സുനാമിയായാലും ഭൂകമ്പമായാലും അതിന്റെ ഭീതിയേക്കാള്‍ ആ ഭീകരതയിലെ കൗതുകം അന്വേഷിച്ചുപോവാനാണ് ഒരുവിധപ്പെട്ടവരുടെയെല്ലാം താല്‍പര്യം. അത് വല്ലാത്തൊരു വികാരമാണ്. അലറിക്കുതിച്ചെത്തുന്ന കൊമ്പന്റെ കളികള്‍ കണ്ടുനില്‍ക്കുന്ന അതേ താല്‍പര്യം. അതെന്തോ ആകട്ടെ, നമ്മുടെ വര്‍ത്തമാനകാല ദുരന്തത്തിന് വഴിമരുന്നിട്ട് കാത്തിരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയിലും ഇമ്മാതിരി ചില കൗതുകങ്ങളും ഏടാകൂടങ്ങളും മറ്റും കാണാം. ഉള്ളസമയത്ത് കാല്‍ക്കാശ് ഉണ്ടാക്കാനുള്ള വഴിയന്വേഷിച്ച് നടക്കുന്ന മാധ്യമമഹിതാശയന്മാരും ചില ലൊട്ടുലൊടുക്കുവിദ്യകളും രാഷ്‌ട്രീയ നാടകങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. നേരത്തെ കുറഞ്ഞ അളവിലെങ്കില്‍ ഇപ്പോള്‍ കൂടിയ അളവിലാണെന്ന പ്രത്യേകതയാണുള്ളത്.
മലയാളം ആംഗലേയ ശൈലിയില്‍ പറഞ്ഞ് പഠിപ്പിക്കുന്ന ഇന്ത്യാടുഡെ (ഡിസം.14) അവരുടെ കവര്‍ക്കഥതന്നെ മുല്ലപ്പെരിയാറാണ്. മുല്ലപ്പെരിയാര്‍: ഭീതിയുടെ ഭൂകമ്പങ്ങള്‍ എന്നാണവരുടെ ഭാഷ്യം. സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോള്‍ ദുരന്തം കൈകാര്യം ചെയ്യാന്‍ കേരളം എത്രത്തോളം തയാറാണെന്ന വിശകലനത്തിലേക്കാണ് അവര്‍ പോകുന്നത്. കണക്കുകളുടെ കസര്‍ത്താണ് പലപ്പോഴും അവരുടെ പിടിവള്ളി. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും അങ്ങനെതന്നെ. ദുരന്തമുണ്ടായാല്‍ ആഘാതം കുറയ്‌ക്കാനുള്ള നടപടികള്‍, രാജ്യാന്തര ദുരന്തനിവാരണത്തിന്റെ മാതൃകകള്‍ തുടങ്ങിയ പെട്ടിക്കോളം കുറിപ്പുകളും അങ്ങിങ്ങായുണ്ട്. ആറുപേജ് വിശകലനത്തില്‍, മുല്ലപ്പെരിയാറിന് തൊട്ടടുത്ത പ്രദേശങ്ങളിലെ ജീവിവര്‍ഗത്തിന്റെ മനസ്സമാധാനത്തിനുവേണ്ട കോപ്പുവല്ലതുമുണ്ടോ എന്നു ചോദിച്ചാല്‍ 15 രൂപയ്‌ക്കുള്ള സാധനത്തില്‍ ഇത്രയേ ഉണ്ടാവൂ എന്നു സമാധാനിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് ആകാവുന്നയിടങ്ങളിലൊക്കെ വേണ്ടത്ര കൊട്ടുകൊടുക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍കൊണ്ട് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പച്ചതൊടുമോ എന്നന്വേഷിക്കുന്ന നേതൃത്വത്തിന് കേരളത്തിന്റെ ഠാവട്ടത്തെക്കുറിച്ച് അത്ര വലിയ ഉത്കണ്ഠ ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു സാമ്പിള്‍വെടികണ്ടാലും: രണ്ട് സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ വിളിച്ചുകൂട്ടി സംസാരിക്കുകയെന്നത് പ്രാഥമികമായ കടമയായിട്ടുപോലും കേന്ദ്രസര്‍ക്കാര്‍ ഇതു ചെയ്യാത്തതുകടുപ്പമാണ്.
സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലെ ചില കേന്ദ്രമന്ത്രിമാരാകട്ടെ ഇതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും നിങ്ങള്‍ രണ്ടുപേരും കൂടി കോടതിയിലൂടെയോ പുറത്തോ പരിഹാരം കണ്ടുകൊള്ളുക എന്ന് കൈകഴുകാനും മടിച്ചില്ല. ഈ കൈകഴുകലിനെ ന്യായീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ ശ്രമിച്ചതായിരുന്നു ഏറ്റവും പരിതാപകരം. കേന്ദ്രത്തിന്റെ ഈ ഉദാസീനതയുടെ മുഖ്യകാരണം ഡിഎംകെയുടെ രാഷ്‌ട്രീയ പിന്തുണ ഇല്ലാതെ കേന്ദ്രസര്‍ക്കാരിനു നിലനില്‍ക്കാനാവില്ലെന്നതാകാം. നിലനില്‍പാണ് പ്രശ്നം. പ്രത്യേകിച്ചും 2ജി സ്പെക്ട്രത്തില്‍ കനിമൊഴി- ദയാനിധിമാരന്‍മാര്‍ കുടുങ്ങിയ നിലയ്‌ക്ക് കേന്ദ്രന് ഡിഎംകെയെ കൂടെകകൂട്ടിയേതീരു. ചുളുവില്‍ മുല്ലപ്പെരിയാര്‍ കിട്ടിയ സ്ഥിതിക്ക് ഒഴിവാക്കുവതെങ്ങനെ മാളോരേ.
മുല്ലപ്പെരിയാര്‍ വിഷയം സജീവശ്രദ്ധയാകര്‍ഷിക്കാന്‍ കാരണഭൂതനായ സോഹന്‍ റോയിയുമായി നടത്തിയ അഭിമുഖത്തിലൂടെ കാര്യങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള വൃഥാശ്രമമാണ് ദേശാഭിമാനി വാരിക (ഡിസം.11) നടത്തുന്നത്. ചൂടപ്പംപോലെ വിറ്റഴിയുമെന്ന് കരുതിയാവാം രണ്ടുരൂപ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാറ്റ് നോക്കിവേണം എന്തോ ഒരു സംഗതി ചെയ്യാനെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയാണോ? ആശങ്കയടെ അണയ്‌ക്ക് 125 വയസ് എന്ന കെ.ടി.രാജീവിന്റെ കവര്‍ക്കഥയും കല്‍പ്പാന്തകാലത്തോളം നില്‍ക്കുമോ ഡാം എന്ന സോഹന്‍ റോയിയുമായി എം.പ്രശാന്ത് നടത്തുന്ന അഭിമുഖവും കാഴ്ചവട്ടം വഴി പി.രാജീവിന്റെ നിരീക്ഷണവും ഒക്കെ കൂടി സമൃദ്ധമാവുന്നു വിഭവങ്ങള്‍.
ലോകത്തിലെ വന്‍കിട അണക്കെട്ടുകളില്‍ 85 ശതമാനവും 2020 ആവുമ്പോഴേക്കും കാലാവധി കഴിയും. ഏതാണ്ട് 40,000 അണക്കെട്ടുകളുടെ കാലാവധിയാണ് കഴിയുക. ഈ അണക്കെട്ടുകളെല്ലാം സമയാനുസൃതമായി പുതുക്കി നിര്‍മിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് സോഹന്‍ റോയി പറയുന്നുണ്ട്. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ അണക്കെട്ടുകളുടെ ആയുസ്സ് കൂട്ടിയും കുറച്ചും ആശ്വാസത്തിന്റെ കച്ചിത്തുരുമ്പുകള്‍ തപ്പി നടക്കുമ്പോള്‍ സാദാജനം തീതിന്ന് കഴിയുകതന്നെ വേണ്ടിവരില്ലേ? ഒടുക്കം എല്ലാ അണകളും തകര്‍ന്ന് പ്രളയജലത്തില്‍ മുഴുവന്‍ ഒടുങ്ങുമോ? വീണ്ടും അമീബവഴി ജന്മങ്ങളുണ്ടായി ഇമ്മാതിരി അണക്കെട്ടുകള്‍ കെട്ടാനാവുമോ മനുഷ്യന്റെ ഗതി? അതിനെയാണോ ലോകാവസാനം എന്നു പറയുക? ചാക്രികപ്രവര്‍ത്തനത്തിന്റെ ഏതെങ്കിലും അരികില്‍ ഇത്തിരി സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കാമോ? പ്രതീക്ഷയുടെ വരമ്പത്താണല്ലോ നമ്മുടെയൊക്കെ ജീവിതം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രീതിശാസ്ത്രമാണ് ഇനി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിലനീക്കങ്ങളും തന്ത്രങ്ങളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ജീവന്‍വെപ്പിച്ച സംഭവഗതികള്‍ ചൂണ്ടിക്കാട്ടുന്നതാണ് കെ.ടി.രാജീവിന്റെ ലേഖനം. ആധികാരിക രേഖകളിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണമായാലും ചേരുംപടി ചേര്‍ക്കാന്‍ രാജീവ് ശ്രമിച്ചിരിക്കുന്നു. അജണ്ടാധിഷ്ഠിത കാഴ്ചപ്പാട് തുലോം വിരളമാണിതില്‍. പി.രാജീവ് എം.പിയുടെ പംക്തിയിലെ നിരീക്ഷണങ്ങള്‍ പതിവുപോലുള്ള രാഷ്‌ട്രീയാഭ്യാസം തന്നെ.
അണക്കെട്ടിന്റെ ആഴവും അത് പരത്തുന്ന ഭീതിയും ഒരു യുദ്ധത്തിന്റെ ആകാരവടിവിലൂടെ ഓര്‍ത്തുനോക്കിയാല്‍ എങ്ങനെയിരിക്കും? ജെ.ആര്‍.എഴുത്തച്ഛന്‍ മാധ്യമം ആഴ്ചപ്പതിപ്പി (ഡിസം.12)ലെഴുതിയ അണയും ഭയവും പോലിരിക്കും. 1970ല്‍ കേരളസര്‍ക്കാര്‍ കാണിച്ച ആനമണ്ടത്തമാണ് ഇന്ന് ജലബോംബായി മലയാളികളെ (സുരക്ഷാകവചത്തിലുളളവര്‍ മാപ്പാക്കണം) തുറിച്ചുനോക്കുന്നത്. എഴുത്തച്ഛന്‍വക നാലുവരികണ്ടാലും: 1947ല്‍ സായിപ്പ് ഇന്ത്യവിട്ടു. 1950ല്‍ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി. അതോടെ സായിപ്പുണ്ടാക്കിയ നിയമങ്ങളും കരാറുകളുമെല്ലാം അപ്രസക്തമായി. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് സായിപ്പ് രാജാവുമായുണ്ടാക്കിയ കരാറും തത്വത്തില്‍ അതോടെ മരിച്ചുമരവിച്ചു. എങ്കിലും (ഇന്നത്തെ) തമിഴ്‌നാട് വെള്ളമെടുക്കുന്നത് തുടര്‍ന്നുവന്നു. അണയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള 1970 ആകുമ്പോഴേക്കും തമിഴ്‌നാടിന് ആകെ അവകാശപ്പെടാന്‍ ഉണ്ടായിരുന്നത് കൈവശാവകാശമായിരുന്നു. അതാണെങ്കില്‍, ഒരു കോടതിയും അംഗീകരിക്കാന്‍ സാധ്യതയില്ലാത്തതും. അങ്ങനെ, കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായ ഒരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആനമണ്ടത്തം കാണിച്ചത്. 20 വര്‍ഷം മുമ്പ് മരിച്ചു മണ്ണടിഞ്ഞ കരാറിനെ പുനരുജ്ജീവിപ്പിച്ച് സര്‍ക്കാര്‍ 1970ല്‍ തമിഴ്‌നാടിന്റെ താലത്തില്‍ വെച്ചുകൊടുത്തു. തമിഴ് ജനതക്ക് അവരുടെ നാടിനോടുള്ള സ്നേഹം കേരളീയര്‍ക്ക് കേരളത്തിനോടില്ലെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയ്‌ക്കല്‍ പോകേണ്ടതുണ്ടോ? പ്രലോഭനത്തിന്റെ വിലോഭനീയ നിമിഷങ്ങള്‍ ഏത് ഏജിയേയും ചഞ്ചലപ്പെടുത്തുമെന്ന് ആര്‍ക്കാണറിയാത്തത്.
മുല്ലപ്പെരിയാറിന് പകരം പുതിയൊരു അണയാണോ പ്രതീക്ഷിക്കുന്നത്? അത് പരിഹാരമല്ലെന്ന് പറയുന്നു നമ്മുടെ പ്രകൃതിസ്നേഹി സി.ആര്‍.നീലകണ്ഠന്‍. ബോധ്യപ്പെടുത്താന്‍ പോന്നനിലപാടാണ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പി (ഡിസം 11) ലെ ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ജെ.ആര്‍.എഴുത്തച്ഛന്‍ ചൂണ്ടിക്കാട്ടിയ ആനമണ്ടത്തം കൂടുതല്‍ തെളിച്ചത്തോടെ നീലകണ്ഠന്‍ വിശദമാക്കുന്നുമുണ്ട്. നോക്കുക: ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ബാലറ്റിലൂടെ അധികാരത്തിലേറ്റാന്‍ കഴിയുംവിധം രാഷ്‌ട്രീയ ബോധവും സമ്പൂര്‍ണസാക്ഷരതയുമുള്ള കേരളത്തില്‍ ജനാധിപത്യത്തിലൂടെ അധികാരമേറ്റ ഒരു സര്‍ക്കാര്‍ മേല്‍പറഞ്ഞ കരാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ചുവെന്നത് എങ്ങനെ ന്യായീകരിക്കാനാവും! 1970 കളില്‍, കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരിയെന്ന് പ്രശസ്തനായ സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇതുണ്ടായത്. ഈ കരാറിന്റെ സാംഗത്യം ചോദ്യം ചെയ്യാന്‍ അന്ന് കേരളം തയാറായില്ലെന്നു മാത്രമല്ല ഈ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ (ഉപയോഗിക്കാന്‍ എന്നാണ് അച്ചടിച്ചത്.) അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഈ അനുമതി നല്‍കുമ്പോള്‍ത്തന്നെ അണക്കെട്ടിന് 77 വയസ്സ് പ്രായമുണ്ടായിരുന്നുവെന്നും ഓര്‍ക്കാം. എല്ലാം നമുക്ക് ഓര്‍ത്തിരിക്കാം. ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന് പറയുന്നത് അതിനാണല്ലോ. ചപ്പാത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന ബിജിമോളും ഇതൊക്കെ ഓര്‍ത്തുവെക്കട്ടെ.
തൊട്ടുകൂട്ടാന്‍
എന്താ എല്ലാചോദ്യങ്ങളും
എന്നോടുമാത്രമെന്നു
അപ്പോഴൊക്കെയും
വെറുതെ ഓര്‍ത്തുകാണും.
ഇനിയിവിടെബാക്കി
ഞാന്‍ മാത്രമേയുള്ളു
എന്നുണ്ടോ ആവോ ?
വി.ജയദേവ്
കവിത : മാറാട്ടം
മാതൃകാന്വേഷിമാസിക, ചെന്നൈ
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: