കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന മലബാര്‍ ഗോള്‍ഡ് വസന്തോത്സവം മെഗാ കണ്‍സ്യൂമര്‍ എക്സിബിഷന് ഇന്ന് മറൈന്‍ഡ്രൈവില്‍ ആരംഭിക്കും. ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷപ്രദമാക്കാനും നഗരനിവാസികള്‍ക്ക് വിനോദത്തിനും ഷോപ്പിംഗിനുമുളള അവസരം ഒന്നിച്ചൊരുക്കാനുമാണ് വസന്തോത്സവത്തിനനുബന്ധമായി പ്രദര്‍ശനവും നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മറൈന്‍ഡ്രൈവില്‍ പൂര്‍ണമായും ശീതീകരിച്ച ഹാളില്‍ 200-ല്‍പ്പരം സ്റ്റാളുകളിലായി വിവിധ ദേശീയ അന്തര്‍ദേശീയ ഉത്പന്നങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ ലഭ്യമാകും. ഗൃഹോപകരണങ്ങളുടെ വന്ശ്രേണിയുമായി ലാന്മാര്ക്ക് ഷോപ്പിയും ഫര്‍ണിച്ചര്‍ ശേഖരവുമായി എജിപി ഹോം സെന്റര്‍, ഹോമെക്സ്, സ്റ്റെയില്സ്പാ തുടങ്ങിയ സ്ഥാപനങ്ങളും അണിനിരക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഡിസൈനര്‍ കാര്‍പ്പെറ്റ്, ഓയില്‍ പെയിന്റിംഗ്സ്, വാട്ടര്‍ ഫൗണ്ടന്‍സ്, ഫ്ലവേഴ്സ്, ക്രോക്കറികള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. കുട്ടികള്‍ക്കായി വിപുലമായ അമ്യൂസ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിറ്റിപിസിയുടെ പവലിയന് മേളയുടെ ആകര്‍ഷണമാകും. മലബാര്‍ ഗോള്‍ഡ് നറുക്കെടുപ്പിലൂടെ ദിവസവും സ്വര്‍ണസമ്മാനങ്ങളും നല്‍കും. വൈകിട്ട് ആറു മുതല്‍ നടത്തുന്ന പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും വിവിധ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകളും വസന്തോത്സവത്തിന് കൊഴുപ്പേകുമെന്ന് കളക്ടര്‍ പറഞ്ഞു. മേള ജനുവരി രണ്ടിന് സമാപിക്കും.
വസന്തോത്സവ കലാപരിപാടികള്‍ 25 മുതല്‍ ഡര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ആരംഭിക്കും. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെടുത്തി ഇത്തവണ കലാസന്ധ്യകള്‍ കൂടുതല്‍ വര്‍ണാഭമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 26-ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുളള പ്രമുഖര്‍ പങ്കെടുക്കും. അന്ന് പ്രിയദര്ശന്, എം.ജി.ശ്രീകുമാര്‍ തുടങ്ങിയ കലാരംഗത്തെ പ്രതിഭകള്‍ വസന്തോത്സവത്തില്‍ അണിനിരക്കും. 27-ന് നജീം അര്‍ഷാദ് നയിക്കുന്ന ഗാനമേളയും 28-ന് മെഗാ ഷോയുമുണ്ടാകും. 29-ന് സ്റ്റാര്‍സിംഗര്‍ ജൂനിയര്‍-സീനിയര്‍ പ്രതിഭകള്‍ അണിനിരക്കുന്ന ഗാനസന്ധ്യയുണ്ടാകും. 30-ന് ജോസി ജോണിന്റെ നേതൃത്വത്തിലുളള ഫ്യൂഷന്‍ നൃത്തവും 31-ന് ആഫ്രിക്കന്‍ കലാസംഘത്തിന്റെ വിവിധ പരിപാടികളും അരങ്ങേറും. ജനുവരി ഒന്നിന് സലിംകുമാര്‍ ഉള്‍പ്പെടെയുളള സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കലാപരിപാടികള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31-ന് അര്‍ധരാത്രിയില്‍ നഗരത്തില്‍ കരിമരുന്ന് പ്രയോഗവും നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: