കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിലെ ക്രമക്കേടുകള്‍ക്ക് കാരണം ജീവനക്കാരുടെ എണ്ണക്കുറവാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ എണ്ണക്കുറവും കനത്ത ജോലിഭാരവുമാണ് വകുപ്പിനെ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് കാരണം.
പരിശോധനയ്ക്കുശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നല്കിയ സംഭവം സംസ്ഥാനത്ത് എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ നടപടിയെടുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
തുടരെത്തുടരെയുണ്ടാകുന്ന വിജിലന്‍സ് പരിശോധനകള്‍ വാഹനവകുപ്പിന്റെ താളം തെറ്റിക്കും. ഓപ്പറേഷന് മാരുതി, സ്പാര്‍ക്ക്, എബിസി (ആക്സിലേറ്റര്‍, ബ്രേക്ക്, ക്ലച്ച്) തുടങ്ങിയ പേരുകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ്, വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. 2011ല്‍ രണ്ടുലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്ത എറണാകുളം ആര്‍ടി ഓഫീസില്‍ റവന്യൂ റിക്കവറി സംബന്ധിച്ച ചുരുക്കം ഫയലുകളില്‍ തീര്പ്പുകല്പിച്ചിട്ടില്ല എന്ന വിജിലന്‍സിന്റെ കുറ്റാരോപണം പൊട്ടന് ആനയെക്കണ്ടതുപോലെയാണ്. ഇത്തരം ആരോപണങ്ങള്‍ മൂലം ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയപ്പെടുന്നു.
റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി 65 ആര്‍ടി ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കുമെന്ന ട്രാന്‍സ്പോര്‍ട് കമീഷണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ആകെ 17 സ്ഥലത്ത് മാത്രമാണ് സ്ക്വാഡ് രൂപീകരിച്ചത്. കൃഷി ഓഫീസറെയും ആര്‍ഡിഒയെയും പോലെ വാഹനവകുപ്പിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ പരിശോധനയ്ക്ക് നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ല.
സംസ്ഥാനത്ത് ഏഴുലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന 1985ലെ സ്റ്റാഫ് പാറ്റേണാണ് വകുപ്പില്‍ തുടരുന്നത്. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ജീവനക്കാരെ അവഹേളിക്കാനായി മാത്രം നടത്തുന്ന ഇത്തരം റെയ്ഡുകള്‍ അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എറണാകുളം ആര്‍ടിഒ ടി.ജെ. തോമസ്, പറവൂര്‍ ജോയിന്റ് ആര്‍ടിഒ ബാബു ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: