തീരെ കുറഞ്ഞ വൈദ്യുതി ചെലവ്. കണ്ണഞ്ചിപ്പിക്കുന്ന പാല്‍വെളിച്ചം. വില അല്‍പ്പം കൂടിയാലും ഗുണം ഏറുമെന്ന വിശ്വാസം-അങ്ങനെയാണ് സിഎഫ്‌എല്‍ വിളക്കുകളെ നാം നെഞ്ചേറ്റിയത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തോമസ് അല്‍വാ എഡിസന്‍ കണ്ടുപിടിച്ചു തന്ന ബള്‍ബുകളെ അങ്ങനെ നാം കുപ്പയിലെറിഞ്ഞു. വെളിച്ചത്തിന്റെ പാലാഴിയില്‍ നീന്തിത്തുടിച്ചു. ഇന്ന് ലോകമെങ്ങും കോടിക്കണക്കിന് സിഎഫ്‌എല്‍ വിളക്കുകള്‍ പ്രഭ പരത്തുകയാണ്. പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന വെളിച്ചം എന്ന വിശേഷണവും അവയ്‌ക്കുണ്ട്.
പക്ഷേ ഓരോ ബള്‍ബിന്റെയുള്ളിലും ഒരു അപകടകാരി പതിയിരിക്കുന്നു. അവന്റെ സാന്നിധ്യമില്ലെങ്കില്‍ പാല്‍വെളിച്ചം പരക്കില്ല. വെളിച്ചത്തിന്റെ പാലാഴിയിലെ കറുപ്പിന്റെ ആ കാളകൂടം അറിയപ്പെടുന്നത് ‘രസം’ അഥവാ ‘മെര്‍ക്കുറി’ എന്ന പേരില്‍. ഉപയോഗം കഴിഞ്ഞ് കുപ്പയിലേക്ക് വലിച്ചെറിയുന്ന ഓരോ സിഎഫ്‌എല്‍ വിളക്കിലും ചുരുങ്ങിയത് അഞ്ച് മില്ലിഗ്രാം മെര്‍ക്കുറിയെങ്കിലുമുണ്ട്. ഓരോ വര്‍ഷവും ഉപയോഗശൂന്യമായി മാറുന്നത് ദശലക്ഷക്കണക്കിന് വിളക്കുകള്‍ അവയിലോരോന്നിലും അഞ്ച് മില്ലി മെര്‍ക്കുറി. അപ്പോള്‍ വിളക്കുകളില്‍നിന്ന് അന്തരീക്ഷത്തിലെത്തുക എത്ര ടണ്‍ മെര്‍ക്കുറിയെന്ന് നാം മനക്കണക്ക് കൂട്ടുക.
മെര്‍ക്കുറി ഒന്നാം തരം ന്യൂറോടോക്സിനാണ്. അതായത് തലച്ചോറിനേയും നാഡി ഞരമ്പുകളേയും ബാധിക്കുന്നവിഷം. ശരീരത്തില്‍ അര്‍ബുദത്തിന്റെ വിത്തെറിയാന്‍ കരുത്തുറ്റ വിഷം. തോടിലും തൊടിയിലും പൊട്ടിച്ചിതറുന്ന സിഎഫ്‌എല്‍ വിളക്കുകളില്‍നിന്ന് മെര്‍ക്കുറി മണ്ണിലും ജലത്തിലും വായുവിലും ക്രമേണ പരക്കും. മീനിനും മനുഷ്യനുമൊക്കെ വിനയാകും.
മെര്‍ക്കുറി ഒരു ഘനലോഹമാണ്. തിളങ്ങുന്ന നിറവും ചലിക്കാനുള്ള ശേഷിയുമുള്ള ഘനലോഹം. സിന്നബാര്‍ എന്ന അയിര്‍ ശക്തമായ വായു പ്രവാഹത്തില്‍ വറുത്തെടുത്താണ് മെര്‍ക്കുറി നിര്‍മിക്കുന്നത്. സിഎഫ്‌എല്‍ അഥവാ കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കൂടിയേ തീരൂ. പക്ഷേ ഉപയോഗം കഴിഞ്ഞ മെര്‍ക്കുറി സംസ്കരിക്കാനും സംഭരിക്കാനും ഇവിടെ സംവിധാനമില്ല. നെഗേറ്റെവ് പ്രഷര്‍ വെന്റിലേഷന്‍ സാങ്കേതികവിദ്യയില്‍ അരിപ്പ (ഫില്‍റ്റര്‍)കൊണ്ട് മെര്‍ക്കുറിയെ വലിച്ചെടുക്കുന്ന സംവിധാനം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്. പല രാജ്യങ്ങളിലും സിഎഫ്‌എല്‍ ബള്‍ബുകള്‍ ഉപയോഗ ശൂന്യമാകുമ്പോള്‍ തിരികെ വാങ്ങി അപകടരഹിതമായി സംസ്ക്കരിക്കേണ്ടതിന്റെ ഉത്തരവാദിത്തം നിര്‍മാതാവിനാണ്. അതിനുള്ളപണം കൂടി ചേര്‍ത്ത് അവര്‍ ബള്‍ബുകള്‍ക്ക് വില നിശ്ചയിക്കുന്നു. ശേഖരിക്കുന്ന ബള്‍ബുകള്‍ പുനര്‍ചംക്രമണം നടത്താനുള്ള സൗകര്യം ഉണ്ടാക്കേണ്ടതും ഈ നിര്‍മാതാക്കളുടെ ബാധ്യതയാണ്.
സാധാരണ 25 വാട്സ് വരെ തീവ്രതയുള്ള സിഎഫ്‌എല്‍ വിളക്കില്‍ നാല് മില്ലിഗ്രാമില്‍ താഴെ മെര്‍ക്കുറി മാത്രമേ അനുവദിക്കാറുള്ളൂ. എന്നാല്‍ അതിലും താഴെ വൈദ്യുതി ഉപയോഗിക്കുന്ന ചില ബള്‍ബുകളില്‍ നിശ്ചയിച്ചതിന്റെ മൂന്നുംനാലും ഇരട്ടി മെര്‍ക്കുറി അടങ്ങിയിട്ടുള്ളതായി ആരോപിക്കപ്പെടുന്നു. പക്ഷെ ഒരു കാര്യം നാം മറക്കരുത്. ഒരു ബള്‍ബിലെ അഞ്ച് മില്ലിഗ്രാം രസത്തിന് 6000 ഗ്യാലന്‍ കുടിവെള്ളം വിഷമയമാക്കാന്‍ കഴിയും. ഏറ്റവും സുരക്ഷിതമായി നിര്‍മിച്ച വിളക്കിലെ ഏറ്റവും കുറഞ്ഞ അളവ് മെര്‍ക്കുറിക്ക് 1000 ഗ്യാലന്‍ ജലമെങ്കിലും മലിനമാക്കാനാവും.
അന്തരീക്ഷത്തില്‍ സ്വതന്ത്രമാക്കപ്പെടുന്ന മെര്‍ക്കുറി മൂന്ന് രൂപത്തില്‍ മനുഷ്യനെ തേടിയെത്തും. മൂലക കൂപം, കാര്‍ബണികം, അകാര്‍ബണികം എന്നിങ്ങനെ. അകാര്‍ബണിക രാസക്കൂട്ടുകള്‍ കുടലിലൂടെയാണ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുക. അവ രക്തത്തില്‍ ലയിച്ച് പ്ലാസ്മാ പ്രോട്ടീനുകളുമായി ചങ്ങാത്തത്തിലാവും. എന്നാല്‍ കാര്‍ബണിക മെര്‍ക്കുറി രാസ സംയുക്തങ്ങളാണ് കൊടും ഭീകരര്‍. അവയിലെ ആല്‍ക്കൈല്‍ വിഭാഗത്തില്‍ പെടുന്ന മീതൈല്‍ മെര്‍ക്കുറി, ഡൈമീതൈല്‍ മെര്‍ക്കുറി തുടങ്ങിയവ മണ്ണിനും മീനിനും മനുഷ്യനുമൊക്കെ എണ്ണിയാലൊടുങ്ങാത്ത രോഗപീഡകള്‍ സമ്മാനിക്കുന്നു. ദുഷിച്ച ജലത്തില്‍ ഏത് രൂപത്തിലുള്ള മെര്‍ക്കുറിയും മീതൈല്‍ മെര്‍ക്കുറിയായി പരിണമിക്കും. വ്യവസായ മേഖലയില്‍ പെരിയാറ്റില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങളില്‍ ഈ രാസസംയുക്തത്തിന്റെ സാന്നിദ്ധ്യം പലവട്ടം കണ്ടെടുത്തിട്ടുണ്ട്.
മേല്‍മണ്ണിലും നദിയുടെ അടിത്തട്ടിലും അഴിമുഖത്തും അടിഞ്ഞുകൂടുന്ന മെര്‍ക്കുറി ജലസേചനം നടത്തുമ്പോള്‍ സസ്യങ്ങളില്‍ കയറിപ്പറ്റും. സമ്പര്‍ക്കത്തിലൂടെ മത്സ്യങ്ങളില്‍ കടന്നുകയറും. അങ്ങനെ ഒടുവില്‍ മനുഷ്യനിലും ‘ബയോ മാഗ്നിഫിക്കേഷന്‍’ അഥവാ ജൈവ സാന്ദ്രീകരണത്തിലൂടെയാണ് മെര്‍ക്കുറി മനുഷ്യനിലെത്തുന്നത്. ചുവന്ന രക്താണുവാണ് അവന്റെ ആദ്യ ഇര. കരളിലാണ് അവന്റെ താമസകേന്ദ്രം. ഒപ്പം തലച്ചോറില്‍ സാന്നിദ്ധ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെയാണ് നാഡി-ഞ്ഞരമ്പു രോഗങ്ങള്‍ ഉണ്ടാവുന്നത്. തലമുടി പരിശോധിച്ചാല്‍പോലും കണ്ടെത്താം മെര്‍ക്കുറിയുടെ സാന്നിദ്ധ്യം. കല്‍ക്കരി താപനിലയങ്ങളില്‍നിന്നും അന്തരീക്ഷത്തില്‍ മെര്‍ക്കുറി മലിനീകരണം ഉണ്ടാവുന്നുണ്ട്.
മെര്‍ക്കുറി മലിനീകരണം മൂലം ഒരു നാട്ടിലെ മനുഷ്യരാകെ രോഗബാധിതരായതും ഏറെപ്പേര്‍ മരിച്ചതുമായ ഒരു സംഭവം കൂടെ നാം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും-മീനാമാതാ ദുരന്തം. മെര്‍ക്കുറി വിഷബാധകൊണ്ട് കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന മാരകമായ രോഗത്തിന് നല്‍കിയിരിക്കുന്ന പേരും ഇതുതന്നെ. മീനാമാതാ രോഗം. ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജപ്പാനിലെ ക്വഷു കടല്‍ത്തീരത്തുള്ള മീനാമാതാ എന്ന മുക്കുവ ഗ്രാമത്തില്‍നിന്നാണ്.
പ്ലാസ്റ്റിക് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി 1907 ല്‍ ആ മീന്‍ പിടുത്ത ഗ്രാമത്തില്‍ തുടങ്ങി. വ്യവസായശാലയിലെ പ്രധാന രാസ ഉത്പ്രേരകം മെര്‍ക്കുറി. മലിനജലം തള്ളിയത് മീനമാതാ ഉള്‍ക്കടലിലേക്ക്. വര്‍ഷം 10 കഴിഞ്ഞപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിത്തുടങ്ങി. തുടര്‍ന്ന് മീന്‍ തിന്ന കടല്‍കാക്കകള്‍ ചത്തുവീണു. മത്സ്യം കഴിച്ച പട്ടിയും പൂച്ചയും മദ്യപിച്ചതുപോലെ ആടിക്കുഴഞ്ഞ് വീണ് മരിച്ചതായിരുന്നു അടുത്ത സേ#ംഭവം. ഏറ്റവുമൊടുവിലായി മനുഷ്യരും. കൈകാലുകളുടെ വിറയല്‍, പേശി നിശ്ചലമാകുക, പക്ഷാഘാതം, സംസാരം അവ്യക്തമാക്കുക, കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുക തുടങ്ങി ഒരുപാട് ലക്ഷണങ്ങളായിരുന്നു രോഗബാധിതരായ നാട്ടുകാര്‍ക്ക്.
കാരണം കണ്ടെത്തി വന്നപ്പോഴേക്കും ഏറെ മനുഷ്യര്‍ മരിച്ചുവീണു കഴിഞ്ഞിരുന്നു. കടല്‍ത്തട്ടില്‍ അടിഞ്ഞുകൂടിയ മെര്‍ക്കുറി മത്സ്യങ്ങളിലൂടെ മനുഷ്യരിലെത്തിയാണ് മീനാമാതയില്‍ സംഹാരതാണ്ഡവമാടിയത്. പിറക്കാനിരുന്ന കുഞ്ഞുങ്ങളെപ്പോലും വിഷം വെറുതെ വിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ഉഗ്രമായ പ്രക്ഷോഭത്തിന്റെ ഫലമായി കനത്ത തുക അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പക്ഷേ അതിന് 1995 വരെ കാത്തിരിക്കേണ്ടിവന്നു. മിനാമാതാ ദുരന്തം ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ ‘മീനാ മാതാ രോഗം’ ഗവേഷകരുടെ പാഠ്യവിഷയമായി മാറി. അത് പഴയ കഥ.
കഥ വീണ്ടും തുടരുകയാണ്. കുമിള്‍ നാശിനികളിലൂടെ താപനിലയങ്ങളിലൂടെ ഒക്കെ മെര്‍ക്കുറി മനുഷ്യനെ തേടി വരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഫ്‌എല്‍ വിളക്കുകള്‍. നമുക്ക് ചെയ്യാനുള്ളത് ഒരു കാര്യം മാത്രം. മെര്‍ക്കുറിയില്ലാത്ത വിളക്കുകള്‍ ഗവേഷകര്‍ രൂപപ്പെടുത്തുംവരേക്ക് അല്‍പ്പം ശ്രദ്ധ-ഉപയോഗ ശൂന്യമായ ഇത്തരം വിളക്കുകള്‍ പാടത്തും പറമ്പിലും വലിച്ചെറിയാതിരിക്കുക. അതിലെ കാളകൂടത്തിനെ പുറത്തുചാടാന്‍ അനുവദിക്കാതിരിക്കുക.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: