മലയാളത്തിന്റെ മണമുള്ള ഹോളിവുഡ് സിനിമ, റിലീസിനു മുന്‍പുതന്നെ ഓസ്കര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച തിരക്കഥ, വാര്‍ണര്‍ ബ്രദേഴ്സ് വിതരണ ശൃംഖലയിലൂടെ 200 രാജ്യങ്ങളില്‍ പ്രദര്‍ശനം, ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന ഗ്രാഫിക്സ്, 50 കോടിരൂപ നിര്‍മാണചെലവ്… വിശേഷണങ്ങളുടെ ധാരാളിത്തത്തില്‍ റിലീസിംഗിനു മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മറൈന്‍ ആര്‍കിടെക്റ്റായ സോഹന്‍റോയിയുടെ ആദ്യ സിനിമ ഡാം 999. അടിത്തട്ടിന്റെ അഗാധതയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കരുതിവച്ചിരിക്കുന്ന ക്രൂരവിനോദങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് വിശേഷണങ്ങളില്‍ ഒന്നു മാത്രമായിരുന്നു. എന്നാല്‍ സിനിമയിറങ്ങി ഒരാഴ്ചയ്‌ക്കുള്ളില്‍, രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ ഭയാനകമായ മുന്നറിയിപ്പായി ചിത്രം മാറി. ലക്ഷക്കണക്കിന് മനുഷ്യമനസുകളില്‍ അടക്കിപിടിച്ചിരുന്ന ആത്മനൊമ്പരങ്ങള്‍ പ്രതിഷേധമാക്കി തെരുവുകളില്‍ മുഴക്കുന്നതിനുള്ള ‘അലേര്‍ട്ട്ബെല്‍’ ആയി സിനിമ . ജീവിക്കുവാനുള്ള അവകാശത്തെ മൗനത്തിന്റെ ചങ്ങലയില്‍ ബന്ധിച്ചിരുന്നവര്‍ ഇന്ന് പൊട്ടിത്തെറിക്കുന്നു.വിവാദക്കൊടുങ്കാറ്റില്‍പെട്ട് സിനിമ ഉലയുകയാണെങ്കിലും പ്രതിഷേധത്തെ അത് ആളിക്കത്തിക്കുന്നു.
‘മുല്ലപ്പെരിയാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ജല ബോംബാണ്. ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടെരിച്ച അണുബോബിനേക്കാള്‍ രൗദ്രതയുണ്ടാകും അതിന്. ഏതൊരു വസ്തു നിര്‍മ്മിക്കപ്പെടുമ്പോഴും അതിന് ആയുസ് കണക്കാക്കിയിരിക്കും. അതു പ്രകാരം കഴിഞ്ഞ അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ മുല്ലപ്പെരിയാറിന്റെ ആയുസ് അവസാനിച്ചു. ഭൂമിയുടെ ഒരു ഇടര്‍ച്ചയ്‌ക്കപ്പുറം ഏത് നിമിഷവും നാലുജില്ലകള്‍ തുടച്ചുനീക്കപ്പെടാം. ഭയാനകമായ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് സിനിമ ഉണ്ടായത്’. -സോഹന്‍ റോയ് പറയുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ 64 വര്‍ഷങ്ങള്‍ക്കിടയിലും പ്രശ്നപരിഹാരത്തിന്റെ സാധ്യത തേടാതെ കുറ്റകരമായ മൗനം അവലംബിച്ച അധികാര നേതൃത്വങ്ങള്‍ വെളിവാക്കുന്നത് ഇന്ത്യന്‍ രാഷ്‌ട്രീയ സംസ്കാരത്തിന്റെ ദൗര്‍ബല്യമല്ലേ? പ്രാദേശിക, സങ്കുചിത വികാരങ്ങള്‍ക്കടിമപ്പെട്ട് വിശ്വാസ്യത നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ ഒരേകദേശ ചിത്രവും മുല്ലപ്പെരിയാര്‍ നല്‍കുന്നു. ജനാധിപത്യത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഭാഷണങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയത്തെ സങ്കീര്‍ണമാക്കുകയാണ് നാം ഇതുവരെചെയ്തത്. വിദഗ്ധ സംഘങ്ങളും കമ്മീഷനുകളും മുല്ലപ്പെരിയാറിന്റെ നിത്യസന്ദര്‍ശകരായി ‘കണ്ടെത്തലുകള്‍’ ഇഷ്ടപ്പെടാത്തവര്‍ ‘സുര്‍ക്കിയുടെയും ചുണ്ണാമ്പിന്റെയും’ വിലപോലും അതിന് നല്‍കിയില്ല.
വലിയൊരു ദുരന്തത്തിന്റെ വക്കിലാണ് നമ്മള്‍. എന്നാല്‍ ഒരു ജനതയെ മുഴുവന്‍ മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിര്‍ത്തി അധികാരികള്‍ രാഷ്‌ട്രീയം കളിക്കുന്നതെന്തുകൊണ്ടാണെന്ന് സോഹന്‍ റോയ് ചോദിക്കുന്നു. സിനിമയ്‌ക്കു വേണ്ടി ഡാമുകളെക്കുറിച്ചും അതിന്റെ സാമൂഹ്യ, സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും, പഠനം നടത്തിയ സോഹന്‍ റോയിക്ക് സിനിമയുടെ സൗന്ദര്യശാസ്ത്രങ്ങള്‍ക്കപ്പുറം മുല്ലപ്പെരിയാറിനെകുറിച്ച് പറയുവാനുണ്ട്.
ഡാം ദുരന്തത്തിന്റെ ആഘാതങ്ങള്‍ അനാവരണംചെയ്യുന്ന ഡാം 999 എന്ന സിനിമയെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?
നാലുവര്‍ഷം മുന്‍പ് മുല്ലപ്പെരിയാറിനെ കുറിച്ച് പത്രത്തില്‍ ഒരു ലേഖനം വായിക്കുന്നിടത്തു നിന്നുമാണ് ഈ സിനിമയുടെ തുടക്കം. ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെകുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ചൈനയിലെ ബാന്‍ക്വിയാവോ ഡാമിന്റെ ദുരന്തമറിയുന്നത്. ബാന്‍ക്വിയാവോ ഡാമിനെക്കാളും ഉയരവും ജലസംഭരണ ശേഷിയും മുല്ലപ്പെരിയാറിനുണ്ട്. നാലുജില്ലകളിലെ മുപ്പത് ലക്ഷത്തോളം ജനങ്ങളെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ജലബോംബാണ് മുല്ലപ്പെരിയാര്‍ എന്ന് മനസിലായി. അങ്ങനെയാണ് ഡാം അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. മുല്ലപ്പെരിയാറിനെകുറിച്ച് ‘ഡാംസ്- ദി ലെതല്‍ വാട്ടര്‍ബോംബ്സ്’ എന്ന ഡോക്യുമെന്ററിക്ക് ഇരുപത് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ ലഭിച്ചു. പിന്നീട് നോവലെഴുതുകയും ലോകത്തിനു മുന്നില്‍ ഇതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി ഹോളിവുഡ് മാതൃകയില്‍ സിനിമ പുറത്തിറക്കുകയുംചെയ്തു.
സിനിമയില്‍ ഒരിടത്തും മുല്ലപ്പെരിയാറിനെകുറിച്ച് പറയുന്നില്ല. എങ്കിലും പൊതു സമൂഹത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കുറിച്ചുള്ള ബോധവത്കരണമായിരുന്നോ ചിത്രത്തിലൂടെ ലക്ഷ്യമിട്ടിത്?
ഞാന്‍ താമസിക്കുന്നത് കൊച്ചിയിലാണ്. മുല്ലപ്പെരിയാര്‍ ദുരന്തമുണ്ടായാല്‍ ഏറ്റുവാങ്ങേണ്ടവരാണ് ഞാനും എന്റെ കുടുംബക്കാരും. ലോകത്തിലെ ഓരോ ഡാമിന്റെ മുന്നിലുള്ളവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടണം, ബോധവല്‍ക്കരണമുണ്ടാകണം എന്നതാണ് നമ്മുടെ ആവശ്യം. മുല്ലപ്പെരിയാറിനെ കുറിച്ച് നേരിട്ട് ഒരു സിനിമ എടുത്താല്‍അത് വെളിച്ചം കാണില്ല. യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് സിനിമ ചെയ്താല്‍ അത് വിജയിക്കില്ല, ഡാം 999 യഥാര്‍ത്ഥത്തില്‍ ഒരുപ്രണയകഥയാണ്. ക്ലൈമാക്സില്‍ മാത്രമാണ് ഡാം ദുരന്തം കാണിക്കുന്നത്. ഇന്ത്യയിലെ ഒരു കൊളോണിയന്‍ ഡാം ആണ് തകരുന്നത്. കേരളത്തിനും തമിഴ്‌നാടിനും അത് മുല്ലപ്പെരിയാര്‍ ആണ്.
സിനിമയുടെ ഉദ്ദേശ്യം വിജയിച്ചോ?
സിനിമ എന്തുദ്ദേശിച്ചോ അത് നേടാന്‍ സാധിച്ചു. ഇപ്പോള്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയധികം തീവ്രമായ ചര്‍ച്ചകള്‍ നടക്കുന്നതു തന്നെ സിനിമയുടെ വിജയമാണ് . ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ വിഷ്വല്‍ ലാംഗ്വേജിന് ചെയ്യാന്‍ സാധിക്കുന്നത് വളരെ വലുതാണ്. ഡാം ദുരന്തത്തിന്റെ വീഡിയോ കാണിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സാധിച്ചു. ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ ഇതുവരെ മറ്റുള്ളവര്‍ തയ്യാറാകാതിരുന്നതിനു കാരണം തമിഴ്‌നാട്ടില്‍ ബഹിഷ്കരണം നേരിടേണ്ടി വന്നേക്കാം എന്ന് ഭയന്നിട്ടാണ്.
ദുരന്തം തടയുന്നതിനായി ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും ലക്ഷ്യത്തിലെത്തുമോ?
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന സ്ഥിതിയിലാണ് കേരളം. ഈയൊരു പ്രതിഷേധം പരിഹാരത്തിലെത്തിയില്ലെങ്കില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ തയ്യാറാവുക എന്നതാണ് മുന്നിലുള്ള മാര്‍ഗം. പ്രതിഷേധസമരങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും പൊതുജനങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ആവശ്യം ഇനിയില്ല. എല്ലാവരെയും ഉണര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. എല്ലാവിഷയവും പോലെ ഇതും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവസാനിക്കരുത്. കാരണം, ഇത് നിലനില്‍പ്പിന് വേണ്ടിയുള്ള അവസാന അവസരമാണ്.
നൂറ്റാണ്ടുകളായി നാം ഈയൊരു വിഷയത്തിന് പിറകെയാണ്. എവിടെയാണ് നമുക്ക് പിഴച്ചത്?
കാലാകാലങ്ങളില്‍ ഈ വിഷയം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായിട്ടുള്ള നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അറിവില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. നാലുവര്‍ഷം മുമ്പുവരെ എനിക്കും ഇതിനെക്കുറിച്ച് വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നില്ല. പ്രശ്നപരിഹാരത്തിന് മുന്‍കയ്യെടുക്കേണ്ട കേന്ദ്രസര്‍ക്കാരിന് തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ കക്ഷികളെ പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഡാമുകള്‍ ഉയര്‍ത്തുന്ന സാമൂഹികദുരന്ത ഭീതിയെക്കുറിച്ച് ഒരു പാട് പഠനങ്ങള്‍ നടത്തിയവ്യക്തി എന്ന നിലയില്‍ പ്രശ്നപരിഹാരത്തിന് ഏത് വിധത്തിലാണ് നാം മുന്‍കയെയെടുക്കേണ്ടത്?
പുതിയ ഡാം പണിയുക എന്നതാണ് ഇതിനുള്ള ഏകപരിഹാരമാര്‍ഗം. ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ഡാം സ്ഥിതിചെയ്യുന്നത്. ഇല്ലെങ്കില്‍ ഒരു നൂറുവര്‍ഷം കൂടി ഇത് നിലനിന്നേനെ. പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതായിരിക്കണം. പുതിയ ഡാം വരുന്നതുവരെ എങ്ങനെ ദുരന്തത്തില്‍ നിന്നും മാറി നില്‍ക്കാം എന്നും ചിന്തിക്കണം.വെള്ളത്തിന്റെ അളവ് കുറയ്‌ക്കുകയും അപകടസാധ്യതയുള്ള സമയത്ത് മുന്നറിയിപ്പ് കൊടുത്ത് അവരെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള സൗകര്യം ഒരുക്കുകയും വേണം. പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ അഴിമതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദങ്ങള്‍ ഏങ്ങനെ പരിഹരിക്കപ്പെടും?
തമിഴ്‌നാടിനു വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പുവരുത്തണം. തമിഴ്‌നാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളാണ് കേരളത്തിന്റെ വിശപ്പ് മാറ്റുന്നത്. പക്ഷെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുന്നതും ശരിയല്ല. പ്രശ്നത്തിന്റെ ഗൗരവം ഇനിയും തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വം ഉള്‍ക്കൊണ്ടിട്ടില്ല. നിയമപരമായ ബാധ്യതകള്‍ക്ക് പുറമെ പോകുന്നതിന് പകരം രാഷ്‌ട്രീയ തീരുമാനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. ഇതില്‍ പ്രാദേശിക വികാരം കലര്‍ത്തുന്നിനെ ആശങ്കയോടെയാണ് നാം കാണേണ്ടത്. വികാരപരമായി മറ്റൊരു തലത്തിലേക്ക് പോയാല്‍ തമ്മിലടി ഉണ്ടാകും. കേരളത്തില്‍ അത്രത്തോളമില്ലെങ്കിലും തമിഴ്‌നാട്ടില്‍ ഇതിന് പ്രാദേശിക മാനം വരുന്നുണ്ട്. സാധാരണ ബുദ്ധിവെച്ച് ചിന്തിച്ചാല്‍ പോലും ദുരന്തത്തിന്റെ ഭീകരത മനസിലാക്കുവാന്‍ സാധിക്കും. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിവേകത്തോടെ പ്രതികരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിത്. സിനിമ കണ്ട് തമിഴ്‌നാട്ടില്‍ നിന്നും ഒട്ടനവധി പേര്‍ വിളിച്ചിരുന്നു. തെറ്റിദ്ധരിക്കപ്പെടാത്ത സാധാരണക്കാര്‍ അവിടെ ഉണ്ടെന്നതിനുള്ള തെളിവാണിത്.
സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുയരുകയും നിരോധിക്കുകയും ചെയ്തല്ലോ?
സിനിമ കാണാതെയാണ് തമിഴ്‌നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വം ഇതില്‍ നിന്നും മുതലെടുപ്പു നടത്തുകയാണ്. ചെന്നൈയില്‍ ഞങ്ങളെ പ്രസ്കോണ്‍ഫറന്‍സ് നടത്താന്‍ പോലും അനുവദിച്ചില്ല. നവംബര്‍ 22നാണ് പ്രസ്കോണ്‍ഫറന്‍സ് പ്ലാന്‍ ചെയ്തിരുന്നത്. അന്ന് ഒരുപക്ഷെ എന്റെ ഫ്ലൈറ്റ് ലേറ്റായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അത്രത്തോളം ഭീകരമായിരുന്നു അവിടുത്തെ സ്ഥിതി. ഞാന്‍ സ്റ്റുഡിയോയില്‍ എത്തുന്നതിന് മുമ്പ് എന്റെ ഒരു സുഹൃത്ത് എനിക്ക് വിവരം തന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ഞാന്‍ തിരിച്ചുപോരുകയാണ് ചെയ്തത്. ഡാം സിനിമയുടെതാണെന്ന് കരുതി പ്രതിഷേധക്കാര്‍ അവിടെ ഉണ്ടായിരുന്ന മറ്റൊരു സിനിമയുടെ നെഗേറ്റെവ് കത്തിച്ചുകളയുകയും സ്റ്റുഡിയോ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഡാമിന്റെ പ്രദര്‍ശനം അന്തര്‍ദ്ദേശീയമായി നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം.
ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം എപ്രകാരമാണ്?
ഒരുപാട് പേര്‍ വിളിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം രാജ്യത്ത് ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതില്‍ അവര്‍ സന്തോഷം അറിയിച്ചു. മന്ത്രി പി.ജെ.ജോസഫ് വിളിച്ചിരുന്നു. കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികളെ ഈ ഫിലിം കാണിക്കുമെന്ന് പറഞ്ഞു.
പക്ഷെ വിവാദം ഞങ്ങള്‍ക്ക് നഷ്ടം വരുത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വളരെയധികം സഹായിച്ചു. ഡാം ദുരന്തം കാണാന്‍ വേണ്ടിയാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത്. എന്നാല്‍ സിനിമയുടെ അവസാന ഭാഗങ്ങളില്‍ മാത്രമാണ് അത്തരത്തിലുള്ള സീന്‍ ഉള്ളത്. അതുകൊണ്ട് തന്നെ അവര്‍ നിരാശരാകുന്നു. കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. വികാരപരമായിട്ടാണ് ആളുകള്‍ ചിത്രത്തെ കാണുന്നത് എന്നതുകൊണ്ട് തിയേറ്ററില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നുണ്ട്.
.. .. .. ..
ആശങ്കയുടെ ജലനിരപ്പുയരുകയാണ് മുല്ലപ്പെരിയാറില്‍. അണപൊട്ടിയൊഴുകുന്ന പ്രതിഷേധം തെരുവിലും. ഏത് നിമിഷവും ഡാം തകര്‍ന്നുപോകാമെന്ന് മന്ത്രിയും 30 ലക്ഷം പേരുടെ ഉത്കണ്ഠയാണ് കോടതി നേരിടുന്നതെന്ന് ഹൈക്കോടതിയും. ഇതിനെന്ത് എന്നതിനുത്തരം തേടി പൊതുജനങ്ങളും. മനുഷ്യനെ മനുഷ്യന്‍ നിയന്ത്രിച്ചില്ലെങ്കില്‍ അവനെ പ്രകൃതി നിയന്ത്രിക്കുമെന്ന് ആപ്തവാക്യം. നമുക്കിനി സമയമില്ല; അണപൊട്ടിയൊഴുകും മുമ്പേ അണിചേര്‍ന്ന് തടുത്തീടാം…
സുജിത്. കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: