എന്ന് ചോദിച്ചാല്‍ മറുപടി വളരെ വ്യക്തം. മാധ്യമ പ്രവര്‍ത്തനത്തില്‍ അസാധ്യമായത് ഒന്നുമില്ല. പക്ഷേ, അതിന് കഠിനമായ പ്രയത്നം വേണം. ഇച്ഛാശക്തി വേണം, ആര്‍ജവം അനിവാര്യം. പ്രലോഭനത്തിന്റെ വിലോഭനീയ നിമിഷങ്ങളെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിയാനുള്ള ചങ്കൂറ്റവും അത്യാവശ്യം.
വാട്ടര്‍ഗേറ്റ് സംഭവത്തിന്റെ കൊള്ളിയാന്‍ മിന്നുന്ന അനുഭവങ്ങള്‍ നമുക്കു മുന്നിലുള്ളതുകൊണ്ട് അസാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ എളുപ്പമാണ്. എങ്ങനെയാണ് അമേരിക്കയെപ്പോലുള്ള കഴുകന്‍ കണ്ണുള്ള ഒരു രാജ്യം ലോകം വെട്ടിപ്പിടിക്കുന്നതെന്ന് ജൂലിയന്‍ അസാഞ്ച് ഉദാഹരണസഹിതമാണ് ലോകജനതയെ അറിയിച്ചത്. വാസ്തവത്തില്‍ ലോകത്തിന്റെ പ്രത്യേകസമ്മാനത്തിന് തികച്ചും അര്‍ഹനാണ് അസാഞ്ച്.
തങ്ങള്‍ക്കെതിരായ നീക്കത്തെ തച്ചുതകര്‍ക്കാന്‍ ആരും പ്രയോഗിക്കുന്ന തന്ത്രം തന്നെ അമേരിക്ക അസാഞ്ചിനു നേരെയും പ്രയോഗിച്ചു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹത്തെ പുകച്ചു പുറത്തുചാടിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടണും ഏറെ സഹായകമായ നിലപാട് സ്വീകരിച്ചു. ഇന്ന് അമേരിക്കക്കെതിരെ ഉപയോഗിച്ച ആയുധങ്ങള്‍ സമീപഭാവിയില്‍ തങ്ങള്‍ക്കു നേരെയും തിരിഞ്ഞേക്കാം എന്ന ഭീതി തന്നെയാണതിനുപിന്നില്‍.
ഒടുവില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി അസാഞ്ചിനെ കുരുക്കാന്‍ അമേരിക്കക്കായി. അതോടെ വിക്കിലീക്സിന്റെ പ്രവര്‍ത്തനം അസാഞ്ച് തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്. ഏതായാലും ലോകമാധ്യമസംസ്കാരത്തിന്റെ കരുത്തുറ്റ മുഖമായി അസാഞ്ച്നെ നമുക്കു കാണാം; അപവാദങ്ങള്‍ ഏറെയുണ്ടെങ്കിലും.
ഏകാധിപത്യ, രാജാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ രൂപംകൊണ്ട പ്രക്ഷോഭം ഒടുവില്‍ അറബ് വസന്തമായി പരിണമിക്കുകയുണ്ടായി. മാധ്യമലോകത്തിന്റെ സജീവ ശ്രദ്ധപതിഞ്ഞ ഒന്നായിരുന്നു ഇത്. കഷ്ടപ്പെടുന്നവരുടെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ എന്തുസംഭവിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലും തദനന്തര സംഭവവികാസങ്ങളും. ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലേയും അറബ് രാജ്യങ്ങളില്‍ രൂപപ്പെട്ട അറബ് വസന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാള്‍സ്ട്രീറ്റ് കൈയടക്കല്‍ നടന്നത്. ഭരണകൂടങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളെ യഥാതഥമായി അവതരിപ്പിക്കുന്നതില്‍ വിദേശ മാധ്യമങ്ങള്‍ കരുത്ത് കാട്ടിയെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ അരികും മൂലയും മാത്രം നല്‍കി വായനക്കാരെ കബളിപ്പിക്കാനുള്ള സ്വതേയുള്ള പരിപാടി തന്നെ നടത്തുകയായിരുന്നു.
പരമ്പരാഗത മാധ്യമവാര്‍ത്തകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നതായ അനുഭവം 2011 തരുന്നു. ഗൂഗ്ല് ടിവി, ഐടിവി തുടങ്ങിയ ഇന്റര്‍നെറ്റ് ടിവി സംസ്കാരം പടര്‍ന്നു പിടിക്കുന്നതിന് 2011 സാക്ഷ്യം വഹിച്ചു. ഒരു പക്ഷേ, അറബ് വസന്തവും വാള്‍സ്ട്രീറ്റ് കൈയടക്കലും വിക്കിലീക്സ് ചോര്‍ച്ചയും ജനങ്ങളില്‍ പടര്‍ന്നുകയറാന്‍ ഇടവെച്ചത് വെബ് ജേര്‍ണലിസമാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഇന്റര്‍നെറ്റ് ടിവിയും വെബ് ജേര്‍ണലിസവും ലോകത്തെ ചെറുതാക്കി പ്രേക്ഷകരുടെ കൈയില്‍ വെച്ചുകൊടുക്കുകയാണല്ലോ. അതുകൊണ്ടുതന്നെ അതിന് നിയന്ത്രണം വേണമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ഇന്ത്യന്‍ ഭരണകൂടം ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയുമാണ്. അടിയന്തരാവസ്ഥയുടെ വൈറസുകള്‍ ഇപ്പോഴും സജീവമാണെന്നതിന്റെ സൂചനകൂടിയാണത്. മാധ്യമങ്ങളെ കറുത്തപുതപ്പിട്ടുമൂടിയ അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ എങ്ങനെയായിരുന്നു ജനങ്ങളുമായി സംവദിച്ചിരുന്നതെന്ന് നാം മറന്നുപോയിട്ടില്ല.
2011ന്റെ സങ്കടപത്രം എന്നനിലയ്‌ക്ക് കാണേണ്ടതാണ് 168 വര്‍ഷത്തെ ആയുസ്സുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടിയത്. 2011 ജൂലായ് 10ന്റെ അവസാന തലക്കെട്ട് ഇങ്ങനെയായിരുന്നു: താങ്ക്‌യൂ ആന്‍ഡ് ഗുഡ്ബൈ. അനാവശ്യ കാര്യത്തിന് അമിതപ്രാധാന്യം കൊടുത്തതിന്റെ പരിസമാപ്തിയായിരുന്നു അടച്ചുപൂട്ടല്‍. ഒളിജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ആ ടാബ്ലോയ്ഡ് അടച്ചുപൂട്ടിയതോടെ 200 ഓളം പേര്‍ അനാഥരായി. ഒരു ഫോണ്‍ വിവാദത്തെ തുടര്‍ന്ന് മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും റോയല്‍ എഡിറ്റര്‍ ക്ലൈവ് ഗൂഡ്മാനെയും അറസ്റ്റു ചെയ്തതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. കേസിന്റെ നൂലാമാലയില്‍ നിന്ന് രക്ഷപ്പെടാന്‍ അറ്റകൈ നടപടിക്ക് മാനേജ്മെന്റ് തയ്യാറാവുകയായിരുന്നു. മാധ്യമരാജാവ് ജെയിംസ് മര്‍ഡോക്ക് പറഞ്ഞു: കേസ് അതിന്റെ വഴിക്കുപോകും, ഞങ്ങള്‍ സഹകരിക്കും. ഏതായാലും ബ്രിട്ടണില്‍ നിന്ന് ജൂലിയന്‍ അസാഞ്ചിനെ പുറത്താക്കാന്‍ കാണിച്ച അതേതാല്‍പര്യത്തിന്റെ മറുപുറമായി ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ അടച്ചുപൂട്ടല്‍. ജേര്‍ണലിസം കാടുകയറുമ്പോള്‍ പറ്റാവുന്ന അബദ്ധങ്ങളുടെ കഥ എത്രയെങ്കിലുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പത്രം അടച്ചുപൂട്ടേണ്ടിവരുന്നത് ഒരര്‍ത്ഥത്തില്‍ വേദനാജനകമാണ്. 38 ലക്ഷം കോപ്പിയാണ് അവസാന ലക്കമായി ന്യൂസ് ഓഫ് ദ വേള്‍ഡ് അച്ചടിച്ചത്. സാധാരണയിലും പത്തുലക്ഷം കൂടുതല്‍.
ഇന്ത്യയിലേക്കു വരുമ്പോള്‍ നമുക്കുമുണ്ടൊരു ജൂലിയന്‍ അസാഞ്ച്. അതൊരു മലയാളിയാണ്. ദ പയനീര്‍ പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗോപീകൃഷ്ണന്‍. 2ജി സ്പെക്ട്രത്തിലെ വളഞ്ഞ വഴികള്‍ അതിവിദഗ്ധമായി കണ്ടെത്തുകയും പണത്തിന്റെ ഉള്ളറകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു ഈ ചെറുപ്പക്കാരന്‍. ഇന്ദ്രപ്രസ്ഥത്തിലെ കോട്ടകൊത്തളങ്ങള്‍ ഞെട്ടിവിറക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. പ്രലോഭനത്തിന്റെ എത്രയെത്രയോ വഴികള്‍ മുന്നിലുണ്ടായിട്ടും ഒട്ടും പതറാതെ തന്റെ ലക്ഷ്യത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ചു ഈ മനുഷ്യന്‍. ഒടുവില്‍ തിഹാര്‍ ജയിലിലേക്ക് പ്രഗല്‍ഭര്‍ ഒന്നൊന്നായി ഒഴിവുകാലം ആസ്വദിക്കാന്‍ പോകേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉജ്വലമുഖമാണ് ഗോപീകൃഷ്ണനിലൂടെ അനാവൃതമാകുന്നത്. ഒരു സംഭവം റിപ്പോര്‍ട്ടു ചെയ്യുന്നതും അതിശക്തരായവരുടെ എല്ലാവിധ പ്രതിരോധനിരയും മറികടന്ന് രഹസ്യങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത് രാജ്യത്തെ രക്ഷിക്കുന്നതും രണ്ടാണ്.
മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു മുഖങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രണ്ടാമത്തേത് കൂടുതല്‍ പ്രാധാന്യമുള്ളതായി വിലയിരുത്തേണ്ടിവരും.
മാധ്യമപ്രവര്‍ത്തനത്തിന്റെ വിജയമായി ചൂണ്ടിക്കാട്ടാവുന്നതാണ് അണ്ണാ ഹസാരെയുടെ പ്രക്ഷോഭം. കറയില്ലാത്ത അദ്ദേഹത്തിന്റെ രാഷ്‌ട്രീയം സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള മാധ്യമസമൂഹം ഏറ്റെടുക്കുകയായിരുന്നു. ഭരണകൂടങ്ങള്‍ക്ക് ശരിക്കും തലവേദനയുണ്ടാക്കിയ പ്രക്ഷോഭം ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ കൊണ്ടു ചെന്നെത്തിച്ചു എന്നതില്‍ അഭിമാനിക്കുകതന്നെ വേണം. ഹസാരെ നിര്‍ദ്ദേശിച്ച രൂപത്തില്‍ വന്നില്ലെങ്കിലും ആദ്യ ചുവടുവെപ്പെങ്കിലും ആയതില്‍ നന്ദി പറയേണ്ടത് മാധ്യമസമൂഹത്തോടാണ്. പിന്നീടെന്തോ മാധ്യമസമൂഹം അത്രകണ്ട് താല്‍പര്യമെടുക്കാത്തതിനാല്‍ ഹസാരെയുടെ മുംബൈ പ്രക്ഷോഭം വേണ്ടത്ര വിജയം കൈവരിക്കുകയുണ്ടായില്ല.
കേരളത്തില്‍ മുല്ലപ്പെരിയാറും സൗമ്യസംഭവവും തന്നെയാണ് 2011ലെ മാധ്യമശ്രദ്ധ പതിഞ്ഞ കാര്യങ്ങള്‍. സൗമ്യസംഭവത്തില്‍ ശരിയായ തരത്തിലുള്ള ഇടപെടല്‍ തന്നെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. സൗമ്യയെ കാലപുരിക്കയച്ച ഗോവിന്ദച്ചാമിയെയും അതേപോലെ മറുലോകത്തേക്കയക്കാന്‍ ബലം നല്‍കുന്ന വാദഗതികള്‍ ശക്തിയുക്തം മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ഇടക്കെപ്പോഴോ ആകാശപ്പറവകള്‍ എന്ന സംഘടനയുടെ ഗോവിന്ദച്ചാമി സ്നേഹം ചില മാധ്യമങ്ങളെയെങ്കിലും സ്വാധീനിച്ചെങ്കിലും ഒടുവില്‍ അതൊക്കെ തിരസ്കരിക്കപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തിലും മാധ്യമങ്ങളുടെ ഇടപെടല്‍ ശുഭോദര്‍ക്കമായിരുന്നു എന്ന് പൂര്‍ണമായി പറഞ്ഞുകൂടെങ്കിലും ഏതാണ്ടൊരു അവബോധം സൃഷ്ടിക്കാന്‍ വഴിവെച്ചു. ദേശീയ താല്‍പ്പര്യം എന്ന വസ്തുതയെക്കുറിച്ച് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ വേണ്ടെന്നുവെച്ചിട്ടോ എന്നറിയില്ല, തമിഴ്‌നാട് കേരള സംസ്ഥാനങ്ങളെ മാത്രം മുന്‍നിറുത്തിയുള്ള വിശകലന-വ്യാഖ്യാനങ്ങളാണ് ഉണ്ടായത്. ഇരു സംസ്ഥാനത്തെയും ജനങ്ങളെ യുദ്ധമുഖത്തേക്ക് നയിക്കുന്നതിനുപകരം സമഭാവനയോടെ ഒത്തൊരുമിച്ച് പ്രശ്നം തീര്‍ക്കാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല എന്ന തിരിച്ചറിവിന്റെ സായാഹ്നത്തോടെയാണ് 2011 അവസാനിക്കുന്നത്. മാധ്യമലോകമില്ലെങ്കില്‍ ഊഷരമായിപ്പോവുന്ന സ്ഥിതിവിശേഷം ഭയാനകമായിരിക്കും എന്നേ നമുക്കു പറയാനാവൂ.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: