ആലുവ: അശാസ്ത്രീയമായ ട്രാഫിക് റൂട്ട് തയ്യാറാക്കുന്നതുമൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വീതികുറഞ്ഞതും തിരക്കേറിയതുമായ സ്ഥലങ്ങളിലും വണ്വേസംവിധാനമില്ല. വാഹനങ്ങള്‍ക്ക് വേണ്ടത്ര പാര്‍ക്കിംഗ് സംവിധാനം ഒരുക്കാത്തതും തിരക്കേറിയ സ്ഥലങ്ങളില്‍ പോലും പാര്‍ക്കിങ് നിരോധിക്കാത്തതും ഗുരുതരവീഴ്ചയാണ്. പ്രധാനകവലകളില്‍ പോലും ഗതാഗതനിയന്ത്രണത്തിന് വേണ്ടത്ര സംവിധാനം ഒരുക്കുന്നില്ല. ബസ്സുകള്‍ക്ക് ശാസ്ത്രീയമായ റൂട്ട് തയ്യാറാക്കാത്തതാണ് മറ്റൊരു വെല്ലുവിളി. നഗരത്തിലെത്തുന്നതും പോകുന്നതുമായ പല ബസ്സുകളും രണ്ട് പ്രാവശ്യം നഗരം ചുറ്റുന്നുണ്ട്. ഇത് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും തിരിച്ച് പോകുന്ന ബസ്സുകളില്‍ ചിലതിന് മാത്രമായി നഗരം ചുറ്റല് പരിമിതപ്പെടുത്തണം. പെരുമ്പാവൂരിലേക്ക് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ നിലവില്‍ റെയില്വേസ്ക്വയര് പമ്പ് കവലവഴിയാണ് പോകുന്നത്. ഈ സംവിധാനം കെഎസ്ആര്‍ടിസി സ്റ്റാന്റ് മുതല്‍ പമ്പ് കവലവരെ ഗതാഗതക്കുരുക്കിന് ഇടനല്കുന്നുണ്ട്. സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ഈ ബസുകളെല്ലാം ഗവര്‍മെന്റ് ആശുപത്രി കാരോത്തുകുഴി, മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ്, ബാങ്ക് കവലവഴി പമ്പ് കവലയിലെത്തിതിരിഞ്ഞു പോവുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാനാകും. ഇതിന് പുറമെ നഗരത്തിലെ എല്ലാ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് ബസ് സൗകര്യം ലഭിക്കുകയും ചെയ്യും. സ്വകാര്യബസ്സ്റ്റാന്റില് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകളെല്ലാം മാര്‍ക്കറ്റ് റോഡ് വഴി ബാങ്ക് കവലയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതാണ് ബാങ്ക് കവലയില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ബാങ്ക് കവലയില്‍നിന്ന് പാലസ് റോഡിലേക്ക് പോകേണ്ട ബസുകള്‍ ബാങ്ക് കവലയില്‍ എത്തുന്നതിന് മുമ്പ് മാര്‍ക്കറ്റ് റോഡില്‍നിന്ന് ഗ്രാന്‍ഡ് ജംഗ്ഷന്, ഗുഡ്ഷെഡ് റോഡ് വഴി പമ്പ് ജംഗ്ഷന് പരിസരത്തെത്തി പാലസ് റോഡിലേക്ക് തിരിയുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാകും. ബാങ്ക് കവല സ്റ്റോപ്പിന്റെ അറ്റമായ ഈ ഭാഗത്തുനിന്ന് യാത്രക്കാര്‍ക്ക് കയറാനും കഴിയും. ഡിവൈഡറുകള്‍ ഇല്ലാത്തത് ചിലഭാഗങ്ങളില്‍ ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. പാലസ് റോഡ് റെയില്വേമേല്പ്പാലവുമായി സംഗമിക്കുന്ന സെന്റ് സേവ്യേഴ്സ് കോളേജിന് മുന്‍വശമുള്ള ഭാഗത്ത് റോഡിന് നല്ലവീതിയുണ്ട്. എന്നാല്‍ ഇരുദിശയിലുള്ള വാഹനങ്ങള്‍ തോന്നിയപോലെ സഞ്ചരിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്. ഇവിടെ റോഡിനെ രണ്ടാക്കിഡിവൈഡര് സ്ഥാപിക്കേണ്ടതുണ്ട്. ഫയര്സ്റ്റേഷന് മുന്‍വശത്തുള്ള വളവിലും പമ്പ് കവല, ഗവര്‍മെന്റ് ആശുപത്രികവല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ട്രാഫിക് നിയന്ത്രണം വളരെ പ്രാധാന്യമേറിയതാണ്. എന്നാല്‍ ഇവിടങ്ങളില്‍ ആവശ്യത്തിന് പോലീസുകാരെയോ ഹോംഗാര്ഡുകളേയോ നിയമിക്കാന്‍ ട്രാഫിക് പോലീസിന് പരിമിതികളുണ്ട്. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ മാത്രമാണ് പരിഹാരം. ഭാരവാഹനങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: