ആലുവ: ആനയും പുലിയും ഇറങ്ങുന്നതിനായി പ്രചരിപ്പിച്ച് കഞ്ചാവ് മാഫിയ വനമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നു. അടുത്തിടെ കഞ്ചാവുമായി പിടിയിലായ സംഭവങ്ങളുടെ തുടരന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. അയ്യമ്പുഴ, മലയാറ്റൂര്‍, കോതമംഗലം വനമേഖലയിലാണ് ഇത്തരത്തില്‍ കഞ്ചാവ് മേഖല ആധിപത്യം സ്ഥാപിക്കുന്നത്. ഈ വനമേഖലയില്‍ വനംവകുപ്പിന്റെ ഗാര്‍ഡുമാര്‍ കാര്യമായ റോന്ത് ചുറ്റലുകളൊന്നും തന്നെ നടത്തുന്നില്ല. ഒരു കാലത്ത് ഈ മേഖല വാറ്റു ചാരായത്തിന് കുപ്രസിദ്ധമായിരുന്നു. ഈ രംഗത്തുണ്ടായിരുന്ന ചിലര്‍ തന്നെയാണ് കഞ്ചാവ് മാഫിയയ്ക്കു വേണ്ട ഒത്താശകള്‍ ഇപ്പോള്‍ ചെയ്തുകൊടുക്കുന്നത്. അടുത്തിടെ പോലീസും എക്സൈസുമായി നിരവധി പേരെയാണ് കഞ്ചാവുമായി വില്‍പ്പനയ്ക്കിടെ പിടികൂടിയത്. ഇവരെല്ലാം ഏക സ്വരത്തില്‍ അന്യസംസ്ഥാനങ്ങളില്നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാതിരിക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. വനം മേഖലകളില്‍ കഞ്ചാവ് കൃഷി നടക്കുന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികംവരെ വനംവകുപ്പ് പ്രഖ്യാപിക്കാറുണ്ടെങ്കിലും വനം മേഖലയില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ടോയെന്ന് കാര്യമായി നിരീക്ഷിക്കാറില്ല. കഞ്ചാവ് കേസുകളില്‍ പലതവണ പിടിയിലാകുന്നവര്‍ ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും കഞ്ചാവ് സംഘത്തില്‍ തന്നെ സജീവമാകുകയാണ് ചെയ്യുന്നത്. ഒരു കിലോയില്‍ താഴെ കഞ്ചാവു മാത്രമാണ് പിടികൂടുന്നതെങ്കില്‍ പലപ്പോഴും കോടതിയില്‍നിന്നും ഉടന്‍ ജാമ്യം ലഭിക്കുന്നതും കഞ്ചാവ് മാഫിയയ്ക്ക് സഹായമാകുന്നു. വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരിക്കും ഏറെപ്പേരും കഞ്ചാവുമായി പിടിയിലാകുക. ഈ സമയം വളരെ കുറച്ചു കഞ്ചാവ് മാത്രമായിരിക്കും കൈവശമുണ്ടാകുക. ഇതുമാത്രം തൊണ്ടിയാക്കി മാറ്റി പലപ്പോഴും കേസ് ദുര്‍ബലമാക്കുകയും ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: