രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായകഘടകമായിരുന്ന കാര്‍ഷിക മേഖല വന്‍ ദുരന്തത്തിന്റെ വക്കിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. കര്‍ഷകരില്‍ വന്‍ പ്രതീക്ഷക്കു വക നല്‍കുന്ന പ്രഖ്യാപനങ്ങള്‍ പലതും മുറപോലെ നടക്കുന്നെങ്കിലും അതിനു പിന്നിലെ പുകയുന്ന അഗ്നിപര്‍വതം കാണാതെ പോകുന്നു.
രാജ്യത്തെ 60-70 ശതമാനം ജനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുന്ന ഭക്ഷ്യസുരക്ഷാ ബില്‍ പരിഗണനയിലിരിക്കുന്ന വേളയിലാണ് 2011 ന്റെ അന്ത്യവും 2012 ന്റെ പിറവിയും. കാര്‍ഷിക രംഗത്തെ രണ്ട് പ്രധാന ഘടകങ്ങളായ കൃഷിക്കാരനും കൃഷിഭൂമിക്കും മാരകമായ ഇളക്കം തട്ടിയിരിക്കുന്ന അവസരത്തിലാണ് ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തിരിക്കുന്നത്. കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്കുവേണ്ട ധാന്യങ്ങള്‍ ആര് ഉല്‍പ്പാദിപ്പിക്കുമെന്ന ചിന്ത ഇനിയും ഉടലെടുത്തിട്ടില്ല. ഒരു രൂപയ്‌ക്ക് അരിയും തൊഴില്‍ദാന പദ്ധതിയും പോലുള്ള പരിപാടികള്‍ ഒരു വശത്ത് വിപ്ലവം സൃഷ്ടിക്കുമ്പോള്‍ അതിമാരകമായ സാഹചര്യമാണ് മറുവശത്ത് ഉണ്ടാക്കുന്നത്. കാര്‍ഷിക വൃത്തിയില്‍നിന്ന് കര്‍ഷകന്‍ അകലുകയും കൃഷിഭൂമി ഇല്ലാതെയും ജീവിക്കാമെന്ന സ്ഥിതിവിശേഷം ഉടലെടുക്കുകയും ചെയ്യുന്നു. ഉല്‍പ്പാദന വര്‍ധനവിനുള്ള ഉപാധിയെന്ന നിലയില്‍ ഭാവിയിലേക്കുള്ള ആസ്തിമാത്രമായി ഭൂമി മാറുന്നു. കൃഷി ഭൂമി വാങ്ങിക്കൂട്ടാനുള്ള മാഫിയകളുടെ പരാക്രമം ശ്രദ്ധിക്കുക. രാജ്യത്തിന്റെ ദേശീയ നേതൃത്വങ്ങള്‍പോലും കര്‍ഷകനെ അവഗണിക്കുന്നു. പരമോന്നത പുരസ്ക്കാരങ്ങളില്‍ നിന്നെല്ലാം അവനെ അകറ്റി നിര്‍ത്തുമ്പോള്‍ 70 ശതമാനത്തോളം വരുന്ന ജനങ്ങളാണ് അവഗണിക്കപ്പെടുന്നതെന്നോര്‍ക്കുക. പുതിയ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു നീക്കവും പോയവര്‍ഷം ഭരണനേതൃത്വങ്ങളില്‍നിന്ന് ഉണ്ടായില്ല. പുതുവര്‍ഷത്തിലും ഇതില്‍നിന്ന് കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലത്രെ.
കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ കച്ചവടമേഖലക്ക് ഏറെ ഉത്സാഹമുണ്ടാക്കുന്നതാണ്. എന്നാല്‍ ആരുണ്ടാക്കും ഈ ധാന്യമെന്ന ചോദ്യത്തിന് ഉത്തരമില്ല. ആര് ഉറപ്പ് നല്‍കുമെന്നും വ്യക്തമല്ല. വന്‍ പരിശ്രമവും ഇച്ഛാശക്തിയുമില്ലാതെ 2012 ല്‍ ഈ രംഗത്ത് ഒരടിപോലും ചലിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിന് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അയല്‍രാജ്യമായ ചൈനയില്‍ വന്‍ ഭക്ഷ്യധാന്യശേഖരമുള്ളപ്പോള്‍ നമ്മുടെ കൈവശമുള്ളത് ആറ് കോടി ടണ്ണോളം മാത്രം. നമ്മുടെ പ്രതിവര്‍ഷ ആവശ്യം 20 കോടി ടണ്‍ ആണെന്നോര്‍ക്കുക. കാര്‍ഷികരംഗത്തെ സ്വകാര്യവല്‍ക്കരണം ഏറിയതോടെ രാജ്യത്തിന്റെ നയരൂപീകരണം വാണിജ്യ, വ്യവസായിക ശക്തികളുടെ കൈവശമെത്തി. ഈ മേഖലയെ രാഷ്‌ട്രീയ ശക്തികള്‍ കയ്യൊഴിയുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്രവും അയല്‍ സംസ്ഥാനങ്ങളും നടത്തുന്ന നീക്കങ്ങള്‍ കാണാതെ പോകുന്നു. തെങ്ങ് കൃഷി ഇവിടെ ക്രൂരമായി അവഗണിക്കപ്പെടുന്നു. കേരളത്തിലെ റബര്‍ ഉത്തരേന്ത്യയിലെ വ്യവസായികള്‍ക്കുവേണ്ട. ഇന്ത്യയിലെ വ്യവസായികള്‍ ഇവിടുത്തെ റബര്‍ കൃഷിയേയും പ്രോത്സാഹിപ്പിക്കുന്നില്ല. സംസ്ഥാനത്ത് ആവശ്യമായ കാര്‍ഷിക ഉത്പാദനത്തിന്റെ പകുതിയിലേറെയും പുറമെ നിന്നാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് പുതിയ നയമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലയില്‍ എത്തിയിരിക്കുന്നു. പലതിനും പണം കണ്ടെത്തുന്ന കേരളം കാര്‍ഷികമേഖലയെയും ഉദാരമായി സഹായിക്കേണ്ടിവരും. വിവേചനം അവസാനിപ്പിച്ച് എല്ലാവരേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കാര്‍ഷികമേഖല നേരിടുന്ന പുതിയ വെല്ലുവിളികളില്‍ ഒന്നാണ്. പ്രാദേശികമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍പോലും ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കാലം തെറ്റിയുള്ള കാലവര്‍ഷം, അതിവര്‍ഷം, കടുത്ത ചൂട് തുടങ്ങിയ പ്രതിഭാസങ്ങള്‍ മുതല്‍ കാലാവസ്ഥയിലെ പ്രവചനാതീതങ്ങളായ സ്വഭാവമാറ്റങ്ങളെല്ലാം ദേശീയ രാജ്യാന്തര തലങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. പരിഹാരം മാത്രം നിര്‍ദ്ദേശിക്കാത്ത ഇത്തരം ചര്‍ച്ചകളും ഉച്ചകോടികളുമെല്ലാം കര്‍ഷക സമൂഹത്തിന്റെ ആശങ്ക കൂട്ടാന്‍ മാത്രം വഴിതെളിക്കുന്ന സംഭവങ്ങളാണ്. കാലാവസ്ഥയും കൃഷിയും സദാ ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്.
അന്തരീക്ഷ ഊഷ്മാവ്, കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ്, മഴ തുടങ്ങിയ പ്രതിഭാസങ്ങളില്‍ ആഗോളതാപനത്തിന് ഏറെ സ്വാധീനമുണ്ട്. ജൈവ മണ്ഡലത്തിന്റെ ഉല്‍പ്പാദനശേഷിയെത്തന്നെ ഇത് കാര്യമായി സ്വാധീനിക്കുന്നു. എല്ലാ വര്‍ഷവും ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവുപോലെ നടക്കുന്നു. പോയ വര്‍ഷവും ഇന്ത്യയിലും വിദേശത്തും കാലാവസ്ഥാ ഉച്ചകോടികള്‍ നടന്നു. പുതിയ വര്‍ഷത്തിലും ഇതിനുള്ള പരിഹാര നടപടികള്‍ എത്രത്തോളം അരികിലെന്ന് കണ്ടറിയുകതന്നെ വേണം.
ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവിളകളുടെ കാര്യത്തില്‍ 2030 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം വഴിയുള്ള നഷ്ടം 10 ശതമാനത്തോളമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിത കൃഷി എന്ന ആശയത്തിന് കേരളത്തില്‍ പ്രസക്തി ഏറെയാണ്. ചെടി വളരുന്ന പരിസരത്തെ സൂക്ഷ്മ കാലാവസ്ഥ ഭാഗികമായോ പൂര്‍ണമായോ ഫലപ്രദമായി നിയന്ത്രിക്കുന്നതുവഴി അതിന് ബാഹ്യവ്യതിയാനങ്ങളൊന്നും നേരിടാതെ വളരാനുള്ള തികഞ്ഞ കരുതലാര്‍ന്ന അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇതുവഴി വിളകളുടെ ഉത്പാദനക്ഷമത കൂടുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മികവും തികവും കൈവരുന്നു.
കൂടുതല്‍ വരുമാനത്തിനും വഴിതെളിയും. ജനസംഖ്യാവര്‍ധനവുകൊണ്ടും കൃഷി സ്ഥലത്തിന്റെ ദൗര്‍ലഭ്യം തൊഴിലാളികളുടെ കുറവും മൂലവുമെല്ലാം ബുദ്ധിമുട്ടുന്ന കേരളത്തിന്റെ കാര്‍ഷിക മേഖല ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി ഇത്തരം പുതിയ കൃഷിരീതികള്‍ പരീക്ഷിക്കേണ്ടതായും വരും. പുതിയ വര്‍ഷത്തില്‍ സര്‍ക്കാര്‍ ഇത്തരം നൂതന പദ്ധതികള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് പ്രത്യാശിക്കാം. കേരളത്തില്‍ റബറും ഏത്തവാഴകൃഷിയും ഒഴികെ മറ്റൊന്നും ലാഭകരമല്ലാത്ത നിലയിലെത്തിയിരിക്കുന്നു. ഇതിനു മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. പുതുവര്‍ഷത്തിലെങ്കിലും അതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് വെറുതെയെങ്കിലും നമുക്ക് പ്രതീക്ഷിക്കാം.
എസ്. ആര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: